തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിക്ക് പുതിയ ബസ് വാങ്ങാനായി നാല്‍പ്പത് ലക്ഷം രൂപ കൈമാറി സതേണ്‍ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി. സൊസൈറ്റി ചെയര്‍മാന്‍ പോള്‍സണ്‍ ചിറയത്ത് ഗതാഗത മന്ത്രി സി.പി ജോണിന്റെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി വി.ഡി സതീശന് തുക കൈമാറി.
തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി സി.എം.ഡി ഡോ. പി.എസ് പ്രമോജ് ശങ്കര്‍ ചെക്ക് ഏറ്റുവാങ്ങി. തൃശൂര്‍ ഡിപ്പോയിലേക്ക് ബസ് അനുവദിക്കണമെന്നാണ് സൊസൈറ്റിയുടെ ആവശ്യം. ഇക്കാര്യം പരിഗണിക്കാമെന്ന് ഗതാഗത മന്ത്രി ഉറപ്പുനല്‍കി.
പൊതുഗതാഗത മേഖലയെ ശക്തിപ്പെടുത്തുന്നതിനും ജനങ്ങള്‍ക്ക് മെച്ചപ്പെട്ട യാത്രാസൗകര്യം ഉറപ്പാക്കുന്നതിനുമുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായാണ് സി.എസ്.ആര്‍ ഫണ്ടില്‍ നിന്ന് തുക അനുവദിച്ചതെന്ന് സൊസൈറ്റി ഭാരവാഹികള്‍ അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ പുരോഗമനപരമായ ആശയങ്ങള്‍ക്കും പൊതുഗതാഗത മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും തുടര്‍ന്നും പിന്തുണ നല്‍കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണിത്. നേരത്തെ കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് അവരുടെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്ന് കെ.എസ്.ആര്‍.ടി.സിക്ക് ഒരു പുതിയ ബസ് വാങ്ങി നല്‍കിയിരുന്നു.
ചടങ്ങില്‍ യുവജനക്ഷേമ മന്ത്രി ഒ.ജെ ജനീഷ്, തൃശ്ശൂര്‍ എം.എല്‍.എ രാജന്‍ ജെ. പല്ലന്‍, സൊസൈറ്റി എം.ഡി കെ. മനോജ്, ഡയറക്ടര്‍മാരായ ഗ്രിഗറിന്‍ വടക്കന്‍, പി. മനോജ് തോമസ്, സെയില്‍സ് ഹെഡ് ഷൈജു ജോണ്‍ എന്നിവര്‍ പങ്കെടുത്തു.
Content Highlights: New bus for KSRTC again; Southern Multi-State Co-operative Society contributes ₹40 lakh.