| Saturday, 6th June 2026, 6:46 pm

മലബാറില്‍ വിപുലീകരണവുമായി ലുലു; ഫോക്കസ് മാളില്‍ പുതിയ ലുലു ഡെയ്‌ലി തുറന്നു

ബിസിനസ് ഡെസ്‌ക്‌

കോഴിക്കോട്: ഫോക്കസ് മാളില്‍ പുതിയ ലുലു ഡെയ്‌ലി പ്രവര്‍ത്തനം ആരംഭിച്ചു. 15,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഒരുക്കിയിരിക്കുന്ന ലുലു ഡെയിലി, കേരളത്തിലെ ലുലുവിന്റെ പത്താമത്തെയും ഇന്ത്യയിലെ പത്തൊന്‍മ്പതാമത്തെയും കോഴിക്കോട് നഗരത്തിലെ രണ്ടാമത്തേയും സ്റ്റോറാണ്. ലുലു ബ്രാഞ്ച് കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ ഡെയ്‌ലി പ്രവര്‍ത്തനം ആരംഭിച്ചത്.

കോഴിക്കോട് മാങ്കാവിലെ നിലവിലുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന് ലഭിച്ച മികച്ച ഉപഭോക്തൃ സ്വീകാര്യതയ്ക്ക് പിന്നാലെയാണ് കോഴിക്കോട് നഗരത്തില്‍ ലുലുവിന്റെ പ്രവര്‍ത്തന വിപുലീകരണം. പുതിയ ലുലു ഡെയ്‌ലിയില്‍ ഏകദേശം 200ലധികം പേര്‍ക്ക് തൊഴിലവസരവും ഒരുക്കുന്നുണ്ട്. ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ. അഷറഫലിയുടെ സാന്നിധ്യത്തില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഒ. സദാശിവന്‍ ലുലു ഡെയ്‌ലിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ദൈനംദിന ഉത്പന്നങ്ങള്‍ ഒരു കുടക്കീഴില്‍ എത്തിക്കുന്ന ലുലു ഡെയ്‌ലി എന്ന പദ്ധതിക്ക് എല്ലാ ആശംസകളും അദ്ദേഹം നേര്‍ന്നു.

പ്രാദേശിക തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനോടൊപ്പം മികച്ച ഗുണനിലവാരമുള്ള ഫ്രഷ് ഫുഡും ഗ്രോസറി ഉത്പന്നങ്ങളും ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്നതാണ് ലുലുവിന്റെ ലക്ഷ്യമെന്ന് എം.എ അഷറഫലി വ്യക്തമാക്കി.

മലബാര്‍ മേഖലയില്‍ പത്തിലധികം പുതിയ പ്രോജക്ടുകള്‍ ലുലു പദ്ധതിയിട്ടിട്ടുണെന്നും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും എം.എ. അഷറഫ് അലി വ്യക്തമാക്കി. ഫോക്കസ് മാളിലെ പുതിയ ലുലു ഡെയ്‌ലി പ്രാദേശിക സാമ്പത്തിക മേഖലയ്ക്ക് കരുത്തുപകരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അന്താരാഷ്ട്ര ശുചിത്വ-ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിച്ചാണ് ലുലു ഡെയ്‌ലിയുടെ പ്രവര്‍ത്തനം. ഫാമുകളില്‍ നിന്ന് നേരിട്ട് എത്തിക്കുന്ന ഗുണനിലവാരമുള്ള പഴങ്ങളും പച്ചക്കറികളും, മത്സ്യ-മാംസ ഉത്പന്നങ്ങള്‍, ബേക്കറി വിഭവങ്ങള്‍, കൂടാതെ ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള സമഗ്രമായ ഗ്രോസറി ശ്രേണിയും ലഭ്യമാകും.

വീട്ടിലേക്ക് ആവശ്യമായ എല്ലാ ഉത്പന്നങ്ങളും അണിനിരത്തിയാണ് ലുലു ഡെയിലിയുടെ പ്രവര്‍ത്തനം. ലുലു ഡെയ്‌ലിയില്‍ ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം ടീ സ്റ്റാളും സജ്ജമാക്കിയിട്ടുണ്ട്. ചടങ്ങില്‍ കോഴിക്കോട് മാവൂര്‍ റോഡ് വാര്‍ഡ് കൗണ്‍സിലര്‍ ശ്രീജ സി. നായര്‍, ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടറും സി.ഇ.ഒയുമായ എം.എ. നിഷാദ്, ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടറും സി.ഒ.ഒയുമായ ഫഹാസ് അഷറഫ്, ലുലു കോഴിക്കോട് ഡയറക്ടര്‍ പക്കര്‍ കോയ, ലുലു റീജണല്‍ ഡയറക്ടര്‍ മുഹമ്മദ് ഷെരീഫ് മാട്ടില്‍ റീജണല്‍ മാനേജര്‍ ഷെരീഫ് സെയ്ദു ഫോക്കസ് മാള്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അബ്ദുള്‍ സലാം തുടങ്ങിയവര്‍ പങ്കെടുത്തു.

Content Highlight: New Lulu Daily opens at Calicut Focus Mall

ബിസിനസ് ഡെസ്‌ക്‌

Latest Stories

We use cookies to give you the best possible experience. Learn more