| Friday, 31st October 2025, 3:48 pm

ജംബോ കമ്മിറ്റിയ്ക്ക് പിന്നാലെ കെ.പി.സി.സിക്ക് പുതിയ കോര്‍ കമ്മിറ്റി; ശശി തരൂരും എ.കെ. ആന്റണിയും പട്ടികയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കെ.പി.സി.സിക്ക് 17 അംഗ പുതിയ കോര്‍ കമ്മിറ്റി. എ.കെ. ആന്റണി, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാല്‍, കെ. സുധാകരന്‍, ശശി തരൂര്‍, ഷാഫി പറമ്പില്‍ എന്നിവരുള്‍പ്പടെയാണ് സമിതിയിലുള്ളത്. ഷാനിമോള്‍ ഉസ്മാനാണ് കമ്മിറ്റിയിലെ ഏക വനിതാ അംഗം.

നിലവില്‍ കോണ്‍ഗ്രസ് ഭരണഘടനയിലില്ലാത്ത പുതിയ സംവിധാനമാണ് നേതൃത്വം പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ കോര്‍ കമ്മിറ്റിയ്ക്ക് കീഴിലായിരിക്കും നിലവിലുള്ള ജംബോ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുക.

സണ്ണി ജോസഫ്, വി.ഡി. സതീശന്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, കെ. മുരളീധരന്‍, വി.എം. സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.എം. ഹസന്‍, പി.സി. വിഷ്ണുനാഥ്, എ.പി. അനില്‍ കുമാര്‍ എന്നിവരാണ് സമിതിയിലെ മറ്റു അംഗങ്ങള്‍.

അടുത്തിടെയുണ്ടായ പുനസംഘടനയില്‍ പ്രസിഡന്റിനും മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാര്‍ക്കും പുറമെ കെ.പി.സി.സിയില്‍ 13 ഉപാധ്യക്ഷന്മാരെയും 58 ജനറല്‍ സെക്രട്ടറിമാരെയും നിയമിച്ചിരുന്നു.

ഹൈബി ഈഡന്‍, വി.ടി. ബല്‍റാം, ടി. ശരത്ചന്ദ്ര പ്രസാദ്, വി.പി. സജീന്ദ്രന്‍, മാത്യു കുഴല്‍നാടന്‍, ഡി. സുഗതന്‍, രമ്യ ഹരിദാസ്, എം. ലിജു, എ.എ. ഷുക്കൂര്‍, എം. വിന്‍സെന്റ്, റോയ് കെ പൗലോസ്, ജൈസണ്‍ ജോസഫ് എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍.

പുതുക്കിയ രാഷ്ടീയകാര്യ സമിതിയില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ ഉള്‍പ്പെടെ ആറ് പേരാണ് പുതുതായി ഇടംപിടിച്ചിരുന്നത്. വി.കെ. ശ്രീകണ്ഠന്‍, ഡീന്‍ കുര്യാക്കോസ്, പന്തളം സുധാകരന്‍, എ.കെ. മണി, സി.പി. മുഹമ്മദ് എന്നിവരാണ് സമിതിയിലെ മറ്റു അംഗങ്ങള്‍.

പ്രസ്തുത പട്ടിക പുറത്തുവന്നതിന് പിന്നാലെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം രൂക്ഷവിമര്‍ശനത്തിനും പരിഹാസത്തിനും വിധേയമായിരുന്നു.

‘കെ.പി.സി.സിയുടെ പുതിയ ഭാരവാഹി പട്ടിക ഒറ്റ ശ്വാസത്തില്‍ വായിച്ച യൂത്ത് കോണ്‍ഗ്രസുകാരന്‍ ശ്വാസം കിട്ടാതെ മരണപ്പെട്ടു. പട്ടിക ഞാന്‍ കുറെ നോക്കി, ഇല്ല എന്റെ പേര് ഇല്ല,’ എന്ന തരത്തിലുള്ള രസകരമായ കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്.

Content Highlight: New core committee for KPCC

We use cookies to give you the best possible experience. Learn more