| Tuesday, 18th August 2026, 10:11 am

മുഖത്ത് കുറച്ചുകൂടി ചോരയാകാം, ഓടിനടന്ന് സംവിധാനം ചെയ്ത വീഡിയോക്ക് പിന്നാലെ വിശാലിന്റെ മേക്കപ്പിനും ട്രോള്‍

അമര്‍നാഥ് എം.

20 വര്‍ഷത്തിലേറെയായി തമിഴ് സിനിമയുടെ മുന്‍നിരയില്‍ തിളങ്ങിനില്‍ക്കുന്ന നടനാണ് വിശാല്‍. ആക്ഷന്‍ സിനിമകളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച വിശാല്‍ ആദ്യമായി സംവിധായക കുപ്പായമണിഞ്ഞ മഗുഡം കഴിഞ്ഞദിവസം തിയേറ്ററുകളിലെത്തി. ഈ വര്‍ഷത്തെ ഏറ്റവും മോശം സിനിമയെന്ന് എല്ലാവരും ഒരുപോലെ വിശേഷിപ്പിച്ച മഗുഡം ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞിരിക്കുകയാണ്.

സിനിമ സംവിധാനം ചെയ്തതിനൊപ്പം അതില്‍ ഇരട്ടവേഷം കൈകാര്യം ചെയ്യുക എന്ന വലിയ റിസ്‌കാണ് മഗുഡത്തില്‍ വിശാല്‍ എടുത്തത്. എന്നാല്‍ ആ റിസ്‌ക് ഒട്ടും വര്‍ക്കായിട്ടില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. താന്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ ബി.ടി.എസ് വീഡിയോയായി വിശാല്‍ പുറത്തുവിടുന്നുണ്ട്. സിനിമയെക്കാള്‍ വലിയ ട്രോളുകളാണ് ബി.ടി.എസ് വീഡിയോക്ക് ലഭിക്കുന്നത്.

റിലീസ് ദിവസം പുറത്തുവിട്ട ബിഹൈന്‍ഡ് ദി സീന്‍ വീഡിയോക്ക് കൈയടിക്ക് പകരം കൂട്ടച്ചിരിയാണ് ലഭിച്ചത്. പ്രധാനപ്പെട്ട ആക്ഷന്‍ സീനില്‍ ഒരേ സമയം അഭിനയിക്കുകയും അതിനൊപ്പം ഓടിനടന്ന് സംവിധാനം ചെയ്യുകയും ചെയ്ത വിശാലിനെ പലരും ട്രോളി. അസോസിയേറ്റ് ഡയറക്ടറെ വെച്ച് ചെയ്യേണ്ട സീനിനെ കോമഡിയാക്കിയെന്നായിരുന്നു വിമര്‍ശനം.

ഇപ്പോഴിതാ പുതിയ ബി.ടി.എസ് വീഡിയോക്കും വലിയ ട്രോളുകള്‍ ലഭിക്കുകയാണ്. നായികമാരിലൊരാളായ അഞ്ജലിക്ക് വിശാല്‍ മേക്കപ്പ് ചെയ്തുകൊടുക്കുന്ന വീഡിയോ ഇതിനോടകം വൈറലായി. മുഖത്ത് ചോരയൊലിപ്പിച്ച് നില്‍ക്കുന്ന അഞ്ജലിക്ക് വിശാല്‍ മേക്കപ്പ് ചെയ്തുകൊടുക്കുകയാണ് ഈ വീഡിയോയില്‍. ചോര പോരെന്നും കുറച്ചുകൂടി വേണമെന്നും പറഞ്ഞ് താരത്തിന്റെ മുഖം വിശാല്‍ ചുവപ്പിക്കുകയാണ്.

‘സംവിധായകര്‍ അഭിനയിച്ച് കണ്ടിട്ടുണ്ട്, സംവിധായകനായി അഭിനയിക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്’, ‘ശ്രമം നല്ലതാണ്, പക്ഷേ നല്ല കഥയും അതിനൊത്ത ടീമും കൂടെയുണ്ടെങ്കില്‍ നന്നാകും’, ‘സംവിധാനവും അഭിനയവും ഒന്നിച്ച് കൊണ്ടുപോകാന്‍ പാടാണ്, ‘അടുത്ത തവണ ശരിയാക്കാം’ എന്നിങ്ങനെയാണ് വിശാലിന് ലഭിക്കുന്ന കമന്റുകള്‍.

30 കോടിയിലേറെ ചെലവഴിച്ച് ഒരുക്കിയ മഗുഡം വന്‍ പരാജയത്തിലേക്കാണ് കുതിക്കുന്നത്. ആദ്യദിനം വെറും 88 ലക്ഷമാണ് ചിത്രത്തിന് നേടാനായത്. ലിംഗ എന്ന ഗ്യാങ്സ്റ്ററുടെയും അയാളുടെ മകന്‍ കൃപാകരന്റെയും കഥയാണ് ചിത്രം പറയുന്നത്. വിശാലിന് പുറമെ അഞ്ജലി, ദുഷാര വിജയന്‍, തമ്പി രാമയ്യ തുടങ്ങി വലിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Content Highlight: New BTS video of Vishal’s Magudam getting trolls

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more