ടെല്‍അവീവ്: ഇസ്രഈലിലെ സര്‍ക്കാര്‍ രൂപീകരണം നിര്‍ണായക ഘട്ടത്തിലേക്ക്. തൂക്കുസഭ രൂപീകരിക്കാന്‍ യഥാര്‍ത്ഥ ഐക്യത്തിന് തയ്യാറാണെങ്കില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ തീരുമാനത്തിലെത്തണമെന്ന് പ്രതിപക്ഷ നേതാവ് ഗാഡി ഐസന്‍കോട്ട് പറഞ്ഞു. ലിക്കുഡ് പാര്‍ട്ടി എത്രത്തോളം ആത്മാര്‍ത്ഥത കാണിക്കുന്നുണ്ടെന്ന് നോക്കാന്‍ തയ്യറാണെന്നും ഐസന്‍കോട്ട് പ്രസ്താവനയില്‍ പറഞ്ഞു.
റോട്ടേഷന്‍ രസീതിയിലുള്ള ഭരണത്തിന് തയ്യാറാണെന്നും ആദ്യം ഐസന്‍കോട്ട് പ്രധാനമന്ത്രിയാകട്ടെയെന്നും താന്‍ ആള്‍ട്രനേറ്റ് പ്രധാനമന്ത്രിയായി പ്രവര്‍ത്തിക്കാമെന്നും നെതന്യാഹു വാഗാദാനം ചെയ്തിരുന്നു. പിന്നാലെയാണ് ഐസന്‍കോട്ടിന്റെ പരാമര്‍ശം.
‘ലിക്കുഡ് പാര്‍ട്ടി ആത്മാര്‍ത്ഥമായ ഐക്യത്തിന് തയ്യാറാണെങ്കില്‍, അടുത്ത 24 മണിക്കൂറിനുള്ളില്‍ അവരുടെ ഉദ്ദേശശുദ്ധി വിലയിരുത്താന്‍ ഞാന്‍ തയ്യാറാണ്,’ ഐസന്‍കോട്ട് പറഞ്ഞു. അടിയന്തര ചര്‍ച്ചകള്‍ക്കായി ഹെര്‍സ്ലിയയിലെ ഡാന്‍ അക്കാഡിയ ഹോട്ടലിലേക്ക് നെതന്യാഹുവിനെയും സംഘത്തെയും അദ്ദേഹം ക്ഷണിച്ചു. രാവിലെ ചര്‍ച്ചകള്‍ക്കായി നെതന്യാഹു എത്തുമെന്ന് ലിക്കുഡ് പാര്‍ട്ടി സ്ഥിരീകരിച്ചിട്ടുണ്ട്.
‘ഐക്യം എന്നത് ആരാണ് ആദ്യം അധികാരത്തില്‍ വരുന്നത് എന്നതിലല്ല, മറിച്ച് മൂല്യങ്ങളിലും നയങ്ങളിലുമാണ്,’ എന്ന് ഐസന്‍കോട്ട് വ്യക്തമാക്കിയതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി വ്യക്തമായ നയരേഖകള്‍ സമര്‍പ്പിക്കാതെ ലിക്കുഡ് സമയം നീട്ടിക്കൊണ്ടുപോവുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അള്‍ട്രാ-ഓര്‍ത്തഡോക്‌സ് വിഭാഗക്കാരുടെ നിര്‍ബന്ധിത സൈനിക സേവന നിയമങ്ങള്‍, ഒക്ടോബര്‍ 7 ആക്രമണത്തെക്കുറിച്ചുള്ള ഔദ്യോഗിക അന്വേഷണം തുടങ്ങിയ വിഷയങ്ങളിലാണ് പ്രധാന തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നത്.
ഒക്ടോബര്‍ 27-ലെ തെരഞ്ഞെടുപ്പില്‍ 120 അംഗ പാര്‍ലമെന്റായ നെസെറ്റില്‍ ഒരു മുന്നണിക്കും കേവലഭൂരിപക്ഷമായ 61 സീറ്റുകള്‍ നേടാനായിരുന്നില്ല. തുടര്‍ന്ന്, ഡിസംബര്‍ 6-നകം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇസ്രഈല്‍ പ്രസിഡന്റ് ഐസന്‍കോട്ടിനെ ക്ഷണിച്ചിരിക്കുകയാണ് (ആവശ്യമെങ്കില്‍ ഡിസംബര്‍ 20 വരെ സമയം നീട്ടിനല്‍കാനും വ്യവസ്ഥയുണ്ട്).
അവിഗ്‌ദോര്‍ ലിബര്‍മാന്റെ വലതുപക്ഷ പാര്‍ട്ടിയുമായും ഇടതുപക്ഷ ഡെമോക്രാറ്റുകളുമായും സഖ്യകരാറുകളില്‍ ഒപ്പുവെച്ചതോടെ 48 സീറ്റുകളുമായി ഐസന്‍കോട്ടിന്റെ നേതൃത്വത്തിലുള്ള നാല് പാര്‍ട്ടികളുടെ സഖ്യം കരുത്താര്‍ജ്ജിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നെതന്യാഹു വിട്ടുവീഴ്ചയ്ക്ക് തയ്യാറായത്. ഐസന്‍കോട്ടിനെ ആദ്യം പ്രധാനമന്ത്രിയാക്കാന്‍ നെതന്യാഹു സമ്മതിച്ചില്ലെങ്കില്‍ നെതന്യാഹു വിരുദ്ധ സഖ്യത്തെ പിന്തുണയ്ക്കുമെന്ന് മുന്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റും മുന്നറിയിപ്പ് നല്‍കിയിരുന്നു
Content Highlight: Netanyahu suggests Eizenkot become Prime Minister; Eizenkot responds: “If you are truly sincere, make the decision within 24 hours.”