| Tuesday, 27th October 2026, 7:16 am

തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനായി ഇറാനെ ആക്രമിക്കാന്‍ സമ്മര്‍ദം; നെതന്യാഹുവും ഇസ്രഇല്‍ സൈന്യവും തമ്മില്‍ കടുത്ത ഭിന്നതയെന്ന് റിപ്പോര്‍ട്ട്

റെന്വര്‍ പി

ടെല്‍ അവീവ്: ഇന്ന് (ഒക്ടോബര്‍ 27, ചൊവ്വ) നടക്കുന്ന ഇസ്രഈല്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇറാനെതിരെ നടപടിയെടുക്കാന്‍ ഇസ്രഈല്‍ സൈന്യത്തിന് മേല്‍ ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ഇറാനെ എങ്ങനെ നേരിടണം എന്ന കാര്യത്തില്‍ ഇസ്രായേലിലെ രാഷ്ട്രീയ, സൈനിക നേതൃത്വങ്ങള്‍ തമ്മില്‍ ഭിന്നത വര്‍ധിക്കുന്നതായും ഇസ്രാഈലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നെതന്യാഹുവും ഇസ്രഈല്‍ സൈനിക മേധാവി ലഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സാമിറും തമ്മില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തര്‍ക്കമുണ്ടായതായി ‘ചാനല്‍ 12’ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സൈന്യത്തിന് നല്‍കിയ ഒരു നിര്‍ദ്ദേശത്തെ ചൊല്ലിയായിരുന്നു തര്‍ക്കം. സാമിറും നെതന്യാഹുവും തമ്മില്‍ ‘മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത’ തരത്തിലുള്ള ഏറ്റുമുട്ടല്‍ ഉണ്ടായതായി ഇസ്രയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇറാനെതിരായ സൈനിക നടപടി എന്താവണമെന്ന് നെതന്യാഹു സൈനിക മേധാവിയോട് പറഞ്ഞിരുന്നു. എന്നാല്‍ അത് രേഖാമൂലം തനിക്ക് നല്‍കണമെന്ന് സാമിര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. നെതന്യാഹു ഈ റിപ്പോര്‍ട്ട് നിഷേധിച്ചു. ഇറാനെതിരെ സൈനിക നടപടികള്‍ കൈക്കൊള്ളാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഇസ്രഈലി പ്രതിരോധ മന്ത്രാലയവും പിന്നീട് പ്രതികരിച്ചു.

ഇറാനിലെ ഭരണകൂടമാറ്റം സൈനിക ആക്രമണങ്ങളിലൂടെ സാധ്യമാകില്ലെന്ന് നെതന്യാഹുവിനോട് അടുത്ത വൃത്തങ്ങളും മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരും അഭിപ്രായപ്പെട്ടതായി ഇസ്രഈല്‍ മാധ്യമമായ ‘കാന്‍ 11’ റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം നടപടികള്‍ക്ക് ഇറാനിലെ ഭരണകൂടത്തെ ദുര്‍ബലപ്പെടുത്താന്‍ സാധിച്ചേക്കുമെങ്കിലും, അവ പൂര്‍ണ്ണമായ തകര്‍ച്ചയിലേക്ക് നയിക്കില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ നേതൃത്വത്തിന്റെ സമീപനം ഗുരുതരമായ കണക്കുകൂട്ടല്‍ പിഴവുകള്‍ക്ക് വഴിവെച്ചേക്കാമെന്നും, ഇസ്രഈലില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇറാനുമായി അപകടകരമായ സൈനിക സംഘര്‍ഷത്തിന് കാരണമായേക്കാമെന്നും സാമിറും മറ്റ് മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരും ഭയപ്പെടുന്നു. ഇറാന്‍ വിഷയം രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കപ്പെട്ടേക്കാം എന്ന ആശങ്കയും സൈനിക നേതൃത്വത്തിലുണ്ടെന്നും ഇസ്രഈല്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയയം, ഇസ്രഈലിനെ ഇറാന്‍ ആണവായുധമുപയോഗിച്ച് തകര്‍ക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ തന്റെ മുന്നണിയെ തന്നെ വീണ്ടും അധികാരത്തിലെത്തുമെന്നും നെതന്യാഹു പ്രചാരണം നടത്തുന്നുണ്ട്. ഒരു ആണവ സ്‌ഫോടനം ടെല്‍ അവീവിനെ തകര്‍ക്കുന്നതിന്റെ ഒരു എ.ഐ ചിത്രം കഴിഞ്ഞ ദിവസം ഇസ്രഈല്‍ പ്രധാനമന്ത്രി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

തന്നെ തെരഞ്ഞെടുക്കണമെന്നും, അല്ലെങ്കില്‍ ആണവ വിനാശത്തെ നേരിടേണ്ടി വരുമെന്നും നെതന്യാഹു പറഞ്ഞു. തങ്ങളുടെയും കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും നിലനില്‍പ്പിനെക്കുറിച്ച് ചിന്തിക്കുന്ന ആരും, പ്രതിപക്ഷത്തിന് വോട്ട് ചെയ്യില്ലെന്നും നെതന്യാഹു പറയുന്നു.

ഇറാനെതിരെ പുതിയ ആക്രമണം നടത്താന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ നെതന്യാഹു പ്രേരിപ്പിക്കുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടുത്തിടെ യു.എസ് മാധ്യമങ്ങളില്‍ വന്നിരുന്നു. ഇത്തരത്തിലൊരു റിപ്പോര്‍ട്ട് ഇന്നലെ സി.എന്‍.എനിലും വന്നു. ഫെബ്രുവരിയില്‍ ഇരുവരും ചേര്‍ന്ന് ആരംഭിച്ച യുദ്ധം വീണ്ടും തുടങ്ങാന്‍ കഴിഞ്ഞ വാരങ്ങളില്‍ നെതന്യാഹു ട്രംപിനെ പ്രേരിപ്പിക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫിനാന്‍ഷ്യല്‍ ടൈംസും നേരത്തെ സമാന വാര്‍ത്ത നല്‍കിയിരുന്നു. അടുത്ത ആഴ്ച നടക്കാനിരിക്കുന്ന യു.എസ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ അത്തരമൊരു നടപടിക്ക് സാധ്യതയില്ലെന്ന് ട്രംപ് വ്യക്തമാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlight: Netanyahu reportedly pressured military to attack Iran in run-up to election; Clash with army chief

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more