| Monday, 15th December 2025, 11:58 am

ബോണ്ടി ബീച്ച് വെടിവെപ്പിലെ രക്ഷകന്‍ ജൂതനെന്ന് നെതന്യാഹു; തിരുത്തി ബന്ധു

അനിത സി

ടെല്‍ അവീവ്: ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിലെ വെടിവെപ്പിനിടെ അക്രമിയെ കീഴ്‌പ്പെടുത്തിയയാള്‍ ജൂത വംശജനാണെന്ന് അവകാശപ്പെട്ട് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. എന്നാല്‍ രക്ഷകന്‍ അഹമ്ദ് അല്‍ അഹമദ് എന്ന സിറിയന്‍ വംശജനാണെന്ന് തിരുത്തി അദ്ദേഹത്തിന്റെ ബന്ധു രംഗത്തെത്തി.

ബോണ്ടി ബീച്ചില്‍ വെച്ച് ജൂതരുടെ വിശുദ്ധ ആഘോഷമായ ഹനുക്കയില്‍ പങ്കെടുക്കുകയായിരുന്നവര്‍ക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടെന്നാണ് പ്രാഥമിക വിവരം.

ഈ ആക്രമണത്തിന് നേതൃത്വം നല്‍കിയ പ്രധാന അക്രമികളില്‍ ഒരാളെ അഹമദ് അല്‍ അഹമദ് എന്ന 43കാരന്‍ ആയുധങ്ങളൊന്നും കയ്യിലില്ലാതിരുന്നിട്ടും ശക്തമായി പ്രതിരോധിച്ച് കീഴടക്കിയിരുന്നു. സിറിയന്‍ വംശജനായ ഓസ്‌ട്രേലിയന്‍ പൗരനാണ് അക്രമിയെ കീഴടക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിറിയന്‍ വംശജനാണ് അഹമദ് എന്ന് അദ്ദേഹത്തിന്റെ ബന്ധു പിന്നീട് മാധ്യമങ്ങളോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍, ആക്രമണമുണ്ടായതിന് പിന്നാലെ തന്നെ ജനങ്ങളെ അഭിസംബോധന ചെയ്ത നെതന്യാഹു അക്രമിയെ കീഴ്‌പ്പെടുത്തിയയാള്‍ ജൂതനാണെന്ന് അവകാശപ്പെടുകയായിരുന്നു.

ജൂതന്മാരുടെ ചെറുത്തുനില്‍പ്പിന്റെയും ധീരതയുടെയും ഉദാഹരണമാണ് ആ രക്ഷകനെന്നും നെതന്യാഹു പറഞ്ഞിരുന്നു. ഇതിനെ തിരുത്തുകയാണ് സോഷ്യല്‍മീഡിയ ഇപ്പോള്‍.

ബോണ്ടി ബീച്ചിലുണ്ടായ വെടിവെപ്പിനിടെ ജീവന്‍ രക്ഷിക്കാനായി ഓടിമറയുന്നവരെ ലക്ഷ്യം വെച്ച് വെടിയുതിര്‍ക്കുകയായിരുന്ന അക്രമിയെ ഒരായുധത്തിന്റെയും സഹായമില്ലാതെ കീഴടക്കിയ അഹമദിന്റെ വീഡിയോ ഓസ്‌ട്രേലിയയ്ക്ക് പുറത്തും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

കാറിന് മറവില്‍ ഒളിച്ചിരുന്ന് അക്രമിയെ പിന്നിലൂടെ കഴുത്തില്‍ പിടിക്കുകയും അടിച്ചുവീഴ്ത്തുകയും ചെയ്യുന്ന അഹമദിനെ വീഡിയോയില്‍ കാണാം. അക്രമിയുടെ കയ്യില്‍ നിന്നും തോക്ക് പിടിച്ചുവാങ്ങി തിരികെ ഷൂട്ട് ചെയ്യാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. ധീരമായ ഈ നടപടി കാരണം നിരവധി ജീവനുകളാണ് രക്ഷിക്കാനായതെന്നാണ് കണക്കുകൂട്ടല്‍.

ആക്രമണത്തിന്റെ വേദനകള്‍ക്കിടയിലും ഓസ്‌ട്രേലിയന്‍ ജനതയ്ക്ക് ആശ്വാസം നല്‍കുന്നതായിരുന്നു അക്രമിയെ കീഴ്‌പ്പെടുത്തുന്ന ഈ വീഡിയോ. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി അന്തോണിയോ ആല്‍ബനീസ് ഉള്‍പ്പെടെയുള്ളവര്‍ ‘ഹീറോ’ എന്നാണ് അഹമദിനെ വിശേഷിപ്പിച്ചത്. ചെറുത്തുനില്‍പ്പിനിടെ പരിക്കേറ്റ അഹമദ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

അതേസമയം, ആക്രമണം നടത്തിയത് രണ്ടുപേരാണെന്നും, ഇവര്‍ 50കാരനായ അച്ഛനും 24കാരനായ മകനുമാണെന്നും ന്യൂ സൗത്ത് വെയില്‍സ് പൊലീസ് അറിയിച്ചിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ അച്ഛന്‍ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ മകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Content Highlight: Benjamin Netanyahu’s claim that Bondi Beach shooting survivor Al-Ahmad was Jewish; relative corrects

അനിത സി

ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍

We use cookies to give you the best possible experience. Learn more