| Friday, 27th February 2015, 9:01 am

ഇറാന്‍ ആണവ പദ്ധതി: ഇസ്‌റഈലും യു.എസും തമ്മില്‍ പോര് മുറുകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്‌റാന്‍: ഇറാന്‍ ആണവ പദ്ധതികളെ സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ അമേരിക്കക്കും ഇസ്‌റഈലിനും ഇടയില്‍ രൂക്ഷമായി. ഇറാന്റെ ആണവ പദ്ധതികള്‍ സംരക്ഷിക്കാനാണ് അമേരിക്കയുള്‍പ്പെടെയുള്ളവരുടെ ശ്രമങ്ങള്‍ എന്ന ഇസ്‌റഈല്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തിനെതിരെ അമേരിക്ക രംഗത്തെത്തി.

ഇത്തരം പരാമര്‍ശങ്ങള്‍ അമേരിക്ക ഇസ്‌റഈല്‍ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കി.

ഏതാനും ദിവസം മുമ്പായിരുന്നു യു.എസ് കോണ്‍ഗ്രസില്‍ വെച്ച് നെതന്യാഹു ഈ പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസിന്റെ നിയന്ത്രണമുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയാണ് നെതന്യാഹുവിനെ ക്ഷണിച്ചിരുന്നത്. ഇറാന്‍ ആണവ ബോംബ് നിര്‍മിക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് ഈ രാജ്യത്തെ തടയാനുള്ള കരാറില്‍ നിന്ന് ലോകരാജ്യങ്ങള്‍ പിറകോട്ടുപോയെന്ന് നെതന്യാഹു കുറ്റപ്പെടുത്തിയിരുന്നു.

“നെതന്യാഹുവിനു തെറ്റുപറ്റി. ഇന്ന് അദ്ദേഹം പറയുകയാണ്, നമുക്ക് ഇടക്കാല കരാര്‍ നീട്ടണമെന്ന്.” എന്നായിരുന്നു ഇതിനെതിരെ ജോണ്‍ കെറി പ്രതികരിച്ചത്.

ടെഹ്‌റാനുമായി ആണവ വിഷയത്തില്‍ ലോകരാഷ്ട്രങ്ങളുടെ സാന്നിധ്യത്തില്‍ കെറി ചര്‍ച്ച നടത്തുന്നതിനിടെയാണ് ഇസ്‌റഈലിന് മറുപടിയുമായി രംഗത്തെത്തിയത്.

ഇറാനും അഞ്ച് ലോക ശക്തികളും തമ്മിലുള്ള ആണവ കൂടിയാലോചനകള്‍ക്കെതിരെ നെതന്യാഹു നേരത്തെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. യു.എന്‍ സുരക്ഷാ കൗണ്‍സിലിലെ അഞ്ച് സ്ഥിരാംഗങ്ങള്‍ക്കൊപ്പം ജര്‍മ്മനിയും ഇറാനും തമ്മില്‍ ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ജനീവയില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. മാര്‍ച്ച് അവസാനമാകുമ്പോഴേക്കും പദ്ധതി ആരംഭിക്കാനാണ് ഇവരുടെ തീരുമാനം.

എന്നാല്‍ അത്തരമൊരു പദ്ധതി മുടക്കാന്‍ തനിക്കാവുന്നതെല്ലാം ചെയ്യുമെന്നാണ് നെതന്യാഹു വ്യാഴാഴ്ച പറഞ്ഞത്. “ഈ കരാര്‍ തടയാനായി എന്നാലാവുന്നത് ചെയ്യുകയെന്നത് പ്രധാനമന്ത്രിയെന്ന നിലയില്‍ എന്റെ കടമയാണ്. അതുകൊണ്ട് ഞാന്‍ വാഷിങ്ടണിലേക്കു പോകും… ഈ കരാര്‍ സംബന്ധിച്ച അന്തിമ തീരുമാനം അമേരിക്ക കോണ്‍ഗ്രസില്‍ ഉണ്ടാവാനാണ് സാധ്യത.” നെതന്യാഹു പറഞ്ഞു.

എന്നാല്‍ നെതന്യാഹുവിന്റെ പ്രസ്താവനയ്ക്ക് ശക്തമായ മറുപടിയുമായി കെറി രംഗത്തെത്തി. ജോര്‍ജ് ബുഷ് അമേരിക്കയുടെ പ്രസിഡന്റായിരുന്നപ്പോള്‍ ഇറാഖിനെ ആക്രമിക്കുന്നതിനെ കുറിച്ച് നെതന്യാഹു വാതോരാതെ സംസാരിച്ചിരുന്നെന്നും പിന്നെയെന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും കെറി തുറന്നടിച്ചു.

ചില്ലറ കാര്യങ്ങളെ സംബന്ധിച്ച് അമേരിക്കയുടെയും ഇസ്‌റഈലിന്റെയും ഇടയില്‍ പ്രശ്‌നങ്ങളുണ്ടാകുന്നത് ശരിയല്ലെന്നും ഇത് വലിയ ആഘാതം സൃഷ്ടിക്കുമെന്നും ഒബാമയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സൂസന്‍ റൈസ് പറഞ്ഞു.

അമേരിക്ക ഇസ്‌റഈല്‍ ബന്ധം, റിപ്പബ്ലിക്കന്‍ ലിക്വിഡ് പാര്‍ട്ടികള്‍ തമ്മിലുള്ള ബന്ധമായി ചുരുങ്ങുന്നതിനെതിരെ ഒബാമ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഈ വിഷയത്തില്‍ നെതന്യാഹുവിനെ നേരിട്ട് കാണുകയില്ലെന്ന് ഒബാമ വ്യക്തമാക്കി.

എന്നാല്‍, തങ്ങളുടെ ആണവ പദ്ധതികള്‍ ഏതെങ്കിലും രാജ്യത്തെ ലക്ഷ്യം വെച്ച് ആയുധം നിര്‍മിക്കാനോ മറ്റോ അല്ലെന്നും മറിച്ച് ഊര്‍ജ ആവശ്യങ്ങള്‍ക്കാണെന്നും ഇറാന്‍ ആവര്‍ത്തിക്കുന്നുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more