ടെഹ്റാന്‍: ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ യു.എ.ഇ സന്ദര്‍ശന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഇറാന്‍.
നെതന്യാഹുവിനെപ്പോലുള്ള പ്രാദേശിക അസ്ഥിരത സൃഷ്ടിക്കുന്നവരുടെ സാന്നിധ്യം രാജ്യങ്ങളെ പ്രാദേശിക സംഘര്‍ഷങ്ങള്‍ക്കുള്ള വേദിയാക്കാന്‍ ഇടയാക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞതായി റിപ്പോര്‍ട്ട്.
യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നെയ്ഹാന്റെ ക്ഷണപ്രകാരം നെതന്യാഹു അബുദാബി സന്ദര്‍ശിച്ചത് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതും പ്രാദേശിക വിഷയങ്ങളും ചര്‍ച്ചയായെന്നാണ് യു.എ.ഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
എന്നാല്‍ ഇസ്രഈല്‍ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചര്‍ച്ചകളില്‍ ഇറാനും പ്രധാന വിഷയമായിരുന്നു. ഏകദേശം ആറ് മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ പ്രാദേശിക സുരക്ഷാ സാഹചര്യങ്ങളും ചര്‍ച്ചയായെന്നാണ് റിപ്പോര്‍ട്ടുകള്‍.
നെതന്യാഹുവിന്റെ സാന്നിധ്യം മേഖലയിലെ വിഭജനം, സുരക്ഷാ പ്രശ്‌നങ്ങള്‍, അസ്ഥിരത എന്നിവ കൂടുതല്‍ രൂക്ഷമാക്കാന്‍ ഇടയാക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
‘ പ്രാദേശിക സമാധാനത്തിനും കൂട്ടായ സുരക്ഷയ്ക്കും ഭീഷണിയാകുന്ന ഇത്തരം ആളുകളുടെ സന്ദര്‍ശനത്തെയും അതിന്റെ അന്തരഫലങ്ങളെയും പ്രത്യാഘാതങ്ങളെയും കുറിച്ച് മേഖലയിലെ എല്ലാ രാജ്യങ്ങളും ജാഗ്രതപാലിക്കണം,’ വിദേശ മാന്ത്രാലയം പറഞ്ഞു.
2020ലെ അബ്രഹാം കരാറിലൂടെയാണ് യു.എ.ഇയും ഇസ്രഈലും ഔദ്യോഗിക നയതന്ത്രബന്ധം സ്ഥാപിച്ചത്. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്കിടയിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തുടരുന്നതിനിടെയാണ് നെതന്യാഹുവിന്റെ പുതിയ അബുദാബി സന്ദര്‍ശനം.
Content Highlights: Netanyahu’s UAE visit: Iran issues warning to West Asian nations.