| Tuesday, 24th January 2012, 10:00 am

മുഷറഫിനോട് പാക്കിസ്ഥാനിലേക്ക് വരേണ്ടെന്ന് ഐ.എസ്.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്ലാമാബാദ്: മുന്‍ പാക്കിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനോട് ദുബായില്‍ നിന്നും പാക്കിസ്ഥാനിലേക്ക് മടങ്ങിവരേണ്ടെന്ന് ഐ.എസ്.ഐ (ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സ്) ചീഫ് അഹമ്മദ് ഷുജ പാഷ അറിയിച്ചു. ദുബായില്‍ വെച്ച് ഇരുവരും നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് പാഷ ഇക്കാര്യം അറിയിച്ചത്.

മുഷറഫ് രാജ്യത്ത് തിരിച്ചെത്തിയാല്‍ അറസ്റ്റ് ചെയ്യണമെന്ന പ്രമേയം പാക്കിസ്ഥാന്‍ പാര്‍ലമെന്റ് കഴിഞ്ഞ ദിവസം പാസാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഐ.എസ്.ഐ ഇത്തരമൊരു തീരുമാനം അദ്ദേഹത്തെ അറിയിച്ചത്. രാജ്യദ്രോഹക്കുറ്റം, കൊലപാതകം, എന്നീ കുറ്റങ്ങളാണ് മുഷറഫിനെതിരെ ചുമത്തിയിരിക്കുന്നത്.

പാക്കിസ്ഥാനിലെ ഭരണകക്ഷിയായ പീപ്പിള്‍സ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ റാസ റബ്ബാനിയാണ് മുഷറഫിനെ അറസ്റ്റ് ചെയ്യാനുള്ള പ്രമേയം സെനറ്റില്‍ അവതരിപ്പിച്ചത്. ആര്‍ട്ടിക്കില്‍ ആറ് പ്രകാരമാണ് അദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നത്.

ഈ മാസം 27നോ 30നോ പാക്കിസ്ഥാനിലേക്ക് തിരിച്ചു വരാനായിരുന്നു മുഷറഫിന്റെ ശ്രമം. 2013 ല്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ സമയത്ത് അദ്ദേഹം പാക്കിസ്ഥാനില്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.2006 ലും 2008 ലുമായി പാക്കിസ്ഥാനിലെ രണ്ടുകോടതികള്‍ മുഷറഫിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

Malayalam News

Kerala News In English

We use cookies to give you the best possible experience. Learn more