സിനിമ പ്രേമികൾക്ക് വൻ വിരുന്നാണ് ഇന്ന് ഒ.ടി.ടി ഒരുക്കിവെക്കുന്നത്. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, ബംഗാളി തുടങ്ങി നിരവധി ഭാഷകളിലെ മികച്ച സിനിമകളാണ് ഇന്ന് ഡിജിറ്റൽ സ്ട്രീമിങ് ആരംഭിച്ചത്. അത് ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം
മാരീശൻ
ഫഹദ് ഫാസിലിന്റെയും വടിവേലുവിന്റെയും ഗംഭീര പ്രകടനം കണ്ട സിനിമയായിരുന്നു മാരീശൻ. സുധീഷ് ശങ്കറാണ് മാരീശന്റെ സംവിധാനം നിർവഹിച്ചത്. മാമന്നന് ശേഷം ഫഹദും വടിവേലുവും ഒന്നിച്ച ചിത്രം ജൂലൈ 25ന് തിയേറ്ററുകളിലെത്തിയപ്പോൾ മികച്ച പ്രതികരണമായിരുന്നു നേടിയത്. നെറ്റ്ഫ്ലിക്സിലൂടെ ഇന്ന് (ഓഗസ്റ്റ് 22) മാരീശന്റെ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്.
തലൈവൻ തലൈവി
വിജയ് സേതുപതിയും നിത്യ മേനനും തകർത്തഭിനയിച്ച സിനിമയായിരുന്നു തലൈവൻ തലൈവി. കോമഡിക്കും പ്രണയത്തിനും ഒരുപോലെ പ്രാധാന്യം കൊടുത്ത ചിത്രം തിയേറ്ററുകളിൽ വമ്പൻ ഹിറ്റായിരുന്നു. പാണ്ടിരാജ് രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രവും മാരീശനോടൊപ്പം ജൂലൈ 25നാണ് റിലീസ് ചെയ്തത്. ആമസോൺ പ്രൈം വീഡിയോയിലാണ് തലൈവൻ തലൈവി ഇപ്പോൾ സ്ട്രീം ചെയ്യുന്നത്.
മാ (Maa)
മിത്തോളജിക്കൽ ഹൊറർ ത്രില്ലറായി അണിയിച്ചൊരുക്കിയ ചിത്രമാണ് മാ. കാജോൾ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം സംവിധാനം ചെയ്തത് വിശാൽ ഫൂരിയയാണ്. ഇന്ന് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം ഒ.ടി.ടിയിലെത്തി.
എഫ്1: ദി മൂവി
ഈ വർഷത്തെ ഏറ്റവും വലിയ വിജയമായി മാറിയ ചിത്രമാണ് എഫ്1: ദി മൂവി. ലോകത്താകമാനം ആരാധകരെ സ്വന്തമാക്കാൻ കഴിഞ്ഞ ഈ ചിത്രം അടുത്തിടെ വന്ന് മികച്ച തിയേറ്റർ എക്സ്പീരിയൻസ് നൽകിയ സിനിമയാണ്. ബ്രാഡ് പിറ്റ് കേന്ദ്രകഥാപാത്രമായെത്തിയ ഈ ചിത്രം ഇന്ന് മുതൽ ആമസോൺ പ്രൈം വീഡിയോയിൽ വാടകയ്ക്ക് ലഭ്യമാകും. പിന്നീട് ആപ്പിൾ ടി.വി+ ലും ഇത് സ്ട്രീം ചെയ്യും.
പീസ്‌മേക്കർ സീസൺ 2
ഹോളിവുഡ് സിനിമാപ്രേമികളുടെ പ്രിയങ്കരനായ ജോൺ സീന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഏറ്റവും പുതിയ സീരീസാണ് പീസ്‌മേക്കർ സീസൺ 2. ജോൺ സീനയോടൊപ്പം ഡാനിയൽ ബ്രൂക്ക്സ്, ഫ്രെഡി സ്ട്രോമ, ജെന്നിഫർ ഹോളണ്ട്, ഫ്രാങ്ക് ഗില്ലോ, ടിം മെഡോസ്, മൈക്കിൾ റൂക്കർ തുടങ്ങിയവരും സീരീസിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ഇന്ന് ജിയോഹോട്ട്സ്റ്റാറിലൂടെ സീരീസ് പ്രേക്ഷകർക്ക് മുമ്പിലേക്കെത്തി.
അമർ ബോസ്
രാഖി ഗുൽസാർ അഭിനയിച്ച ബംഗാളി സിനിമയാണ് അമർ ബോസ്. സുഭാഷിഷ് ചൗധുരി സംവിധാനം ചെയ്ത ചിത്രം സീ5ൽ ഇന്ന് റിലീസ് ചെയ്തു.
Content Highlight: New OTT Release Today