| Saturday, 29th November 2025, 5:11 pm

ഏഴര മണിക്കൂര്‍ മേക്കപ്പിന് മാത്രം, സ്‌ട്രെയ്ഞ്ചര്‍ തിങ്‌സിനായി ജെയ്മി കാംപ്‌ബെലിന്റെ തയാറെടുപ്പുകള്‍ വീണ്ടും വൈറല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നെറ്റ്ഫ്‌ളിക്‌സിന്റെ ചരിത്രത്തിലെ സകല വ്യൂവര്‍ഷിപ്പ് റെക്കോഡുകളും തകര്‍ത്ത് മുന്നേറുകയാണ് സ്‌ട്രെയ്ഞ്ചര്‍ തിങ്‌സ്. മൂന്ന് ഭാഗങ്ങളിലായി പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന അഞ്ചാം സീസണിന്റെ ആദ്യഭാഗമാണ് കഴിഞ്ഞദിവസം പുറത്തുവിട്ടത്. നാല് എപ്പിസോഡുകള്‍ക്കും ഗംഭീര പ്രതികരണമാണ് ആരാധകരില്‍ നിന്ന് ലഭിക്കുന്നത്.

സിരീസിലെ മര്‍മപ്രധാനമായ കഥാപാത്രങ്ങളിലൊന്നാണ് വെക്‌ന. എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണക്കാരനായ, അങ്ങേയറ്റം അപകടകാരിയായ വില്ലനായാണ് വെക്‌നയെ സിരീസില്‍ ചിത്രീകരിച്ചിരിക്കുന്നത്. ജെയ്മി കാംപ്‌ബെല്ലാണ് വെക്‌നയായി വേഷമിടുന്നത്. ഇപ്പോഴിതാ വെക്‌ന എന്ന കഥാപാത്രത്തിനായി ജെയ്മി നടത്തുന്ന തയാറെടുപ്പുകളുടെ വീഡിയോ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. മൂന്ന് വര്‍ഷം മുമ്പ് നെറ്റ്ഫ്‌ളിക്‌സ് പുറത്തുവിട്ട വീഡിയോ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി.

Vecna/ Screen grab/ Dexerto

പ്രോസ്‌തെറ്റിക് മേക്കപ്പ് ഉപയോഗിച്ച് കഥാപാത്രമായി മാറുന്ന ജെയ്മിയുടെ വീഡിയോ ഇതിനോടകം വൈറലായി. ഏഴര മണിക്കൂറോളം സമയമെടുത്താണ് ജെയ്മി വെക്‌ന എന്ന കഥാപാത്രമായി മാറുന്നത്. 25ലധികം പ്രോസ്‌തെറ്റിക് പീസുകള്‍ ചേര്‍ത്തുവെച്ചാണ് കഥാപാത്രത്തിലേക്ക് ജെയ്മിയെ രൂപമാറ്റം നടത്തിയത്. അഞ്ചാം സീസണ് വേണ്ടി പല ദിവസങ്ങളിലും ജെയ്മി ഈ രീതി പിന്തുടരുകയായിരുന്നു.

തന്റേതായ പുതിയൊരു ലോകം കെട്ടിപ്പടുക്കാന്‍ വേണ്ടി പലരുടെയും മനസിനെ നിയന്ത്രിക്കാനുള്ള തന്റെ സൂപ്പര്‍പവര്‍ ഉപയോഗിക്കുന്ന കഥാപാത്രമാണ് വെക്‌ന. യഥാര്‍ത്ഥ ലോകത്തില്‍ ഹെന്റി എന്ന പേരില്‍ അറിയപ്പെട്ട കഥാപാത്രം അപ്‌സെഡ് ഡൗണില്‍ വെക്‌നയായി മാറുകയായിരുന്നു. നാലാം സീസണില്‍ വെക്‌നക്ക് ലഭിച്ച ബില്‍ഡപ്പിനെ ശരിവെക്കുന്ന പ്രകടനമായിരുന്നു ജെയ്മി നടത്തിയത്.

Jamie Campbell/ Screen Grab/ X

അഞ്ചാം സീസണിലും ഈ കഥാപാത്രത്തെ പ്ലെയ്‌സ് ചെയ്ത രീതി ഗംഭീരമാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇനി എന്താകുമെന്നറിയാന്‍ ഒരു മാസത്തോളം കാത്തിരിക്കേണ്ടി വരുന്നതിന്റെ നിരാശയും ആരാധകര്‍ പങ്കുവെച്ചു. ഡിസംബര്‍ 24നാണ് രണ്ടാം ഭാഗം പുറത്തിറങ്ങുക. ഒമ്പത് എപ്പിസോഡുള്ള അഞ്ചാം സീസണില്‍ ഇനി അഞ്ച് എപ്പിസോഡുകളാണ് പുറത്തിറങ്ങാന്‍ ബാക്കിയുള്ളത്.

അവസാന എപ്പിസോഡ് ന്യൂ ഇയര്‍ ഈവിന് പുറത്തിറങ്ങുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. 2016ല്‍ ആരംഭിച്ച സിരീസ് നെറ്റ്ഫ്‌ളിക്‌സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ്. ഡഫര്‍ ബ്രദേഴ്‌സ് ഹോക്കിന്‍സ് ടൗണില്‍ ഒളിപ്പിച്ചുവെച്ച രഹസ്യങ്ങള്‍ എന്തെല്ലാമാണെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

Content Highlight: Netflix released behind the scenes of Jamie Campbell in Stranger Things

We use cookies to give you the best possible experience. Learn more