2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരവും വിജയിച്ചുകൊണ്ട് നെതര്‍ലാന്‍ഡ്സ് രാജകീയമായി അടുത്ത റൗണ്ടിലേക്ക് മുന്നേറിയിരിക്കുകയാണ്. ഗ്രൂപ്പിലെ അവസാന പോരാട്ടത്തില്‍ ടുണീഷ്യയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് ഡച്ച് പട ഗ്രൂപ്പ് ചാമ്പ്യന്മാരായത്.
ആദ്യ മത്സരത്തില്‍ ജപ്പാനോട് സമനിലയില്‍ കുടുങ്ങിയ നെതര്‍ലാന്‍ഡ്സ് രണ്ടാം മത്സരത്തില്‍ സ്വീഡനെ ഗോള്‍ മഴയില്‍ മുക്കിയാണ് തിരിച്ചുവന്നത്. സ്വീഡനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഓറഞ്ച് പട തകര്‍ത്തുവിട്ടത്.
മൂന്നാം മത്സരത്തില്‍ ട്യുണീഷ്യക്കെതിരെയും ഗോളുകളുടെ ആധിപത്യം തുടര്‍ന്ന് കൊണ്ട് ചരിത്രത്തിലെ ആദ്യ കിരീടത്തിലേക്കുള്ള യാത്ര സജീവമാക്കിയിരിക്കുകയാണ് ഓറഞ്ച് പട.
മത്സരത്തില്‍ എല്ലൈസ് സ്ഖിരി (ഓണ്‍ ഗോള്‍), ബ്രയാന്‍ ബ്രോബി, ജാന്‍ പോള്‍ വാന്‍ ഹെക്കെ എന്നിവരാണ് നെതര്‍ലാന്‍ഡ്‌സിനായി ഗോള്‍ നേടിയത്. ഹസീം മസ്തൂരിയാണ് ടുണീഷ്യയുടെ ആശ്വാസ ഗോള്‍ സ്വന്തമാക്കിയത്.
നെതര്‍ലാന്‍ഡ്സ് അടുത്ത റൗണ്ടിലേക്ക് കടക്കുന്നത് ഒരു ടീമിനും അവകാശപ്പെടാന്‍ സാധിക്കാത്ത റെക്കോഡുമായാണ്. ലോകകപ്പ് ചരിത്രത്തില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ തോല്‍വിയറിയാതെ മുന്നേറുന്ന ടീമെന്ന ചരിത്ര നേട്ടവുമായാണ് നെതര്‍ലാന്‍ഡ്സ് റൗണ്ട് ഓഫ് 32ന് ടിക്കറ്റെടുത്തത്. ഇതുവരെ 19 മത്സരങ്ങളാണ് ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ഓറഞ്ച് പട തോല്‍വിയറിയാതെ മുന്നേറിയത്.
നെതര്‍ലാന്‍ഡ്സ് അവസാനമായി ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ പരാജയപ്പെട്ടത് 1994ലായിരുന്നു. മൊറോക്കോയോടായിരുന്നു അവസാനമായി നെതര്‍ലാന്‍ഡ്സ് തോല്‍വി വഴങ്ങിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു മൊറോക്കോയുടെ വിജയം.
അതേസമയം ഈ ലോകകപ്പില്‍ തന്നെ മറ്റൊരു നേട്ടവും നെതര്‍ലാന്‍ഡ്‌സ് തങ്ങളുടെ പേരിലാക്കി മാറ്റിയിരുന്നു. ലോകകപ്പുകളില്‍ 100 ഗോളുകള്‍ പൂര്‍ത്തിയാക്കിയാണ് നെതര്‍ലാന്‍ഡ്‌സ് സാധിച്ചത്.
ലോകകപ്പില്‍ 100+ ഗോളുകള്‍ നേടുന്ന എട്ടാമത്തെ രാജ്യമാണ് നെതര്‍ലാന്‍ഡ്‌സ്. ഇതുവരെ 106 ഗോളുകളാണ് ലോകകപ്പില്‍ ഓറഞ്ച് പട നേടിയിട്ടുള്ളത്. ഈ ലോകകപ്പില്‍ ഇതുവരെ 10 ഗോളുകളും ടീം സ്വന്തമാക്കിയിട്ടുണ്ട്.
സ്വീഡനെതിരെയുള്ള മത്സരത്തിലെ ഗോള്‍ മഴക്ക് പിന്നാലെയാണ് ഓറഞ്ച് പടയും 100 ഗോള്‍ ക്ലബ്ബില്‍ കയറിയത്. ജര്‍മനി, ബ്രസീല്‍, അര്‍ജന്റീന, ഫ്രാന്‍സ്, ഇറ്റലി, സ്പെയ്ന്‍, ഇംഗ്ലണ്ട് എന്നിവരാണ് ഈ നേട്ടത്തിലെത്തിയ മറ്റ് ടീമുകള്‍.
ചരിത്രത്തില്‍ മൂന്ന് തവണ ലോകകപ്പിന്റെ കലാശപ്പോരില്‍ കാലിടറിവീണ നെതര്‍ലാന്‍ഡ്സ് ഇത്തവണ മിന്നും ഫോമിലാണ് കുതിക്കുന്നത്. കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ഡച്ച് പട ചരിത്രം സൃഷ്ടിക്കുമോയെന്നാണ് ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്.
Content Highlight: Netherlands become the most unbeaten team with group stage matches in World Cup