ന്യൂദല്‍ഹി: ഇന്ത്യയെക്കുറിച്ചുള്ള ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്. ഇസ്രഈലിന്റെ നടപടികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാട് ഇന്ത്യയുടെ മൂല്യങ്ങളോടുള്ള വഞ്ചനയാണെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് എക്‌സ് പോസ്റ്റില്‍ പറഞ്ഞു.
‘ഇന്ത്യ എന്ന് വിളിക്കുന്ന ഒരു ചെറിയ രാജ്യം അടക്കം ധാരാളം രാജ്യങ്ങളുടെ പിന്തുണ ഇസ്രഈലിനുണ്ട്,’ എന്നായിരുന്നു ഫോക്‌സ് ന്യൂസിന് നല്‍കിയ ഒരു അഭിമുഖത്തില്‍ നെതന്യാഹുവിന്റെ പരാമര്‍ശം. യു.എസ് അല്ലാതെ ശക്തരായ ഒരു സഖ്യകക്ഷിയും ഇസ്രഈലിനില്ലെന്ന യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെ പ്രസ്താവനയോട് പ്രതികരിച്ചായിരുന്നു നെതന്യാഹു ഈ കാര്യം പറഞ്ഞത്.
നെതന്യാഹുവിന്റെ പരാമര്‍ശത്തെ കോണ്‍ഗ്രസ് ശക്തമായി വിമര്‍ശിച്ചു. ‘മൊദാനി’ സാമ്രാജ്യത്തത്തെ ഇസ്രഈല്‍ സ്വന്തമാക്കിയാലും കോടിക്കണക്കിന് ഇന്ത്യക്കാര്‍ ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന വംശഹത്യയെ അപലപിക്കുന്നവരാണെന്ന് ജയറാം രമേശ് പറഞ്ഞു. ‘പുരസ്‌കാര മോഹിയായ, സ്വയം പ്രഖ്യാപിത വിശ്വ ഗുരു ഇസ്രഈലിന്റെ നടപടികളില്‍ വെച്ചുപുലര്‍ത്തുന്ന മൗനം ഇന്ത്യയുടെ സാംസ്‌കാരിക ധാര്‍മികതയേടും മൂല്യങ്ങളോടുമുള്ള വഞ്ചനയാണ്,’ എന്നും മോദിയെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
‘നെതന്യാഹു പറഞ്ഞത് തെറ്റാണ്. മൊദാനി സാമ്രാജ്യവും മിസ്റ്റര്‍ നരേന്ദ്ര മോദിയും അന്ധമായി അയാളെ ആരാധിക്കുന്നുവെന്നതില്‍ സംശയമില്ല. എന്നാല്‍ കുട്ടികളെ പോലും വെറുതെ വിടാതെ ഇസ്രഈല്‍ ഗസയില്‍ നടത്തുന്ന വംശഹത്യയെ കോടിക്കണക്കിന് ഇന്ത്യക്കാര്‍ അപലപിച്ചിട്ടുണ്ട്,’ ജയറാം രമേശ് കുറിച്ചു.
‘ഇസ്രഈല്‍ വെസ്റ്റ്ബാങ്കില്‍ നിന്ന് ഫലസ്തീനികളെ കുടിയൊഴിപ്പിക്കുന്നതിനനെയും ഇറാനില്‍ ബോംബാക്രമണം നടത്തുന്നതിനെയും ലൈബനനിലെ ക്രൂരമായ സൈനിക നടപടിയെയും കോടിക്കണക്കിന് ഇന്ത്യക്കാര്‍ അപലപിച്ചിരുന്നു. ഇസ്രഈലിന്റെ ആ നടപടികളെല്ലാം മനുഷ്യരാശിക്ക് മേലുള്ള അതിക്രമങ്ങളാണ്,’ ജയറാം രമേശ് കുറിച്ചു.
‘നെതന്യാഹുവിന്റെ കയ്യില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത് അഭിമാനിക്കാനുള്ള കാര്യമല്ല. പ്രത്യേകിച്ച് അയാള്‍ ഒറ്റപ്പെടുകയും മോദിയുടെ വൈറ്റ് ഹൈൗസിലുള്ള് ഫ്രണ്ട് പോലും അയാള്‍ക്കെതിരേ രോഷം പ്രകടിപ്പിക്കുകയും ചെയ്ത ഈ സാഹചര്യത്തില്‍,’ എന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.
‘ഞങ്ങള്‍ക്ക് മറ്റ് ചില സുഹൃത്തുക്കള്‍ കൂടിയുണ്ട്, ഇന്ത്യ എന്ന് വിളിക്കുന്ന ഒരു ചെറിയ രാജ്യത്തെപ്പോലെയുള്ളവര്‍. നിങ്ങള്‍ക്ക് അറിയാമോ അവിടെ 140 കോടി ജനങ്ങളുണ്ട്. അവിടെ അതി ഗംഭീരമായ പിന്തുണയാണ് ഞങ്ങള്‍ക്ക് ലഭിക്കുന്നത്,’ എന്നായിരുന്നു ഇന്നലെ ഫോക്‌സ് ന്യൂസിനോട് സംസാരിക്കവെ നെതന്യാഹു പറഞ്ഞത്. തനിക്ക് ഫേസ്ബുക്കില്‍ ഇന്ത്യയില്‍ നിന്ന് ധാരാളം പിന്തുണ ലഭിക്കുന്നുണ്ടെന്നും നെതന്യാഹു പറഞ്ഞിരുന്നു.
കഴിഞ്ഞ മാസമായിരുന്നു ഇസ്രഈലിന് യു.എസ് അല്ലാതെ ശക്തരായ സഖ്യകക്ഷികളില്ലെന്ന് ജെ.ഡി. വാന്‍സ് അഭിപ്രായപ്പെട്ടത്. യു.എസ്- ഇറാന്‍ സമാധാന ചര്‍ച്ചകളെ ഇസ്രഈല്‍ അംഗീകരിക്കണമെന്നും അന്ന് വൈറ്റ് ഹൗസില്‍ നടത്തിയ ഒരു പ്രസ് ബ്രീഫിങ്ങില്‍ വാന്‍സ് അഭിപ്രായപ്പെട്ടിരുന്നു.
ഇറാന്‍-യു.എസ് കരാറില്‍ ഇസ്രഈല്‍ നേതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചതിനെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു വാന്‍സ് അന്ന് പ്രസ് ബ്രീഫിങ്ങില്‍ ഈ കാര്യങ്ങള്‍ പറഞ്ഞത്. ‘ഞാന്‍ ഇസ്രഈലി കാബിനെറ്റിലുണ്ടായിരുന്നെങ്കില്‍, തങ്ങളുടെ ശക്തരായ ഏക സഖ്യകക്ഷിയെ ആക്രമിക്കില്ലായിരുന്നു,’ എന്നായിരുന്നു വാന്‍സിന്റെ മറുപടി.
Content Highlight: Netanyahu’s remark: ‘Self-styled vishwaguru’s silence’ betrays Indian ethos: Congress slams PM Narednra Modi