| Monday, 16th June 2025, 8:19 pm

ഇറാന്റെ ആണവായുധ ഭീഷണിയെ ഇല്ലാതാക്കാന്‍ പോകുന്നു; അവകാശവാദവുമായി നെതന്യാഹു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെല്‍ അവീവ്: ഇറാന്റെ ആണവായുധ, ബാലിസ്റ്റിക് കേന്ദ്രങ്ങള്‍ ഇല്ലാതാക്കാന്‍ പോവുകയാണെന്ന അവകാശവാദവുമായി ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാന്റെ വ്യോമമേഖല ഇപ്പോള്‍ തങ്ങളുടെ നിയന്ത്രണത്തിലാണെന്നും ഇറാന്റെ ആണവ, ബാലിസ്റ്റിക് മിസൈല്‍ ഭീഷണികളെ നശിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്ക് ഇസ്രഈല്‍ അടുത്തിരിക്കുകയാണെന്നും നെതന്യാഹു അവകാശപ്പെട്ടു.

‘ഞങ്ങള്‍ ടെഹ്‌റാന്റെ ആകാശങ്ങള്‍ നിയന്ത്രിക്കുമ്പോള്‍ അവരുടെ ഈ ടാര്‍ഗറ്റുകള്‍ തകര്‍ക്കും. എന്നാല്‍ ഇറാന്‍ ഭരണകൂടത്തെപ്പോലെ പൗരന്മാരേയും കുട്ടികളേയും സ്ത്രീകളേയുമല്ല ലക്ഷ്യം വെക്കുന്നത്,’ നെതന്യാഹു പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രഈല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രഈല്‍ ആക്രമണം നടത്തുമ്പോള്‍ ടെഹ്‌റാന്‍ നിവാസികള്‍ നഗരം വിട്ട് പോവണമെന്നും നെതന്യാഹു ആവശ്യപ്പെട്ടിട്ടുണ്ട്.

ഇസ്രഈല്‍ സേന വക്താവും നേരത്തെ സമാനമായ വാദം ഉന്നയിച്ചിരുന്നു. ഈ കേന്ദ്രങ്ങള്‍ തകര്‍ക്കുക എന്നത് തങ്ങളുടെ ഇത്രയും ദിവസത്തെ പദ്ധതിയുടെ ഭാഗമായിരുന്നില്ലെന്ന് പ്രതിരോധ മന്ത്രി ഇസ്രഈല്‍ കാറ്റ്‌സുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം വക്താവ് പറയുകയുണ്ടായി.

ഒരിടവേളയ്ക്ക് ശേഷം ദിവസങ്ങള്‍ക്ക് മുമ്പാണ് ഒരു പ്രകോപനവുമില്ലാതെ ഇസ്രഈല്‍ ഇറാനെ ആക്രമിച്ചത്. തന്റെ രാജ്യം ആണവ വിനാശത്തിന്റെ ഭീഷണി നേരിടുകയായിരുന്നുവെന്നും ആക്രമണാത്മകമായി പ്രവര്‍ത്തിക്കുകയല്ലാതെ തങ്ങള്‍ക്ക് മറ്റ് മാര്‍ഗമില്ലെന്നുമാണ് ഈ ആക്രമണത്തിന്റെ ന്യായീകരണമായി നെതന്യാഹു ഉയര്‍ത്തിക്കാട്ടിയത്.

തങ്ങളെ നശിപ്പിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ അണുബോംബുകള്‍ നിര്‍മിക്കുന്നതിനായി യുറേനിയം ആയുധമാക്കാന്‍ ഇറാന്‍ തിടുക്കം കൂട്ടുന്നുണ്ടെന്നത് ഒരു ഭീഷണിയാണെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു. കൂടാതെ ബാലിസ്റ്റിക് മിസൈല്‍ ആയുധ ശേഖരം പ്രതിവര്‍ഷം 3600 വര്‍ധിപ്പിക്കാനുള്ള തിരക്കിലാണ് ഇറാനെന്നുള്ളതാണ് മറ്റൊരു ഭീഷണിയെന്നും അതിനാല്‍ ഇസ്രഈല്‍ ഇറാനെ ആക്രമിക്കുന്നത് ഒരു സ്വയം സംരക്ഷണമാണെന്നും നെതന്യാഹു അവകാശപ്പെട്ടു.

അമേരിക്കയുടെ മരണമെന്നാണ് ഇറാന്റെ മുദ്രാവാക്യമെന്നും ട്രംപിനെ ഇറാന്‍ രണ്ട് തവണ കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെന്നും നെതന്യാഹു അവകാശപ്പെട്ടു.

ദിവസങ്ങളായി തുടരുന്ന ഈ ആക്രമണത്തില്‍ ഇരു രാജ്യങ്ങള്‍ക്കും കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇസ്രഈല്‍ ആക്രമണത്തില്‍ ഇറാനില്‍ 224പേര്‍ കൊല്ലപ്പെട്ടെന്നാണ് ഇറാന്‍ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്.

ഇസ്രഈലില്‍ 12 ഓളം പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്. കൂടാതെ ഇറാനിലേയും ഇസ്രഈലിലേയും ജനവാസ മേഖലകളും എണ്ണ സംഭരണ കേന്ദ്രങ്ങളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്.

Content Highlight: Netanyahu says they are on the way to destroying Iran’s nuclear, missile threats

We use cookies to give you the best possible experience. Learn more