| Friday, 13th February 2026, 6:59 pm

നാല് കുരുന്നുകള്‍ക്ക് പുതുജീവന്‍; സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിന്‍ ഷെറിന്‍ എബ്രഹാം

അനിത സി

കൊച്ചി: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ മകള്‍ ആലിന്‍ ഷെറിന്‍ എബ്രഹാം. പത്ത് മാസം മാത്രമാണ് ആലിന്റെ പ്രായം. മസ്തിഷ്‌ക മരണം സംഭവിച്ച കുഞ്ഞിന്റെ വൃക്കകളുള്‍പ്പടെയുള്ള അവയവങ്ങള്‍ ദാനം ചെയ്യുന്നതിന് കുടുംബം സന്നദ്ധത അറിയിക്കുകയായിരുന്നു.

റോഡപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയിലായ കുഞ്ഞ് എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെ മസ്തിഷ്‌ക മരണം സംഭവിച്ചു. തുടര്‍ന്നാണ് കുടുംബം അവയവദാനത്തിന് സന്നദ്ധത അറിയിച്ചത്.

അമൃത ആശുപത്രിയില്‍ നിന്നും ശസ്ത്രക്രിയയ്ക്ക് ശേഷം 6.30ഓടെ തിരുവനന്തപുരത്തേക്ക് റോഡ് മാര്‍ഗം അവയവങ്ങള്‍ എത്തിക്കുന്നതിന്റെ നടപടികള്‍ ആരംഭിച്ചു. 2.30 മണിക്കൂറിനുള്ളില്‍ തിരുവനന്തപുരത്ത് എത്തിച്ചേരും. അവയവങ്ങളുമായി പോകുന്ന വാഹനങ്ങള്‍ക്ക് പൊലീസിന്റെ നേതൃത്വത്തില്‍ എസ്‌കോര്‍ട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കുഞ്ഞിന്റെ രണ്ട് വൃക്കകള്‍ തിരുവനന്തപുരം പീഡിയാട്രിക്-നെഫ്രോളജി വാര്‍ഡില്‍ ചികിത്സയിലുള്ള കുഞ്ഞുങ്ങള്‍ക്ക് നല്‍കും. ഹൃദയ വാല്‍വ് തിരുവനന്തപുരം ശ്രീചിത്രയില്‍ ചികിത്സയില്‍ തുടരുന്ന കുഞ്ഞിനും കരള്‍ തിരുവന്തപുരം കിംസില്‍ ചികിത്സയിലുള്ള കുട്ടിക്കുമാണ് ദാനം ചെയ്യുന്നത്. നേത്ര പടലങ്ങള്‍ കൊച്ചി അമൃത ആശുപത്രിയില്‍ ദാനം ചെയ്യും.

തീവ്രദു:ഖത്തിലും മറ്റുള്ളവരുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് വേണ്ടി മാതാപിതാക്കള്‍ എടുത്ത തീരുമാനത്തിന് നന്ദി അറിയിക്കുന്നു. കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ ഫേസ്ബുക്ക് കുറിപ്പ്:

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് 10 മാസമുള്ള ഒരു മകളുടെ അവയവങ്ങള്‍ മറ്റുള്ളവര്‍ക്ക് ദാനം ചെയ്യുകയാണ്. റോഡപകടത്തെ തുടര്‍ന്നാണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ 10 മാസം പ്രായമുള്ള ആലിന്‍ ഷെറിന്‍ എബ്രഹാമിന് മസ്തിഷ്‌ക മരണം സംഭവിച്ചത്. മാതാപിതാക്കള്‍ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. 2 വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സയിലുള്ള 10 വയസുള്ള കുട്ടിക്ക് നല്‍കും. തീവ്രദു:ഖത്തിലും മറ്റുള്ളവരുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് വേണ്ടി മാതാപിതാക്കള്‍ എടുത്ത തീരുമാനത്തിന് നന്ദി അറിയിക്കുന്നു. ആ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നു.

Content Highlight: New life for four children; Alyn Sherin Abraham becomes the youngest organ donor in Kerala

അനിത സി

ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍

We use cookies to give you the best possible experience. Learn more