| Wednesday, 11th June 2025, 7:34 am

ഒറ്റ വൈഡോ നോബോളോ പോലുമില്ല, എന്നിട്ടും ആദ്യ പന്തെറിയും മുമ്പ് സ്‌കോര്‍ ബോര്‍ഡില്‍ പത്ത് റണ്‍സ്! ക്രിക്കറ്റില്‍ ഇങ്ങനെയൊന്ന് മുമ്പ് കണ്ടിട്ടുണ്ടോ?

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിലെ അവിശ്വസനീയ സംഭവങ്ങളാണ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നത്. ഫോര്‍ട്ഹില്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന നേപ്പാള്‍ – നെതര്‍ലന്‍ഡ്‌സ് മത്സരത്തില്‍ ഓറഞ്ച് ആര്‍മിക്ക് അനുകൂലമായി ലഭിച്ച പത്ത് റണ്‍സ് പെനാല്‍ട്ടിയാണ് ചര്‍ച്ചാ വിഷയം. ഇന്നിങ്‌സിലെ ആദ്യ പന്ത് എറിയും മുമ്പ് തന്നെ നെതര്‍ലന്‍ഡ്‌സിന്റെ സ്‌കോര്‍ ബോര്‍ഡില്‍ പത്ത് റണ്‍സ് പിറന്നിരുന്നു.

നേപ്പാള്‍ ഉയര്‍ത്തിയ 237 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ നെതര്‍ലന്‍ഡ്‌സിന് വമ്പന്‍ അഡ്വാന്റേജാണ് തുടക്കത്തിലേ ലഭിച്ചത്. നേപ്പാള്‍ ഇന്നിങ്‌സിനിടെ ബാറ്റിങ് ടീമിന് ലഭിച്ച പെനാല്‍ട്ടിയാണ് നെതര്‍ലന്‍ഡ്‌സിന് തുണയായത്.

പിച്ചിന് കേടുപാട് വരുത്തുന്ന തരത്തില്‍ പിച്ചിന്റെ ഡെയ്ഞ്ചര്‍ സ്ട്രിപ്പിലൂടെ റണ്‍സിനായി ശ്രമിച്ചതിനുള്ള ശിക്ഷയാണ് പെനാല്‍ട്ടി റണ്‍സിന്റെ രൂപത്തില്‍ നേപ്പാളിന് ലഭിച്ചത്. എം.സി.സിയുടെ 41.14 നിയമപ്രകാരമാണ് അമ്പയര്‍ നെതര്‍ലന്‍ഡ്‌സിന് പെനാല്‍ട്ടി റണ്‍സ് അനുവദിച്ചത്.

‘മനപൂര്‍വമായോ ഒഴിവാക്കാന്‍ സാധിക്കുന്നതോ ആയ കേടുപാടുകള്‍ പിച്ചിന് വരുത്തുന്നത് തീര്‍ത്തും നീതിയുക്തമല്ലാത്ത പ്രവര്‍ത്തിയാണ്. ഷോട്ട് കളിക്കുമ്പോഴോ ശേഷമോ ബാറ്റര്‍ പ്രൊട്ടക്റ്റഡ് ഏരിയയില്‍ പ്രവേശിച്ചാല്‍, ഉടന്‍ തന്നെ അവന്‍/ അവള്‍ അവിടെ നിന്നും മാറേണ്ടതാണ്. ന്യായമല്ലാത്ത കാരണമില്ലാതെ ബാറ്റര്‍ പിച്ചില്‍ ഉണ്ടെന്ന് അമ്പയര്‍/ അമ്പയര്‍മാര്‍ കരുതുകയാണെങ്കില്‍ ഒഴിവാക്കാന്‍ സാധിക്കുമായിരുന്ന കേടുപാടുകള്‍ വരുത്തി എന്ന് കണക്കാക്കും,’ എം.സി.സി നിയമം 41.14 പറയുന്നു.

ഇപ്രകാരം ബാറ്റര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയാണെങ്കില്‍ ഫീല്‍ഡിങ് ടീമിന് അനുകൂലമായി പെനാല്‍ട്ടി റണ്‍സ് അനുവദിക്കാന്‍ അമ്പയറിന് അധികാരമുണ്ടെന്ന് എം.സി.സി നിയമം 41.14.3 വ്യക്തമാക്കുന്നു. രണ്ട് തവണയാണ് ഇത്തരത്തില്‍ നേപ്പാളിന് പെനാല്‍ട്ടി നേരിടേണ്ടി വന്നത്.

അതേസമയം, പത്ത് റണ്‍സിന്റെ ഹെഡ് സ്റ്റാര്‍ട്ട് ലഭിച്ചിട്ടും നെതര്‍ലന്‍ഡ്‌സിന് മത്സരം വിജിയിക്കാന്‍ സാധിച്ചില്ല. 16 റണ്‍സിന് ടീം പരാജയപ്പെട്ടു.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ നേപ്പാള്‍ ആരിഫ് ഷെയ്ഖിന്റെ കരുത്തിലാണ് സ്‌കോര്‍ ഉയര്‍ത്തിയത്. 85 പന്തില്‍ 84 റണ്‍സ് നേടിയാണ് ആരിഫ് ഷെയ്ഖ് മടങ്ങിയത്. 38 പന്തില്‍ 35 റണ്‍സ് നേടിയ ഭീം ഷാര്‍കിയുടെയും 60 പന്തില്‍ 35 റണ്‍സ് നേടിയ ക്യാപ്റ്റന്‍ രോഹിത് പൗഡലിന്റെയും ഇന്നിങ്‌സും നേപ്പാളിന് തുണയായി.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ നേപ്പാള്‍ 236ലെത്തി.

നെതര്‍ലന്‍ഡ്‌സിനായി പോള്‍ വാന്‍ മീകരന്‍ നാല് വിക്കറ്റും മൈക്കല്‍ ലെവിറ്റ് മൂന്ന് വിക്കറ്റും സ്വന്തമാക്കി. സന്ദീപ് ലാമിഷാന്‍ റണ്‍ ഔട്ടായപ്പോള്‍ ആര്യന്‍ ദത്ത് ശേഷിച്ച വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലന്‍ഡ്‌സ് 220 റണ്‍സിന് പുറത്തായി. 60 പന്ത് നേരിട്ട് 36 റണ്‍സ് നേടിയ വെസ്‌ലി ബെരാസിയാണ് ടീമിന്റെ ടോപ് സ്‌കോറര്‍.

നേപ്പാളിനായി സന്ദീപ് ലാമിഷാനും നന്ദന്‍ യാദവും മൂന്ന് വിക്കറ്റ് വീതം സ്വന്തമാക്കി മികച്ച പ്രകടനം നടത്തി. ലളിത് രാജ്ബന്‍ഷി രണ്ട് വിക്കറ്റും കുശാല്‍ ഭര്‍ട്ടല്‍, കരണ്‍ കെ.സി. എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി നെതര്‍ലന്‍ഡ്‌സിനെ 16 റണ്‍സിന്റെ തോല്‍വിയിലേക്ക് തള്ളിയിട്ടു.

Content Highlight: Netherlands start ODI innings on 10-0 after double infringement of niche law

We use cookies to give you the best possible experience. Learn more