| Tuesday, 12th June 2012, 10:10 am

സ്വാമി വിവേകാനന്ദന്റെ ജീവിതം അഭ്രപാളിയിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: സ്വാമി വിവേകാനന്ദന്റെ ജീവിതം വെള്ളിത്തിരയിലേക്കു വരുന്നു. ടുട്ടു ദാസാണ് വിവേകാനന്ദന്റെ ജീവിതത്തെ പുതുതലമുറയ്ക്കായി പകര്‍ന്നുവയ്ക്കുന്നത്. ബംഗാളിയിലും ഹിന്ദിയിലും ചിത്രീകരിക്കുന്ന ചിത്രം മറ്റ് 18ഭാഷകളിലേക്ക് ഡബ്ബ് ചെയ്യുകയും ചെയ്യും.

” സ്വാമി വിവേകാനന്ദന്റെ സംഭവബഹുലമായ ജീവിതകഥ പകര്‍ത്താന്‍ ശ്രമിക്കുകയാണ് ഞാന്‍. ബിലേ എന്നറിയപ്പെട്ടിരുന്ന കുട്ടിക്കാലവും നരേന്ദ്രനാഥ് ദത്ത് എന്നറിയപ്പെട്ട യുവത്വവും മുതല്‍ അവസാനകാലത്തെ വടക്കേ ഇന്ത്യ സന്ദര്‍ശനം വരെ ചിത്രത്തിലുണ്ട്. ” ദാസ് പറഞ്ഞു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി ഈ ചിത്രത്തിനുവേണ്ടിയുള്ള ശ്രമങ്ങളിലായിരുന്നു ദാസ്. വിവേകാനന്ദന്റെ രാമേശ്വരം സന്ദര്‍ശനവും അവിടെ നിന്നും കന്യാകുമാരിയിലെത്തിയതുമെല്ലാം ചിത്രീകരിക്കും. എന്നാല്‍ കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയ്ക്ക് കുറേ മാറ്റം വന്നിട്ടുള്ളതിനാല്‍ പുതിയൊന്ന് ഒരുക്കി ചിത്രീകരിക്കാനാണ് തീരുമാനമെന്നും ദാസ് അറിയിച്ചു.

ദീപ് ഭട്ടാചാര്യയാണ് വിവേകാനന്ദന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ശാരദയുടെ വേഷത്തില്‍ ഗാര്‍ഗി റോയ് ചൗധരിയും ചിത്രത്തിലുണ്ടാവും.

വിവേകാനന്ദന്റെ പ്രസിദ്ധമായ ചിക്കാഗോ പ്രസംഗവും ചിത്രത്തിലുള്‍പ്പെടുത്തി. കൊല്‍ക്കത്തയിലെ പ്രസിദ്ധമായ ടൗണ്‍ ഹാളാണ് അമേരിക്കയിലെ പ്രസംഗവേദിയാക്കി മാറ്റുക.

We use cookies to give you the best possible experience. Learn more