| Wednesday, 25th June 2025, 1:18 pm

ജയില്‍വാസം അവസാനിക്കാനിരിക്കെ കര്‍ണാടകയില്‍ പുതിയ കേസ്; മാവോയിസ്റ്റ് നേതാവ് രൂപേഷിനെ ദീര്‍ഘകാലം തടവിലാക്കാന്‍ ഭരണകൂടം ശ്രമിക്കുന്നുവെന്ന് ഷൈന

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ജയില്‍ വാസം അവസാനിക്കാനിരിക്കെ മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരെ വീണ്ടും കേസ്. കര്‍ണാടകയില്‍ നിന്നാണ് രൂപേഷിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. 2012ല്‍ നടന്ന സംഭവത്തിനെ അടിസ്ഥാനമാക്കിയാണ് നിലവില്‍ കേസെടുത്തിരിക്കുന്നതെന്നാണ് വിവരം.

രൂപേഷിന് ജാമ്യം ലഭിക്കാനിരിക്കെ വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്തതായി രൂപേഷിന്റെ പങ്കാളി ഷൈന ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. മോചനം പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ രൂപേഷിനെതിരെ കര്‍ണാടകയില്‍ നിന്നും വീണ്ടും പുതിയ കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും ഇത് രൂപേഷിനെ അനന്തമായി ജയിലില്‍ അടക്കാനുള്ള ഭരണകൂട ഗൂഢാലോചനയാണെന്നും ഷൈന പറഞ്ഞു.

എല്ലാ കേസുകളിലും ജാമ്യം ലഭിക്കുകയും ശിക്ഷാ കാലാവധി അവസാനിക്കുകയും പിഴത്തുക സമാഹരിക്കുകയും ചെയ്തതോടെ രൂപേഷ് പുറത്തിറങ്ങുമെന്നത് ഏറെക്കുറെ ഉറപ്പായതായിരുന്നുവെന്നും എന്നാല്‍ നടപ്പിലാക്കാന്‍ അങ്ങേയറ്റം ബുദ്ധിമുട്ടുള്ള ജാമ്യവ്യവസ്ഥകള്‍ ചുമത്തിയും അനാവശ്യവും തീര്‍ത്തും നിസ്സാരവുമായ പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയും രൂപേഷിന്റെ ജാമ്യ ബോണ്ട് ഒപ്പിടുന്നത് തടയുന്ന തരത്തില്‍ ഇടപെട്ടു കൊണ്ട് ഭരണകൂടം രൂപേഷിന്റെ മോചനത്തെ പരമാവധി വൈകിച്ചു കൊണ്ടിരുന്നുവെന്ന് ഷൈന പറഞ്ഞു.

2012ല്‍ നടന്ന ഈ കേസില്‍ രൂപേഷ് പ്രതി ആണെങ്കില്‍ 2015 മുതല്‍ ഇപ്പോഴും തടവില്‍ കഴിയുന്ന രൂപേഷിനെ എന്തുകൊണ്ട് ഇതുവരെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചില്ല എന്നത് ശ്രദ്ധേയമാണെന്നും ഷൈന ചോദിച്ചു.

ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നത്  കൃത്യമായ ഭരണകൂട ഗൂഢാലോചനയാണെന്നും 2016ഓടുകൂടി ഇന്ത്യയില്‍ നിന്നും മാവോയിസ്റ്റ് പ്രസ്ഥാനത്തെ തുടച്ചുനീക്കും എന്ന് പ്രഖ്യാപിച്ചിട്ടുള്ള, ഓപ്പറേഷന്‍ കഗാറിന്റെ ഭാഗമായി ആദിവാസി വംശഹത്യ നടത്തിക്കൊണ്ടിരിക്കുന്ന, അമിത് ഷായുടെ ഫാസിസ്റ്റ് നയങ്ങളുടെ തുടര്‍ച്ചയാണ് രൂപേഷിനെ പോലെ ജനങ്ങളുടെ പക്ഷത്തുനിന്നു പോരാടുന്ന ഒരു വിപ്ലവകാരിയെ അനന്തമായി ജയിലില്‍ അടച്ചുപൂട്ടിയിടുന്നതെന്നും ഷൈന ചൂണ്ടിക്കാട്ടി.

കടുത്ത അനീതിയും മനുഷ്യത്വരാഹിത്യവുമായ ഈ നടപടിക്കെതിരെ ഈ രാജ്യത്തെ ജനാധിപത്യത്തിലും നീതിയിലും വിശ്വസിക്കുന്ന എല്ലാ മനുഷ്യസ്‌നേഹികളോടും ഇതിനെതിരെ രംഗത്തിറങ്ങണമെന്ന് ഞാന്‍ വിനീതമായി അഭ്യര്‍ത്ഥിക്കുന്നുവെന്നും ഷൈന പറഞ്ഞു.

‘കഴിഞ്ഞ ഒരു മാസത്തിലേറെയായി രൂപേഷിന്റെ ജാമ്യ ബോണ്ട് ഒപ്പിടുവിക്കാനായി ഞങ്ങള്‍ ഓടി നടക്കുകയായിരുന്നു. അതിനിടയിലാണ് ഇടിത്തീ പോലെ കര്‍ണ്ണാടകയില്‍ നിന്നും ഈ പുതിയ കേസ് വരുന്നത്. ജാമ്യത്തില്‍ ഇറങ്ങുന്നത് വൈകിക്കുന്നതിന് ഒരു പരിധിയുണ്ട് എന്ന് മനസ്സിലാക്കിയാണ് 2012ല്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കി ഈ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

13 വര്‍ഷത്തിനു ശേഷം മോചനം ഏറെക്കുറെ ഉറപ്പായ ഒരു ഘട്ടത്തില്‍ രൂപേഷിനെ ഈ കേസില്‍ പ്രതി ചേര്‍ക്കുന്നത് തികഞ്ഞ ഭരണകൂട ഗൂഢാലോചനയാണ് വെളിച്ചത്ത് കൊണ്ടുവരുന്നത്. ഇത് അങ്ങേയറ്റം മനുഷ്യത്വ വിരുദ്ധവും നീതി നിഷേധവുമാണ്,’ ഷൈന കുറിച്ചു.

‘രൂപേഷ് 2015 മെയ് നാലാം തീയതി അറസ്റ്റിലായത് മുതല്‍ നാളിതു വരെ ജയിലില്‍ കഴിയുകയാണ്. മറ്റെല്ലാ കേസുകളിലും ജാമ്യം ലഭിച്ചിട്ടും എന്‍.ഐ. എ ചുമത്തിയ ഒരു കേസില്‍ ജാമ്യം നിഷേധിക്കുകയും വിചാരണ ആരംഭിക്കാതിരിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ വൈകിച്ച് വിചാരണ തുടങ്ങിയപ്പോഴാകട്ടെ യാതൊരു പ്രസക്തിയുമില്ലാത്ത സാക്ഷികളെ വിസ്തരിച്ചും ഡോക്യുമെന്റുകള്‍ ഹാജരാക്കിയും ഒരു കേസിന്റെ വിചാരണ മൂന്നു വര്‍ഷങ്ങള്‍ വലിച്ചു നീട്ടിയും വിചാരണാ തടവുകാലം പരമാവധി നീട്ടി.

മാപ്പുസാക്ഷികളുടേയും കെട്ടിച്ചമച്ച തെളിവുകളുടേയും പിന്‍ബലത്തില്‍ 10 വര്‍ഷം തടവിനു ശിക്ഷിച്ചു. സാധാരണ ഒരു ക്രിമിനല്‍ കേസായിരുന്നെങ്കില്‍ തള്ളിപ്പോകുമായിരുന്ന ഈ കേസില്‍ യു.എ.പി.എ പ്രകാരമുള്ള വകുപ്പുകള്‍ ഉപയോഗിച്ചാണ് ഈ കടുത്ത ശിക്ഷ രൂപേഷിന് നല്‍കിയത്, ‘ഷൈന കൂട്ടിച്ചേര്‍ത്തു.

രൂപേഷിന് എതിരെയുള്ള കേസുകളില്‍ പകുതിയിലധികവും ആളുകളെ കബളിപ്പിച്ച് തിരിച്ചറിയല്‍ രേഖകള്‍ വാങ്ങി അത് ഉപയോഗിച്ച് സിം കാര്‍ഡ് എടുത്തു എന്നുള്ളതാണെന്നും എന്നാല്‍ ഈ കേസുകളിലെ പരാതിക്കാര്‍ ആദ്യം നല്‍കിയ മൊഴികളില്‍ രൂപേഷിനെ യാതൊരുവിധ മുന്‍ പരിചയവും ഇല്ല എന്നും പൊലീസുകാര്‍ പറഞ്ഞ ശേഷമാണ് കേസ് കൊടുത്തത് എന്നും കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും ഷൈന പറഞ്ഞു.

രൂപേഷിനെതിരെ കള്ള സാക്ഷി പറയാന്‍ നിര്‍ബന്ധിച്ചു എന്ന് പറഞ്ഞ് സാക്ഷികള്‍ പൊലീസിനെതിരെ പരാതി കൊടുത്ത സംഭവവുമുണ്ടെന്നും കേരളത്തിലും കര്‍ണ്ണാടകയിലുമായി രൂപേഷിന്റെ 14 കേസുകളില്‍ യു.എ.പി.എ ചുമത്തിയത് നിയമപ്രകാരമുള്ള നടപടി ക്രമങ്ങള്‍ പാലിച്ചുള്ള അനുമതി ഇല്ലാതെയാണ് എന്നു പറഞ്ഞു വിടുതല്‍ ചെയ്തു. കര്‍ണ്ണാടകയിലുണ്ടായിരുന്ന ഏക കേസില്‍ രൂപേഷിനെ വെറുതെ വിടുകയും ചെയ്തുവെന്നും ഷൈന കുറിച്ചു.

ഈ 10 വര്‍ഷത്തെ തടവുകാലത്തില്‍ എട്ട് വര്‍ഷത്തിലധികവും വിചാരണാ തടവുകാരനായി കഴിയേണ്ടി വന്നതിനാല്‍ മകളുടെ വിവാഹം, അച്ഛന്റെ മരണം പോലുള്ള ചില അടിയന്തിര സാഹചര്യങ്ങളില്‍ ലഭിച്ച ഏതാനും മണിക്കൂര്‍ സമയത്തെ പൊലീസ് എസ്‌കോര്‍ട്ടോട് കൂടിയുള്ള സന്ദര്‍ശനമല്ലാതെ സ്വതന്ത്രമായി ഒരു ദിവസം പോലും പരോളിലോ ജാമ്യത്തിലോ പുറത്തിറങ്ങാന്‍ രൂപേഷിന് സാധിച്ചിട്ടില്ലെന്നും ഷൈന കൂട്ടിച്ചേര്‍ത്തു.

Content Highlight: New case in Karnataka as Maoist leader Rupesh’s jail term nears end; Shaina says government is trying to keep him in jail for a long time

We use cookies to give you the best possible experience. Learn more