| Tuesday, 1st September 2026, 9:43 am

വിവാദങ്ങള്‍ക്കിടെ രാജസ്ഥാന്‍ ഹൈക്കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസ്; സഞ്ജയ് കെ അഗര്‍വാളിനെ ശുപാര്‍ശ ചെയ്ത് കൊളീജിയം

അഞ്ജു ചന്ദ്രന്‍

ന്യൂദല്‍ഹി: ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സുപ്രീം കോടതി കൊളീജിയം രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസായി സഞ്ജയ് കെ അഗര്‍വാളിനെ നിയമിക്കാന്‍ ശുപാര്‍ശ ചെയ്തു.

രാജസ്ഥാന്‍ ഹൈക്കോടതിയിലെ ആക്ടിങ് ചീഫ് ജസ്റ്റിസ് സഞ്ജീവ് പ്രകാശ് ശര്‍മയ്ക്കെതിരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങള്‍ക്കും അഭിഭാഷകരുടെ പ്രതിഷേധങ്ങള്‍ക്കും പിന്നാലെയാണ് പുതിയ ചീഫ് ജസ്റ്റിസിനെ നിയമിക്കാന്‍ സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാര്‍ശ.

ഛത്തീസ്ഗഢ് ഹൈക്കോടതി ജസ്റ്റിസായിരുന്നു സഞ്ജയ് കെ. അഗര്‍വാള്‍.

രാജസ്ഥാന്‍ ഹൈക്കോടതിയില്‍ പത്ത് മാസത്തിലേറെയായി ആക്ടിങ് ചീഫ് ജസ്റ്റിസായി തുടരുകയായിരുന്നു സഞ്ജീവ് പ്രകാശ് ശര്‍മ. ഇതിനിടെയാണ് സുപ്രീം കോടതി ജസ്റ്റിസ് സന്ദീപ് മേത്ത ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് തുടര്‍ച്ചയായി കത്തുകളയച്ച് ശര്‍മയുടെ പ്രവര്‍ത്തനത്തില്‍ ഗുരുതരമായ ക്രമക്കേടുകള്‍ ആരോപിച്ചത്.

ഭരണപരമായ അധികാരങ്ങളുടെ ദുരുപയോഗം, കേസുകളുടെ ലിസ്റ്റിങ് ക്രമത്തില്‍ ഇടപെടല്‍, പക്ഷപാതപരമായ സമീപനം തുടങ്ങിയ ആരോപണങ്ങളാണ് കത്തുകളില്‍ പറഞ്ഞതെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ശര്‍മയെ രാജസ്ഥാനില്‍ നിന്ന് മാറ്റി മറ്റൊരു ഹൈക്കോടതിയില്‍ നിയമിക്കണമെന്നും പകരം മറ്റൊരു സംസ്ഥാനത്ത് നിന്നുള്ള സ്ഥിരം ചീഫ് ജസ്റ്റിസിനെ രാജസ്ഥാന്‍ ഹൈക്കോടതിയില്‍ നിയമിക്കണമെന്നും ജസ്റ്റിസ് മേത്ത ആവശ്യപ്പെട്ടിരുന്നു.

ആരോപണങ്ങളില്‍ ഇരുപക്ഷത്തിന്റെയും വിശദീകരണം തേടിയ ശേഷമേ നടപടിയുണ്ടാകൂവെന്ന് സൂര്യകാന്ത് വ്യക്തമാക്കിയിരുന്നു. കൊളീജിയം ഈ വിഷയത്തില്‍ ആവശ്യമായ നടപടിക്രമങ്ങള്‍ പാലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ ആരോപണങ്ങളില്‍ പ്രതിഷേധിച്ച് രാജസ്ഥാന്‍ ഹൈക്കോടതിയിലെ അഭിഭാഷകരും രംഗത്തെത്തി. ജയ്പൂര്‍ ബെഞ്ചില്‍ അഭിഭാഷകര്‍ ശര്‍മയുടെ കോടതിക്ക് മുന്നില്‍ പ്രതിഷേധിക്കുകയും ജോധ്പൂരിലെ അഭിഭാഷക സംഘടനകള്‍ സെപ്റ്റംബര്‍ ആറുവരെ കോടതി നടപടികളില്‍നിന്ന് വിട്ടുനില്‍ക്കാനും തീരുമാനിച്ചു.

ശര്‍മയ്ക്കെതിരായ ആരോപണങ്ങളില്‍ അടിയന്തര ഇടപെടല്‍ വേണമെന്നായിരുന്നു അഭിഭാഷകരുടെ ആവശ്യം.

വിവാദങ്ങള്‍ക്കിടെ ശര്‍മ കോടതി നടപടികളില്‍നിന്ന് പിന്മാറുകയും സെപ്റ്റംബര്‍ അഞ്ചുവരെ അവധിയില്‍ പോകുകയും ചെയ്തു. സെപ്റ്റംബര്‍ 26ന് വിരമിക്കാനിരിക്കെയാണ് അദ്ദേഹത്തിന് പകരം സ്ഥിരം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ. അഗര്‍വാളിനെ നിയമിക്കാനുള്ള കൊളീജിയം ശുപാര്‍ശ.

രാജസ്ഥാന് പുറമെ മധ്യ പ്രദേശ്, ജമ്മു കാശ്മീര്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലും പുതിയ ചീഫ് ജസ്റ്റിസുമാരെ കൊളീജിയം ശുപാര്‍ശ ചെയ്തിട്ടുണ്ട്.

Content Highlights: New Chief Justice for Rajasthan High Court amidst controversies; Collegium recommends Sanjay K. Agrawal.

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more