തിരുവനന്തപുരം: ജനദ്രോഹ നയങ്ങളില്‍ നരേന്ദ്ര മോദി സര്‍വ്വകാല റെക്കോഡാണ് നേടിയിട്ടുള്ളതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന്‍. വര്‍ധിച്ചു വരുന്ന ഇന്ധനവില കാരണം നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. 115 ഡോളറായിരുന്ന ക്രൂഡ് ഓയില്‍ വില ഇപ്പോള്‍ ബാരലിന് 28 ഡോളറായി കുറഞ്ഞു. എന്നിട്ടും ഇപ്പോഴത്തെ ഇന്ധനവിലയുടെ നാലിലൊന്ന് കുറയ്ക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ലെന്നു മാത്രമല്ല ഒമ്പതു തവണ ഏക്‌സൈസ് തീരുവ വര്‍ധിപ്പിക്കുകയും ചെയ്തു.
ലോക സാമ്പത്തികരംഗം മാന്ദ്യത്തിന്റെ പിടിയിലായപ്പോഴും സംസ്ഥാനത്തെ ശക്തിപ്പെടുത്തിയത് പ്രവാസി മലയാളികളാണ്. ഇവരുടെ ഉന്നമനത്തിനായി രൂപീകരിച്ച പ്രവാസി മലയാളികള്‍ക്ക് താങ്ങും തണലുമായ പ്രവാസി ക്ഷേമകാര്യ വകുപ്പ് നിര്‍ത്തലാക്കി. ടയര്‍ ലോബിക്കു വേണ്ടി അനിയന്ത്രിതമായ റബ്ബര്‍ ഇറക്കുമതി മൂലം റബ്ബര്‍ കര്‍ഷകരുടെ നട്ടെല്ല് തകര്‍ത്തു. നാഥനില്ലാ കളരിയായ റബ്ബര്‍ ബോര്‍ഡില്‍ ഭരണസ്തംഭനാവസ്ഥ തുടരുകയാണ്. കര്‍ഷകരില്‍ നിന്നു കൂടി സംഭരിച്ച വിലസ്ഥിരതാ ഫണ്ടിലെ 1100കോടി രൂപയില്‍ നിന്നും 500 കോടി സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതു നിരാകരിച്ചു.
പാമോയില്‍ ഇറക്കുമതി അനിയന്ത്രിതമായതോടെ കേരകര്‍ഷകര്‍ കണ്ണീരും കയ്യുമായി നടക്കുന്ന അവസ്ഥ ഉരിത്തിരിഞ്ഞു. ഏലം കര്‍ഷകരുടെയും സ്ഥിതി വിഭിന്നമല്ല. കാര്‍ഷിക കടാശ്വാസമായി 22,000 കോടി രൂപ യു.പി.എ സര്‍ക്കാര്‍ നല്‍കിയിരുന്നു. ഇപ്പോള്‍ കര്‍ഷകര്‍ക്ക് യാതൊന്നും നല്‍കാതെ കാര്‍ഷിക മേഖലയാകെ തകര്‍ക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.
തൊഴില്‍ ഖേലയും കുട്ടിച്ചോറാക്കി. തൊഴിലാളികളുടെ സംരക്ഷണത്തിനു കഴിഞ്ഞ കാലങ്ങളിലെ സര്‍ക്കാരുകള്‍ കൊണ്ടു വന്ന നിയമങ്ങള്‍ മോദി സര്‍ക്കാര്‍ പൊളിച്ചെഴുതുകയാണ്. തീരദേശങ്ങളില്‍ മത്സ്യതൊഴിലാളികളുടെ പരമ്പരാഗതമായ അവകാശങ്ങളെ നിഷേധിക്കുന്നു. കേന്ദ്ര മന്ത്രിസഭയും മോദിയും ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്. രാജ്യത്തിന്റെ ഭരണഘടന കാറ്റില്‍പറത്തി വര്‍ഗീയംവിഷം കുത്തിവെച്ച് ജനങ്ങളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങളാണ് വര്‍ഗീയ ഫാസിസ്റ്റ് കക്ഷികള്‍ നടത്തുന്നത്. ഭരണകൂടം തന്നെ വര്‍ഗീയത വളര്‍ത്തുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.
ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയ ശേഷം 650ല്‍പ്പരം സാമൂഹ്യ സംഘര്‍ഷങ്ങള്‍ ഇതേവരെ ഉണ്ടായിക്കഴിഞ്ഞു. നരേന്ദ്ര മോദിയെ നയിക്കുന്നത് ഗാന്ധിജിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സേ ഉയര്‍ത്തിയ വര്‍ഗീയതയാണ്. ലോകം മുഴുവന്‍ ഗാന്ധിസത്തിലേക്ക് മടങ്ങിപ്പോകുമ്പോള്‍ ഗാന്ധിയുടെ നാട്ടില്‍ നിന്ന് വന്ന മോദി രാജ്യത്ത് ഗോഡ്‌സേയിസം നടപ്പാക്കുകയാണ്.
മോദി ഭരണത്തിന്‍ കീഴില്‍ രാജ്യസുരക്ഷയ്ക്ക് പോലും ഭീഷണിയുണ്ടായി. ഇന്ത്യന്‍ സൈന്യത്തിന്‍െ്‌റ പത്താന്‍കോട്ടെ മര്‍മ്മപ്രധാനമായ ആസ്ഥാനത്ത് അക്രമണം നടത്തി രാജ്യസുരക്ഷയെ മുള്‍മുനയില്‍ നിര്‍ത്തി. ഇതിനെയെല്ലാം ഫല്രപദമായി ചെറുക്കാന്‍ കോണ്‍ഗ്രസ്സ് വീണ്ടും അധികാരത്തില്‍ എത്തേണ്ടതുണ്ട്. ബീഹാര്‍ തെരെഞ്ഞെടുപ്പില്‍ രൂപം കൊണ്ട മതേതരത്വ കൂട്ടായ്മയില്‍ കേരളവും പങ്കാളിയാവണം. സി.പി.ഐ.എമ്മിന്റെ മതേതരവാദം അവസരവാദപരമാണ്. അക്രമരാഷ്ട്രീയത്തിനു കൂട്ടു നില്‍ക്കുന്ന സി.പി.ഐ.എമ്മിന് ഇവിടെ സ്ഥാനമില്ല. കേരളത്തില്‍ ഏവരും ബഹുമാനിക്കുന്ന ടി.പി.ശ്രീനിവാസനെ നടുറോഡില്‍ ക്രൂരമായി തല്ലിവീഴ്ത്തിയ സംഭവത്തില്‍ സംസ്ഥാനം ലജ്ജിച്ചു തലതാഴ്ത്തി.
ക്രിമിനല്‍ കുറ്റങ്ങളില്‍ ഏര്‍പ്പെട്ട കാരായിമാരില്‍ ഒരാളെ മുന്‍സിപ്പല്‍ ചെയര്‍മാനും മറ്റൊരാളെ ജില്ലാപഞ്ചായത്ത് അധ്യക്ഷനുമാക്കി മാറ്റിയതോടെ സി.പി.ഐ.എം ക്രിമിനലുകളുടെ കൂടാരമായി മാറുകയാണ്. സി.പി.ഐ.എമ്മും ബി.ജെ.പിയും ആയുധങ്ങള്‍ സംഭരിക്കുകയാണ്. ബോംബ് നിര്‍മ്മാണങ്ങളില്‍പ്പെട്ട് എത്രയോ പേരുടെ ജീവനുകളാണ് ഇവര്‍ നഷ്ടപ്പെടുത്തിയിട്ടുള്ളത്. സി.പി.എമ്മിന്റെ ക്രിമിനല്‍ കുറ്റങ്ങള്‍ ചോദ്യം ചെയ്്ത പയ്യന്നൂര്‍ സി.ഐയ്ക്ക് നേരെ ബോംബേറു നടത്തി. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വീട്ടിലേക്ക് റീത്ത് കൊടുത്തയച്ചു.
മദ്യരാജാക്കന്‍മാര്‍ക്കൊപ്പം ചേര്‍ന്ന് ഇപ്പോള്‍ സി.പി.ഐ.എം അവിശദ്ധമുന്നണിയ്ക്ക് രൂപം കൊടുത്തിരിക്കുകയാണ്. മദ്യനയം പുന:പരിശോധിക്കുമെന്ന് പറയുന്ന ഇവര്‍ ആര്‍ക്കുവേണ്ടിയാണ് അത് ചെയ്യുന്നതെന്നും വ്യക്തമാക്കണം. മദ്യമുതലാളികള്‍ക്ക് വേണ്ടിയാണ് സി.പി.ഐ.എം ഇപ്പോള്‍ നിലയുറപ്പിച്ചിട്ടുള്ളത്. ലഹരി വിമുക്ത കേരളം ലക്ഷ്യമിട്ട് 730 ബാറുകളാണ് സര്‍ക്കാര്‍ പൂട്ടിയത്. സുപ്രീകോടതി പോലും അംഗീകരിച്ച സംസ്ഥാന സര്‍ക്കാരിന്റെ നയം തിരുത്താനാണ് ഇപ്പോള്‍ അവിശുദ്ധ മുന്നണി രൂപീകരിച്ച് സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നത്.
സി.പി.ഐ.എമ്മിന്റെ പല ആരോപണങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട സി.പി.ഐ.എം ഇപ്പോള്‍ തേജോവധ രാഷ്ട്രീയമാണ് മുന്നോട്ടു വെയ്ക്കുന്നത്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ആരോപണങ്ങളുന്നയിച്ച് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ഇവര്‍ ശ്രമിക്കുന്നത്. ഇത്തരം നീക്കങ്ങളെ ചെറുക്കാന്‍ കോണ്‍്രഗസ്സിനു കഴിവുണ്ട്. പ്രതിസന്ധി ഘട്ടങ്ങളില്‍ മുന്നണിയെയും പാര്‍ട്ടിയെയും രക്ഷിക്കാന്‍ ഓരോ കോണ്‍്രഗസ്സുകാരനും പ്രതിജ്ഞ പുതുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.താന്‍ തുറന്ന കത്തിലൂടെ ഉന്നയിച്ച വിഷയങ്ങള്‍ക്ക് കൃത്യമായ മറുപടി തരാന്‍ സി.പി.ഐ.എമ്മിനായിട്ടില്ല. എസ്.എന്‍.സി ലാവ്‌ലിന്‍ വിഷയത്തില്‍ പ്രതികരിക്കില്ല എന്നു പറഞ്ഞവര്‍ ഇപ്പോള്‍ പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്. ഇനിയും ജനങ്ങള്‍ക്കു മുമ്പില്‍ പല വിഷയങ്ങളിലും ഇവര്‍ പ്രതികരിക്കേണ്ടി വരുമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.