| Monday, 11th July 2016, 8:48 am

ശബരിമലയിലെ സ്ത്രീ പ്രവേശനം; ഹര്‍ജി സുപ്രീംകോടതിയുടെ പുതിയ ബെഞ്ച് ഇന്ന് പരിഗണിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ശബരിമലയില്‍ ഏതു പ്രായക്കാരായ സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന ഹര്‍ജി സുപ്രീംകോടതിയുടെ പുതിയ ബെഞ്ച് ഇന്ന് പരിഗണിക്കും. കേസില്‍ തുടക്കം മുതല്‍ വീണ്ടും വാദം കേള്‍ക്കണമോ എന്ന കാര്യത്തില്‍ കോടതി ഇന്ന് തീരുമാനമെടുത്തേക്കും.

[1 =p”left”സ്ത്രീ പ്രവേശനത്തില്‍ പിണറായി സര്‍ക്കാറിന്റെ നിലപാടും ഇന്ന് കോടതിയെ അറിയിച്ചേക്കും. ഇക്കാര്യത്തില്‍ കൃത്യമായ പരിശോധനകള്‍ക്ക് ശേഷം മാത്രമേ തീരുമാനമെടുക്കകയുള്ളൂ എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയത്. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് രണ്ട് മണിക്കാണ് ഹര്‍ജി പരിഗണിക്കുക.

ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശന വിഷയം അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ പരിഗണനയ്ക്ക് വിടണമെന്ന ദേവസ്വം ബോര്‍ഡിന്റെ ആവശ്യം നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ സുപ്രീംകോടതി വാദം കേള്‍ക്കുമ്പോഴാണ് ദേവസ്വം ബോര്‍ഡ് ആവശ്യം മുന്നോട്ടുവെച്ചത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ദേവസ്വം ബോര്‍ഡിന്റെ ആവശ്യം പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അമിക്കസ് ക്യൂറി രാമമൂര്‍ത്തിയും ഇതേ ആവശ്യമാണ് ഉന്നയിച്ചത്.
ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ക്ക് വിലക്കില്ലെന്ന ബോംബെ ഹൈക്കോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഭരണഘടന സാധുതയില്ലാതെ മതപരമായ കാര്യങ്ങളില്‍ സ്ത്രീകളെ വിലക്കനാകില്ലെന്ന് സുപ്രീംകോടതി നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ നിരീക്ഷിച്ചിരുന്നു. ആചാരങ്ങള്‍ മതചടങ്ങുകളുമായി ബന്ധപ്പെട്ടതാണെന്നാണ് ശബരിമല ദേവസ്വം ബോര്‍ഡിന്റെ നിലപാട്. മതാചാരങ്ങളുടെ അടിസ്ഥാനത്തിലല്ല, ഭരണഘടന മുന്‍നിര്‍ത്തിയാണ് കോടതി പ്രവര്‍ത്തിക്കുന്നതെന്നും സുപ്രിം കോടതി നിരീക്ഷിച്ചിരുന്നു.

We use cookies to give you the best possible experience. Learn more