| Tuesday, 29th July 2025, 4:22 pm

രണ്ട് ഇസ്രഈല്‍ മന്ത്രിമാര്‍ക്ക് നെതര്‍ലാന്‍ഡ്സിന്റെ വിലക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആംസ്റ്റര്‍ഡാം: തീവ്രവലതുപക്ഷ നേതാക്കളായ രണ്ട് ഇസ്രഈല്‍ മന്ത്രിമാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി നെതര്‍ലാന്‍ഡ്സ്. ഇസ്രഈല്‍ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍, ധനകാര്യമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച് എന്നിവരെയാണ് ഡച്ച് സര്‍ക്കാര്‍ വിലക്കിയത്. ഗസയിലെ ഇസ്രഈല്‍ വംശഹത്യയെ പിന്തുണക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

Itamar Ben Gvir

നെതര്‍ലാന്‍ഡ്സ് ഇരുവരെയും പേഴ്സണ നോണ്‍ ഗ്രാറ്റ ആയി പ്രഖ്യാപിക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് ഡച്ച് സര്‍ക്കാര്‍ ഈ സുപ്രധാനമായ തീരുമാനമെടുത്തത്. ഇരുമന്ത്രിമാരും ഗസയിലെ വംശീയ ഉന്മൂലനത്തെ പിന്തുണക്കുന്നതായും അതിക്രമങ്ങള്‍ക്ക് പ്രേരണ നല്‍കുന്നതായും ഡച്ച് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

ഇനിമുതല്‍ വിലക്ക് നേരിടുന്ന ഇസ്രഈല്‍ മന്ത്രിമാര്‍ക്ക് നെതര്‍ലാന്‍ഡ്‌സിലേക്ക് പ്രവേശമില്ലെന്ന് ഡച്ച് വിദേശകാര്യമന്ത്രി കാസ്പര്‍ വെല്‍ഡ്കാമ്പ് പറഞ്ഞു. ബെന്‍ ഗ്വിറും സ്‌മോട്രിച്ചും ഫലസ്തീന്‍ ജനതക്കെതിരെ തുടര്‍ച്ചയായി അക്രമത്തിന് പ്രേരിപ്പിക്കുകയാണെന്നും വെല്‍ഡ്കാമ്പ് പാര്‍ലമെന്റില്‍ പറഞ്ഞു.

ഇസ്രഈല്‍ നേതാക്കള്‍ ഫലസ്തീനിലെ അനധികൃത സെറ്റില്‍മെന്റുകളുടെ വികസനത്തിനും ഗസയിലെ വംശീയ ഉന്മൂലനത്തിനും ആഹ്വാനം ചെയ്തിട്ടുണ്ടെന്നും വെല്‍ഡ്കാമ്പ് പരാമര്‍ശിച്ചു. ഇക്കാര്യങ്ങള്‍ ഒന്നും തന്നെ ന്യായീകരിക്കാന്‍ കഴിയുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

Bezalel Smotrich

2023 ഒക്ടോബര്‍ ഏഴ് മുതല്‍ ഡച്ച് സര്‍ക്കാര്‍ ഇസ്രഈലിലേക്കുള്ള കയറ്റുമതികള്‍ നിയന്ത്രിച്ചിട്ടുണ്ടെന്നും സൈനിക ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യുന്ന 11 കമ്പനികള്‍ക്ക് ലൈസന്‍സ് നിരസിച്ചിട്ടുണ്ടെന്നും വെല്‍ഡ്കാമ്പ് ഓര്‍മിപ്പിച്ചു. വരും ദിവസങ്ങളില്‍ അടിയന്തിര ചര്‍ച്ചക്കായി ഇസ്രഈല്‍ അംബാസിഡറെ വിളിച്ചുവരുത്തുമെന്നും വിദേശകാര്യമന്ത്രി അറിയിച്ചു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഡച്ച് സര്‍ക്കാര്‍ ഷെങ്കൻ ഏരിയയുടെ അഭികാമ്യമല്ലാത്ത വ്യക്തികളുടെ രജിസ്ട്രിയിലും സ്‌മോട്രിച്ചിന്റെയും ഗ്വിറിന്റെയും പേരുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യൂറോപ്പിലെ 29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഒരു പ്രദേശത്തെ വിളിക്കുന്ന പേരാണ് ഷെങ്കൻ ഏരിയ.

അതേസമയം നെതര്‍ലാന്‍ഡ്സിന്റെ വിലക്കില്‍ പ്രതികരണവുമായി ബെന്‍ ഗ്വിര്‍ രംഗത്തെത്തി. യൂറോപ്പ് മുഴുവന്‍ വിലക്കിയാലും തന്റെ രാജ്യമായ ഇസ്രഈലിന് വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുമെന്ന് ഗ്വിര്‍ പറഞ്ഞു.

ഫലസ്തീന്‍ സായുധ സംഘടനയെ അട്ടിമറിക്കാനും ഇസ്രഈല്‍ സൈന്യത്തെ പിന്തുണക്കണമെന്നും ആഹ്വാനം ചെയ്യുമെന്നും ബെന്‍ ഗ്വിര്‍ എക്സില്‍ കുറിച്ചു.

ഇതിനുപിന്നാലെ ഗസയിലെ ഇസ്രഈല്‍ നിലപാടില്‍ പ്രതിഷേധിച്ച് യൂറോപ്യന്‍ യൂണിയനും ഇസ്രഈലിനെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് ഡച്ച് പ്രധാനമന്ത്രി ഡിക്ക് ഷൂഫ് മുന്നറിയിപ്പ് നല്‍കി.

ഗസയിലെ അവശരായ ജനങ്ങള്‍ക്ക് ഉടനടി മാനുഷിക സഹായം എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. അല്ലാത്തപക്ഷം ഇസ്രഈലിനെതിരെ ഇ.യുവിന്റെ നടപടിയുണ്ടാകുമെന്നാണ് ഡിക്ക് ഷൂഫിന്റെ അറിയിപ്പ്.

കഴിഞ്ഞ ദിവസങ്ങളില്‍ നെതര്‍ലാന്‍ഡ്സിലെ ഈജിപ്ഷ്യന്‍ എംബസിക്കെതിരെയും വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. റഫാ അതിര്‍ത്തി തുറക്കാത്തതില്‍ പ്രതിഷേധിച്ച് നെതര്‍ലാന്‍ഡ്‌സിലെ ഫലസ്തീന്‍ അനുകൂലികളായ ആക്ടിവിസ്റ്റുകള്‍ സൈക്കിള്‍ ചെയിന്‍ ഉപയോഗിച്ച് എംബസിയുടെ ഗേറ്റ് പൂട്ടുകയായിരുന്നു.

Content Highlight: Netherlands bans two Israeli ministers

We use cookies to give you the best possible experience. Learn more