| Wednesday, 15th January 2025, 2:04 pm

ഫസ്റ്റ് ലുക്ക് പോലും വന്നില്ല, അതിന് മുന്നേ ദുല്‍ഖര്‍ ചിത്രത്തിന്റെ റൈറ്റ്‌സ് സ്വന്തമാക്കി നെറ്റ്ഫ്‌ളിക്‌സ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍മാരില്‍ ഒരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. ബിഗ് എംസിന് ശേഷം മലയാളത്തില്‍ ഏറ്റവുമുയര്‍ന്ന ആദ്യദിന കളക്ഷന്‍ നേടാന്‍ കെല്പുള്ള നടനും കൂടിയാണ് ദുല്‍ഖര്‍ സല്‍മാന്‍. നെഗറ്റീവ് റിവ്യൂ വന്ന കിങ് ഓഫ് കൊത്ത പോലും ആദ്യദിന കളക്ഷനില്‍ മുന്നിട്ട് നിന്നിരുന്നു. ദുല്‍ഖര്‍ നായകനായ തെലുങ്ക് ചിത്രം ലക്കി ഭാസ്‌കര്‍ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായിരുന്നു.

ദുല്‍ഖര്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് കാന്ത. നവാഗതനായ സെല്‍വമണി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രം തമിഴിലും തെലുങ്കിലുമായാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റസ് നെറ്റ്ഫ്‌ളിക്‌സ് സ്വന്തമാക്കിയ വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. വന്‍ തുകയ്ക്കാണ് ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്‌സ് വിറ്റുപോയിരിക്കുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പോലും പുറത്തിറങ്ങാതെയാണ് നെറ്റ്ഫ്‌ളിക്‌സ് കാന്തയെ സ്വന്തമാക്കിയത്. ദുല്‍ഖറിന്റെ മുന്‍ ചിത്രം ലക്കി ഭാസ്‌കറിന്റെ ഒ.ടി.ടി റൈറ്റ്‌സും നെറ്റ്ഫ്‌ളിക്‌സായിരുന്നു സ്വന്തമാക്കിയത്. നെറ്റ്ഫ്‌ളിക്‌സില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റില്‍ അഞ്ചാം സ്ഥാനത്തെത്താനും ലക്കി ഭാസ്‌കറിന് സാധിച്ചു. കാന്തയുടെ റൈറ്റ്‌സ് സ്വന്തമാക്കാന്‍ നെറ്റ്ഫ്‌ളിക്‌സിനെ പ്രേരിപ്പിച്ചതും ഇതേ കാരണമാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

കാന്തക്ക് പുറമെ അജിത് ചിത്രം ഗുഡ് ബാഡ് അഗ്ലി, പ്രദീപ് രംഗനാഥന്‍ നായകനാകുന്ന ഡ്രാഗണ്‍, സൂര്യ- കാര്‍ത്തിക് സുബ്ബരാജ് ടീമിന്റെ റെട്രോ, ധ്രുവ് വിക്രമിനെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ബൈസണ്‍ തുടങ്ങിയ ചിത്രങ്ങളുടെ റൈറ്റ്‌സും നെറ്റ്ഫ്‌ളിക്‌സാണ് സ്വന്തമാക്കിയിരിക്കുന്നത്. പൊങ്കലിനോടനുബന്ധിച്ച് നെറ്റ്ഫ്‌ളിക്‌സ് നടത്തിയ ‘നെറ്റ്ഫ്‌ളിക്‌സ് പണ്ടിഗൈ’യിലാണ് ഇക്കാര്യം അറിയിച്ചത്.

ദുല്‍ഖറിന് പുറമെ തെലുങ്ക് താരങ്ങളായ റാണാ ദഗ്ഗുബട്ടിയും ഭാഗ്യശ്രീ ബോസും കാന്തയില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. 1950കളില്‍ തമിഴ്നാടിനെ പിടിച്ചുകുലുക്കിയ യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് കാന്താ അണിയിച്ചൊരുക്കുന്നത്. തമിഴ് സിനിമയിലെ ആദ്യത്തെ സൂപ്പര്‍സ്റ്റാറായ എം.കെ. ത്യാഗരാജ ഭാഗവതരായാണ് ദുല്‍ഖര്‍ വേഷമിടുന്നത്. ഈ വര്‍ഷം പകുതിയോടെ ചിത്രം തിയേറ്റുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Netflix acquired the OTT rights of Kaantha movie before first look release

We use cookies to give you the best possible experience. Learn more