| Friday, 27th March 2026, 12:17 pm

നിർബന്ധിത സൈനിക സേവനം നീട്ടാൻ നെതന്യാഹു: സൈന്യം തകർച്ചയുടെ വക്കിലെന്ന മുന്നറിയിപ്പുമായി സൈനിക മേധാവി

മുഹമ്മദ് നബീല്‍

ടെൽ അവീവ്: സൈന്യത്തിൽ വർധിച്ചുവരുന്ന ഉദ്യോഗസ്ഥ ക്ഷാമം പരിഹരിക്കുന്നതിന് നിർബന്ധിത സൈനിക സേവനം നീട്ടാനൊരുങ്ങി ഇസ്രഈൽ.

സൈന്യത്തിലെ പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ സൈന്യം തകരുമെന്ന് ആർമി ചീഫ് ഓഫ് സ്റ്റാഫ് ഇയാൽ സമീർ മുന്നറിയിപ്പ് നൽകിയിരുന്നു, ഇതിന് മറുപടിയായാണ് സെക്യൂരിറ്റി ക്യാബിനറ്റ് യോഗത്തിൽ ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഈ പ്രഖ്യാപനം നടത്തിയത്.

ജൂത മത വിശ്വാസികളുടെ പെസഹാ അവധിക്ക് ശേഷം നിർബന്ധിത സൈനിക സേവന നിയമങ്ങൾ പരിഷ്കരിക്കുമെന്നും സേവന കാലാവധി വർദ്ധിപ്പിക്കുമെന്നും നെതന്യാഹു പറഞ്ഞു.

യാഥാസ്തിക ജൂതന്മാർക്ക് സൈനിക സേവനത്തിന് ഇളവുകൾ നൽകുന്നതിനെതിരെ ഇസ്രഈൽ പാർലമെന്റ് വിദേശകാര്യ പ്രതിരോധ സമിതിയിലെ ഉപദേഷ്ടാവ് ഉന്നയിച്ച എതിർപ്പുകളെ നെതന്യാഹു തള്ളി.

‘അദ്ദേഹത്തിന്റെ ചുമതല ഉപദേശം നൽകുക എന്നതാണ്, തീരുമാനങ്ങൾ എടുക്കുന്നത് ഞങ്ങളാണ്,’ ഇസ്രഈൽ പ്രധാനമന്ത്രി പറഞ്ഞു.

ഇസ്രഈൽ സേന ഏകദേശം 15000 സൈനികരുടെ കുറവ് നേരിടുന്നുണ്ടെന്ന് സൈനിക വക്താവ് എഫി ഡെഫ്രിൻ പറഞ്ഞിരുന്നു.

ഇസ്രഈൽ ഡിഫൻസ് ഫോഴ്സ് (ഐ.ഡി.എഫ്) തകരുന്നതിന് മുമ്പ് പത്ത് അപായസൂചനകൾ താൻ മുന്നോട്ട് വെക്കുന്നതായി ബുധനാഴ്ച നടന്ന സെക്യൂരിറ്റി ക്യാബിനറ്റ് യോഗത്തിൽ സംസാരിക്കവെ ചീഫ് ഓഫ് സ്റ്റാഫ് ലഫ്റ്റനന്റ് ജനറൽ ഇയാൽ സമീർ പറഞ്ഞിരുന്നു.

യുദ്ധം തുടരുന്ന സാഹചര്യത്തിൽ സൈനികരുടെ കുറവ് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.

ഗാസ, ലെബനൻ, സിറിയ, വെസ്റ്റ് ബാങ്ക് എന്നീ മേഖലകളിൽ കൂടുതൽ സൈനികരെ ആവശ്യമാണെന്നും ഇയാൽ സമീർ ചൂണ്ടിക്കാട്ടിയിരുന്നു.

സമീറിന്റെ പരാമശങ്ങൾക്ക് പിന്നാലെ പ്രതിപക്ഷ നേതാക്കൾ സർക്കാരിനെ രൂക്ഷമായി വിമർശിച്ചു.

സൈനിക സേവനങ്ങൾ സ്തംഭിക്കുന്നത് സുരക്ഷാ ഭീഷണിയാണെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ വിമർശനം.

നിലവിലുള്ള നിയമപ്രകാരം ഇസ്രഈലിലെ പുരുഷന്മാർക് 32 മാസവും, സ്ത്രീകൾക്ക് 24 മാസവുമാണ് നിർബന്ധിത സൈനിക സേവനം.പുതിയ നിയമപ്രകാരം ഇത് 36 മാസമായുയർത്താനാണ് സർക്കാർ പദ്ധതി.

Content Highlight: Netanyahu to extend mandatory military service: Army chief warns that army is on the verge of collapse

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more