| Saturday, 19th July 2025, 8:48 am

ദൽഹി ഭരിച്ച ഏക മുസ്‌ലിം വനിതാ ഭരണാധികാരിയെ വെട്ടി എന്‍.സി.ഇ.ആര്‍.ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: പാഠപുസ്തകങ്ങളിൽ നിന്നും ദൽഹി ഭരിച്ച ഏക മുസ്‌ലിം വനിതാ ഭരണാധികാരിയായ റസിയ സുല്‍ത്താന്റെയും മുഗള്‍ കാലഘട്ടത്തിലെ ഭരണാധികാരിയായ നൂര്‍ ജഹാന്റെയും ചരിത്രം ഒഴിവാക്കി എന്‍.സി.ഇ.ആര്‍.ടി. ഈ വര്‍ഷം പുറത്തിറക്കിയ പുതുക്കിയ എട്ടാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം പാഠപുസ്തകത്തില്‍ നിന്നാണ് പാഠഭാഗം ഒഴിവാക്കിയത്.

നേരത്തെ ഏഴാം ക്ലാസിൽ ദൽഹി സുൽത്താനേറ്റിനെയും മുഗളന്മാരെയും കുറിച്ച് വിദ്യാർത്ഥികളെ പഠിപ്പിച്ചിരുന്നു. എന്നാൽ പുതുക്കിയ ഏഴാം ക്ലാസ് പാഠപുസ്തകങ്ങൾ പന്ത്രണ്ടാം നൂറ്റാണ്ടിന് മുമ്പ് വരെയുള്ള ചരിത്രങ്ങളാണ് പഠിപ്പിക്കുന്നത്. ഇതോടെ ദൽഹി സുല്‍ത്താനേറ്റിനെ കുറിച്ചും മുഗള്‍ കാലഘട്ടത്തെക്കുറിച്ചും എട്ടാം ക്ലാസ് പാഠപുസ്തകത്തിന്റെ ഒന്നാം ഭാഗത്തിൽ ഉൾപ്പെടുത്തി.

ഇവയാണ് ഇപ്പോൾ എടുത്തുകളഞ്ഞിരിക്കുന്നത്. എട്ടാം ക്ലാസിലെ സാമൂഹ്യശാസ്ത്രം പാഠഭാഗത്തിൽ 1236ൽ ഭരണാധികാരിയായി (സുൽത്താൻ) സ്ഥാനമേറ്റ റസിയയെ കുറിച്ച് പഠിപ്പിച്ചിരുന്നു. 1236ൽ ഭരണാധികാരിയായി സ്ഥാനമേറ്റ റസിയ 1240 വരെ ഭരണം തുടർന്നു. റസിയ തന്റെ എല്ലാ സഹോദരന്മാരേക്കാളും കഴിവുള്ളവളും യോഗ്യതയുള്ളവളും ആയിരുന്നുവെന്ന് പാഠഭാഗത്തിൽ പറഞ്ഞിരുന്നു.

പഴയ പാഠപുസ്തകത്തില്‍ ദൽഹി സുല്‍ത്താനേറ്റ് കാലഘട്ടത്തെ കുറിച്ചും മുഗള്‍ കാലഘട്ടത്തെക്കുറിച്ചും രണ്ട് അധ്യായങ്ങളായിരുന്നു ഉണ്ടായത്. ദൽഹി ഭരിച്ച ഏക വനിതാ മുസ്‌ലിം ഭരണാധികാരിയും, സുല്‍ത്താന്‍ ഇല്‍തുത്മിഷിന്റെ മകളുമായ റസിയ സുല്‍ത്താന് വേണ്ടി മാത്രം ഒരു ഭാഗം ഈ പാഠഭാഗത്ത് മാറ്റിവെച്ചിരുന്നു. എന്നാല്‍ ഈ ഭാഗമാണ് ഇപ്പോള്‍ പൂര്‍ണമായും ഒഴിവാക്കിയിരിക്കുന്നത്.

സമാനരീതിയിൽ ജഹാംഗീര്‍ ചക്രവര്‍ത്തിയുടെ പങ്കാളി നൂര്‍ ജഹാന്റെ പേരില്‍ വെള്ളി നാണയങ്ങളുണ്ടാക്കിയതും സീലുകളുണ്ടാക്കിയതും അവര്‍ക്ക് ജഹാംഗീര്‍ കൊട്ടാരത്തിലുണ്ടായിരുന്ന സ്വാധീനത്തെ കുറിച്ചുമുള്ള ഭാഗങ്ങളും ഒഴിവാക്കപ്പെട്ടിട്ടുണ്ട് . മുഗള്‍ കാലത്തെക്കുറിച്ച് പറയുന്ന അധ്യായത്തില്‍ ഇപ്പോള്‍ ഗര്‍ഹ രാജവംശത്തിലെ രാജ്ഞി റാണി ദുര്‍ഗാവതിയുടെ പാഠഭാഗമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 1564ല്‍ തന്റെ രാജ്യം ആക്രമിക്കാനുള്ള മുഗള്‍ ചക്രവര്‍ത്തി അക്ബറിന്റെ ശ്രമത്തിനെതിരെ ധൈര്യത്തോടെ തന്റെ സേനയെ നയിച്ചവളെന്നാണ് ഈ ഭാഗത്ത് സൂചിപ്പിച്ചിരിക്കുന്നത്. കൂടാതെ മൂന്നാം അധ്യായത്തില്‍ താരാബായ്, ആലിയാഭായ് ഹോള്‍ക്കര്‍ എന്നിവരുടെ ഭാഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൂടാതെ മൈസൂർ കടുവ എന്ന് അറിയപ്പെടുന്ന ടിപ്പു സുൽത്താനെക്കുറിച്ചുള്ള പരാമർശവും ഒഴിവാക്കിയിട്ടുണ്ട്. ടിപ്പു സുൽത്താനും ബ്രിട്ടീഷുകാരും തമ്മിൽ പതിനെട്ടാം നൂറ്റാണ്ടിൽ നടന്ന നാല് ആംഗ്ലോ-മൈസൂർ യുദ്ധങ്ങളെക്കുറിച്ചുള്ള പാഠങ്ങളും പുതിയ പാഠപുസ്തകത്തിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പിതാവ് ഹൈദര്‍ അലിയെക്കുറിച്ചുള്ള ഭാഗവും കളഞ്ഞിട്ടുണ്ട്. എന്നാല്‍ 1775 മുതല്‍ 1818 വരെയുള്ള ആംഗ്ലോ-മറാത്ത യുദ്ധത്തിന് വലിയ പ്രാധാന്യം നല്‍കിയിട്ടുമുണ്ട്.

പുതിയ പാഠപുസ്തകത്തിൽ മറാത്ത സാമ്രാജ്യത്തെക്കുറിച്ചുള്ള ഭാഗം വിപുലീകരിച്ചിട്ടുണ്ട്. ശക്തരായ മറാത്ത സ്ത്രീകൾ എന്ന തലക്കെട്ടുള്ള ഒരു ഭാഗത്തിൽ താരാബായിയെ ‘നിർഭയ യോദ്ധാവായ രാജ്ഞി’ എന്ന് പരാമർശിക്കുന്നു.

Content Highlight: New NCERT Textbook Omits Reference to Raziyya Sultan, Nur Jehan

We use cookies to give you the best possible experience. Learn more