2026 ഫിഫ ലോകകപ്പില്‍ ആദ്യ വിജയം സ്വന്തമാക്കി നെതര്‍ലാന്‍ഡ്സ്. ഗ്രൂപ്പ് എഫില്‍ നടന്ന മത്സരത്തില്‍ സ്വീഡനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഓറഞ്ച് പട തകര്‍ത്തുവിട്ടത്. ആദ്യ മത്സരത്തില്‍ ജപ്പാനെതിരെ സമനില വഴങ്ങിയ നെതര്‍ലാന്‍ഡ്സ് രണ്ടാം മത്സരത്തില്‍ ആധികാരിക വിജയവുമായാണ് തിരിച്ചു വന്നത്.
ഹ്യുസ്റ്റണ്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗോളുകളുടെ മഴക്കാണ് ആരാധകര്‍ സാക്ഷ്യം വഹിച്ചത്. മത്സരത്തില്‍ അഞ്ച് ഗോളുകള്‍ സ്വീഡന്റെ വലയിലെത്തിച്ചതോടെ ലോകകപ്പില്‍ പുതിയൊരു റെക്കോഡും ഡച്ച് പട കൈപ്പിടിയിലാക്കി.
ലോകകപ്പുകളില്‍ 100 ഗോളുകള്‍ പൂര്‍ത്തിയാക്കാനാണ് നെതര്‍ലാന്‍ഡ്സിന് സാധിച്ചത്. ലോകകപ്പില്‍ 100+ ഗോളുകള്‍ നേടുന്ന എട്ടാമത്തെ രാജ്യമാണ് നെതര്‍ലാന്‍ഡ്സ്. ഇതുവരെ 103 ഗോളുകളാണ് ലോകകപ്പില്‍ ഓറഞ്ച് പട നേടിയിട്ടുള്ളത്. ഈ ലോകകപ്പില്‍ ഏഴ് ഗോളുകളും ടീം സ്വന്തമാക്കിയിട്ടുണ്ട്.
ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ രാജ്യം, ഗോളുകളുടെ എണ്ണം
ജര്‍മനി-241
ബ്രസീല്‍-241
അര്‍ജന്റീന-155
ഫ്രാന്‍സ്-139
ഇറ്റലി-128
സ്‌പെയ്ന്‍-108
ഇംഗ്ലണ്ട്-108
നെതര്‍ലാന്‍ഡ്സ്-103
അതേസമയം മത്സരത്തില്‍ നെതര്‍ലാന്‍ഡ്സിന് വേണ്ടി ബ്രെയാന്‍ ബോബി, കോഡി ഗാക്‌പോ എന്നിവര്‍ ഇരട്ട ഗോള്‍ നേടി തിളങ്ങി. ക്രൈസെന്‍സിയോ സമ്മര്‍വില്ലെ ഒരു ഗോളും നേടി സ്വീഡന്റെ പതനം പൂര്‍ത്തിയാക്കി.
ആന്റണി എലങ്കയാണ് സ്വീഡനായി ഏക ഗോള്‍ നേടിയത്. മത്സരത്തില്‍ കൂടുതല്‍ ഗോളുകള്‍ നേടാനായില്ലെങ്കിലും ഷോട്ടുകളുടെ എണ്ണത്തില്‍ എതിരാളികള്‍ക്ക് മുകളില്‍ വലിയ ആധിപത്യം സ്ഥാപിക്കാന്‍ സ്വീഡന് സാധിച്ചു.
21 ഷോട്ടുകളാണ് നെതര്‍ലാന്‍ഡ്സിന്റെ പോസ്റ്റിലേക്ക് സ്വീഡന്‍ ഉതിര്‍ത്തത്. ഇതില്‍ 10 ഷോട്ടുകളും ലക്ഷ്യത്തിലേക്ക് ആയിരുന്നു. ഓറഞ്ച് പട 12 ഷോട്ടുകളില്‍ ഏഴ് ഷോട്ടുകളും ഓണ്‍ ടാര്‍ഗറ്റിലേക്ക് എത്തിച്ചു.
ജൂണ്‍ 26നാണ് നെതര്‍ലാന്‍ഡ്സ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിനിറങ്ങുന്നത്. ട്യുണീഷ്യയാണ് ടീമിന്റെ എതിരാളികള്‍. നിലവില്‍ ഗ്രൂപ്പ് എഫില്‍ ഒന്നാം സ്ഥാനത്താണ് നെതര്‍ലാന്‍ഡ്സ്. രണ്ട് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ഒരു ജയവും സമനിലയുമായി നാല് പോയിന്റോടെയാണ് ടീം ഒന്നാം സ്ഥാനത്ത് തുടരുന്നത്. അവസാന മത്സരവും വിജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായി അടുത്ത റൗണ്ടിലേക്ക് മുന്നേറാനാവും ടീം ലക്ഷ്യം വെക്കുക.
Content Highlight: Netherlands becomes eighth nation to score 100+ goals in FIFA World Cup