| Wednesday, 9th July 2025, 10:25 pm

സൗദിയില്‍ പ്രവാസികള്‍ക്ക് ഭൂമി വാങ്ങാം; നിയമം 2026 ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരും

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: സൗദി അറേബ്യയില്‍ പ്രവാസികള്‍ക്ക് ഭൂമി വാങ്ങാനുള്ള നിയമം 2026 മുതല്‍ പ്രാബല്യത്തില്‍ വരും. സൗദി മന്ത്രിസഭയുടേതാണ് പുതിയ തീരുമാനം. വിദേശങ്ങളില്‍ നിന്നുള്ള നേരിട്ടുള്ള നിക്ഷേപം (എഫ്.ഡി.ഐ) ആകര്‍ഷിക്കുന്നതിനും എണ്ണയ്ക്ക് പുറമെ സമ്പദ് വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിനുള്ള നിര്‍ണായക ചുവടുവെപ്പാണിത്.

ഈ നിയമത്തിലൂടെ രാജ്യത്തെ ആഗോള നിക്ഷേപകേന്ദ്രമാക്കി മാറ്റുന്നതാണ് സൗദിയുടെ ലക്ഷ്യം.അതേസമയം മക്ക, മദീന തുടങ്ങിയ പ്രത്യേക പ്രദേശങ്ങളില്‍ ഈ നിയമം ബാധകമല്ല. റിയാദ്, ജിദ്ദ തുടങ്ങിയ പ്രദേശങ്ങളിലായിരിക്കും പ്രവാസികള്‍ക്ക് ഭൂമി വാങ്ങാന്‍ കഴിയുക.

ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചതിനുശേഷം 2026 ജനുവരിയിലാകും നിയമം പ്രാബല്യത്തില്‍ വരിക. അതോടെ റിയാദ്, ജിദ്ദ തുടങ്ങിയ പ്രധാന നഗര കേന്ദ്രങ്ങളില്‍ സ്വത്ത് വാങ്ങാന്‍ വിദേശ പൗരന്മാരെ അനുവദിക്കും.

മക്കയിലെയും മദീനയിലെയും ഉടമസ്ഥാവകാശം അധിക നിയന്ത്രണങ്ങള്‍ക്കും പ്രത്യേക വ്യവസ്ഥകള്‍ക്കും വിധേയമാകും. റിയല്‍ എസ്റ്റേറ്റ് വിതരണവും ഭവന ലഭ്യതയും വര്‍ധിപ്പിക്കുക, ആഗോള റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരെയും സ്ഥാപന നിക്ഷേപകരെയും ആകര്‍ഷിക്കുക, വിശാലമായ സാമ്പത്തിക വൈവിധ്യവത്കരണം നടപ്പിലാക്കുക എന്നയാണ് നിയമത്തിന്റെ തന്ത്രപരമായ ലക്ഷ്യങ്ങള്‍.

നിയമം പ്രാബല്യത്തില്‍ വന്നാല്‍ സൗദി പൗരന്മാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതടക്കമുള്ള കര്‍ശനമായ നടപടിക്രമങ്ങളും നിയന്ത്രണങ്ങളും സൗദിയില്‍ ഏര്‍പ്പെടുത്തും.

Content Highlight: New law for expatriates to buy land in Saudi Arabia will come into effect from January 2026

We use cookies to give you the best possible experience. Learn more