| Thursday, 23rd January 2025, 2:33 pm

പുതു ചരിത്രമെഴുതി തായ്‌ലന്റ്; സ്വവർഗ വിവാഹ നിയമം പ്രാബല്യത്തിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബാങ്കോക്ക്: തായ്‌ലന്റിൽ സ്വവർ​ഗ വിവാഹത്തിന് അനുമതി. ഇതോടെ സ്വവർഗ വിവാഹം അംഗീകരിക്കുന്ന ആദ്യത്തെ തെക്കുകിഴക്കൻ ഏഷ്യൻ രാഷ്ട്രമായി തായ്‌ലന്റ് മാറി. സ്വവർഗ വിവാഹം നിയമപരമായതോടെ നിരവധി സ്വവർ​ഗ ദമ്പതികൾ വിവാഹിതരായി. തായ് അഭിനേതാക്കളായ അപിവത് സയ്റീയും സപ്പന്യോയും ബാങ്കോക്കിലെ രജിസ്ട്രി ഓഫീസിൽ വിവാഹിതരായി. വിവാഹ സർട്ടിഫിക്കറ്റ് കൈമാറി.

തായ്‌വാനും നേപ്പാളിനും ശേഷം സ്വവർഗവിവാഹം അംഗീകരിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ രാജ്യമായി തായ്‌ലന്റ് മാറി

തങ്ങൾ ദശകങ്ങളോളം പോരാടി, ഇന്ന് ശ്രദ്ധേയമായ ദിവസമാണെന്ന് ഇരുവരും പറഞ്ഞു. ഇതോടെ തായ്‌വാനും നേപ്പാളിനും ശേഷം സ്വവർഗവിവാഹം അംഗീകരിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ രാജ്യമായി തായ്‌ലന്റ് മാറി. പുരുഷന്മാർ, സ്ത്രീകൾ, ഭർത്താക്കന്മാർ, ഭാര്യമാർ എന്നതിനുപകരം ലിംഗ-നിഷ്പക്ഷ പദങ്ങൾ ആയിരിക്കും ഇനിമുതൽ ഉപയോഗിക്കുക.

കഴിഞ്ഞ വർഷം പാസാക്കിയതും ഇപ്പോൾ പ്രാബല്യത്തിൽ വരുന്നതുമായ സുപ്രധാന നിയമനിർമാണം, ഒരു ദശാബ്ദത്തിലേറെ നീണ്ട നിരന്തര വാദത്തിന് ശേഷമാണ് പ്രാബല്യത്തിൽ വന്നത്. ഇത് LGBTQ+ കമ്മ്യൂണിറ്റിയുടെ വിജയമായവർ കണക്കാക്കുന്നു. ‘ഇത് ലോകത്തിന് ഒരു മാതൃകയാകാം,’ തായ്‌ലൻഡിലെ റെയിൻബോ സ്കൈ അസോസിയേഷൻ പ്രസിഡൻ്റ് കിറ്റിനുൻ ദരമധജ് പറഞ്ഞു.

ഈ നിയമം ട്രാൻസ്‌ജെൻഡറുകൾക്ക് വിവാഹം കഴിക്കാൻ അനുവാദം നൽകുന്നു. ഒപ്പം എല്ലാ വിവാഹിതരായ ദമ്പതികൾക്കും ദത്തെടുക്കലും അനന്തരാവകാശവും നൽകും. നിയമപ്രകാരം ലെസ്ബിയൻസായ സുമലി സുഡ്‌സൈനെറ്റ് (64), തനഫോൺ ചോഖോങ്‌സുങ് (59) എന്നിവരാണ് ആദ്യമായി വിവാഹിതരായത്.

പരമ്പരാഗത വിവാഹ വസ്ത്രങ്ങൾ ധരിച്ച നിരവധി ദമ്പതികൾ ബാങ്കോക്ക് പ്രൈഡ് സംഘടിപ്പിച്ച എൽ.ജി.ബി.ടി.ക്യു സമൂഹ വിവാഹത്തിനെത്തി. കഴിഞ്ഞ ജൂണിൽ നടന്ന ചരിത്രപരമായ പാർലമെൻ്റ് വോട്ടെടുപ്പിലാണ് സ്വവർഗ വിവാഹ ബിൽ പാസായത്. ഈ നിയമം സെപ്റ്റംബറിൽ രാജാവ് മഹാ വജിറലോങ്‌കോൺ അംഗീകരിക്കുകയും 120 ദിവസത്തിന് ശേഷം പ്രാബല്യത്തിൽ വരികയും ചെയ്തു.

Content Highlight: New history in Thailand, same-sex marriage allowed, law comes into force

We use cookies to give you the best possible experience. Learn more