| Saturday, 19th April 2025, 10:09 pm

ജെ.എന്‍.യുവില്‍ ഇതാദ്യം; യൂണിയന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ആദിവാസി മുസ്‌ലിം വനിത മത്സരിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ചരിത്രം കുറിക്കാന്‍ ജെ.എന്‍.യു (ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല). വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ യൂണിയന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ആദ്യമായി ഒരു ആദിവാസി മുസ്‌ലിം വനിത മത്സരിക്കും. ജമ്മുവില്‍ നിന്നുള്ള ചൗധരി തയ്യബ അഹമ്മദാണ് മത്സരിക്കുന്നത്.

എസ്.എഫ്.ഐ നയിക്കുന്ന യുണൈറ്റഡ് ലെഫ്റ്റ് സഖ്യത്തിന്റെ പാനലിലാണ് ചൗധരി തയ്യബ അഹമ്മദ് മത്സരിക്കുന്നത്. ചൗധരി തയ്യബയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് എസ്.എഫ്.ഐ ഔദ്യോഗിക പ്രഖ്യാപനം നടത്തി.

സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ഗോപികയുടെ പേര് വെട്ടിയാണ് ചൗധരി തയ്യബയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്.

ജെ.എന്‍.യുവിലെ എ.ഐ.എസ്.എഫ് (ഓള്‍ ഇന്ത്യ സ്റ്റുഡന്റ്സ് ഫെഡറേഷന്‍), ബാപ്‌സ (ബിര്‍സ അംബേദ്കര്‍ ഫൂലെ സ്റ്റുഡന്റ്സ് അസോസിയേഷന്‍), പി.എസ്.എ (പ്രോഗ്രസീവ് സ്റ്റുഡന്റ്സ് അസോസിയേഷന്‍) എന്നീ വിദ്യാര്‍ത്ഥി സംഘടനകളാണ് ഇടത് സഖ്യത്തില്‍ ഉള്ളത്.

ഈ മാസം 25ന് ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കും. ഏപ്രില്‍ 28 ന് ഫലം പുറത്തുവരുമെന്നാണ് കണക്കുകൂട്ടല്‍.

അതേസമയം ഇന്നലെ (വെള്ളി) ക്യാമ്പസിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങള്‍ നീട്ടിവെച്ചിരുന്നു. സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക പുറത്തുവിടുന്നത് അടക്കമുള്ള നടപടിക്രമങ്ങളാണ് നീട്ടിവെച്ചത്. സംഘര്‍ഷത്തിന് പിന്നാലെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതും തടസപ്പെട്ടിരുന്നു.

ഇതിനുപുറമെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജെ.എന്‍.യുവിലെ ഇടത് സഖ്യം  പിളര്‍ന്നിരുന്നു. തുടര്‍ന്ന് ബാപ്‌സ, എ.ഐ.എസ്.എഫ്, പി.എസ്.എ എന്നിവരെ ഉള്‍പ്പെടുത്തി എസ്.എഫ്.ഐ മുന്നണി രൂപീകരിക്കുകയായിരുന്നു.

എ.ഐ.എസ്.എയും ഡി.എസ്.എഫും പ്രത്യേക സഖ്യം രൂപീകരിച്ച് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്തു.

എ.ബി.വി.പിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 2025 യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ആകെ 7,906 വിദ്യാര്‍ത്ഥികളാണ് വോട്ടര്‍ പട്ടികയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കണക്കുകള്‍ പ്രകാരം, രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരില്‍ 57 ശതമാനം പുരുഷന്മാരും 43 ശതമാനം സ്ത്രീകളുമാണ്.

Content Highlight: New history in JNU; Adivasi Muslim woman to contest for the post of union president

We use cookies to give you the best possible experience. Learn more