| Tuesday, 1st July 2025, 6:12 pm

ഇറാന്റെ കൈവശം ആണവായുധങ്ങളുണ്ടെന്ന് നെതന്യാഹു 30 വര്‍ഷത്തിലേറെയായി നുണ പറഞ്ഞുകൊണ്ടിരിക്കുകയാണ്: ക്യൂബ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്റാന്‍: ഇറാനെതിരെ യു.എസ് പിന്തുണയോട് ഇസ്രഈല്‍ നടത്തിയ ആക്രമണങ്ങളില്‍ പ്രതിഷേധവുമായി ക്യൂബയും. ഇറാന്റെ കൈവശം ആണവായുധങ്ങളുണ്ടെന്ന് നെതന്യാഹുവും അദ്ദേഹത്തിന്റെ അനുയായികളും 30 വര്‍ഷത്തിലേറെയായി നുണ പറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് ക്യൂബന്‍ വിദേശകാര്യമന്ത്രി ബ്രൂണോ റോഡ്രിഗസ് പറഞ്ഞു. എക്സ് പോസ്റ്റ് വഴിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനെ ചരിത്രപരമായി പിന്തുണക്കുന്ന പുരാതന രാഷ്ട്രമാണ് ഇറാനെന്നും ആ രാജ്യത്തെ നശിപ്പിക്കാന്‍ യു.എസ് സര്‍ക്കാരിനെ സൈനികമായി ഉള്‍പ്പെടുത്തുക എന്നതായിരുന്നു ഇസ്രഈലിന്റെ ഉദ്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇറാന്റെ കൈവശം ആണവായുധങ്ങളുണ്ടെന്ന് നെതന്യാഹുവും അദ്ദേഹത്തിന്റെ അനുയായികളും 30 വര്‍ഷത്തിലേറെയായി നുണ പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഒരു സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനെ ചരിത്രപരമായി പിന്തുണക്കുന്ന ഒരു പുരാതന രാഷ്ട്രത്തെ നശിപ്പിക്കാന്‍ യു.എസ് സര്‍ക്കാരിനെ സൈനികമായി ഉള്‍പ്പെടുത്തുക എന്നതായിരുന്നു അവരുടെ ഉദ്ദേശം,’ ബ്രൂണോ റോഡ്രിഗസ് എക്സില്‍ കുറിച്ചു.

ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ ബോംബാക്രമണത്തെ തങ്ങള്‍ ശക്തമായി അപലപിക്കുന്നുവെന്നും  ആക്രമണമുണ്ടായ സമയത്ത് ക്യൂബ പ്രതികരിച്ചിരുന്നു. ഈ ആക്രമണം യു.എന്‍ ചാര്‍ട്ടറിന്റെയും അന്താരാഷ്ട്ര നിയമത്തിന്റേയും ലംഘനമാണെന്നാണ്‌ ക്യൂബന്‍ പ്രസിഡന്റ് മിഗുവല്‍ ഡയസ് കനേല്‍ പ്രതികരിച്ചത്.

മധ്യപൂര്‍വദേശത്തിലെ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങള്‍ സമാധാനത്തിനായി അടിയന്തരമായി നയതന്ത്ര സംഭാഷണം നടത്തണമെന്നും ക്യൂബന്‍ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.

ക്യൂബക്ക് പുറമെ മറ്റ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയുള്ള ആക്രമണത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇസ്രഈലിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് അമേരിക്ക ഇറാനില്‍ ആക്രമണം നടത്തിയതെന്ന് വെനസ്വേല അന്ന് തന്നെ ആരോപിച്ചിരുന്നു.

ആക്രമണം വിദേശനയത്തിന്റെ ഭരണഘടനാ തത്ത്വങ്ങള്‍ക്ക് എതിരാണെന്നും അതിനാല്‍ മേഖലയിലെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണമെന്നുമാണ് മെക്‌സിക്കോ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്.

Content Highlight: Netanyahu has been lying for over 30 years about Iran having nuclear weapons says Cuba

We use cookies to give you the best possible experience. Learn more