ടെല്‍അവീവ്: റോഹിങ്ക്യന്‍ മുസ്ലിങ്ങള്ക്കതിരെ മ്യാന്മര് വംശഹത്യ നടത്തിയെന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ (ഐ.സി.ജെ) ചരിത്രപ്രധാനമായ വിധിയിലെ നിയമതത്വങ്ങള്‍ പിന്തുടരുകയാണെങ്കില്, ദക്ഷിണാഫ്രിക്ക നല്കിയ വംശഹത്യ കേസില്‍ ഇസ്രഈല്‍ പരാജയപ്പെടാന്‍ സാധ്യതയുണ്ടെന്ന് പ്രമുഖ ഇസ്രഈലി അന്താരാഷ്ട്ര നിയമവിദഗ്ധന് എലിയാവ് ലീബ്ലിച്ച്
ഹീബ്രു ഭാഷയില്‍ എക്സിലൂടെ പങ്കുവെച്ച കുറിപ്പുകളിലാണ് ടെല്‍ അവീവ് സര്‍വകലാശാലയിലെ പ്രൊഫസറായ എലിയാവ് ലീബ്ലിച്ച് ഇസ്രഈല്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്:
‘നാം ഈ അവസ്ഥയില്‍ എത്തിച്ചേര്‍ന്നത് വളരെ മോശമാണ്. ഇതൊരു യഥാര്‍ത്ഥ ഭൂകമ്പമാണ്,’ ലീബ്ലിച്ച് കുറിച്ചു. കോടതിയെക്കുറിച്ച് ഗൂഢാലോചന സിദ്ധാന്തങ്ങള്‍ മെനയുന്നതിന് മുന്‍പ് ഇസ്രഈല്‍ സ്വയം പഴിക്കുകയാണ് വേണ്ടതെന്നും, അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിക്കൊണ്ട് നെതന്യാഹു സര്‍ക്കാര്‍ സ്വയം കുഴിച്ച കുഴിയിലാണ് വീണിരിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.
ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ തുടങ്ങിയവരുടെ പ്രസ്താവനകളുമായി താരതമ്യം ചെയ്യുമ്പോള്‍ മ്യാന്മര് ഉദ്യോഗസ്ഥര്‍ നടത്തിയ പരാമര്‍ശങ്ങള്‍ വളരെ സൗമ്യമായിരുന്നുവെന്ന് ലീബ്ലിച്ച് ചൂണ്ടിക്കാട്ടുന്നു. സുരക്ഷാ നടപടികളുടെ പേരില്‍ നടത്തുന്ന സൈനിക നീക്കങ്ങളില്‍ വംശഹത്യപരമായ ഉദ്ദേശ്യം എങ്ങനെ വിലയിരുത്തണമെന്നതിന് മ്യാന്മര് വിധി ദക്ഷിണാഫ്രിക്കയ്ക്ക് ശക്തമായ നിയമപിന്‍ബലം നല്‍കുന്നുണ്ടെന്നും അദ്ദേഹം വിലയിരുത്തി.
അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടെന്നും, ‘സര്‍ക്കാര്‍ സ്വയം കുഴിച്ച കുഴിയിലാണ് ഇപ്പോള്‍ വീണിരിക്കുന്നത്’ എന്നും ലീബ്ലിച്ച് വിമര്‍ശിച്ചു.
സുരക്ഷാ നടപടികളുടെ പേരില്‍ നടത്തുന്ന സൈനിക നീക്കങ്ങളില്‍ വംശഹത്യപരമായ ഉദ്ദേശ്യം എങ്ങനെ വിലയിരുത്തണമെന്നതിന് മ്യാന്മര് വിധി ദക്ഷിണാഫ്രിക്കയ്ക്ക് ശക്തമായ നിയമപിന്‍ബലം നല്‍കുന്നുണ്ടെന്നും, ഇത് ഇസ്രഈലിന്റെ പ്രതിരോധ വാദങ്ങളെ ദുര്‍ബലപ്പെടുത്തുമെന്നും അദ്ദേഹം നിരീക്ഷിച്ചു.
2026 നവംബര്‍ 19-ന് ഒമ്പതിനെതിരെ ആറ് വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അന്താരാഷ്ട്ര നീതിന്യായ കോടതി മ്യാന്മറിനെതിരെ വിധി പ്രസ്താവിച്ചത്. 1948-ലെ യു.എന്‍ വംശഹത്യ കണ്വെന്ഷന് നിലവില്‍ വന്നതിന് ശേഷം ഒരു പരമാധികാര രാഷ്ട്രത്തെ കോടതി വംശഹത്യയ്ക്ക് കുറ്റക്കാരായി കണ്ടെത്തുന്നത് ചരിത്രത്തില്‍ ഇതാദ്യമാണ്.
2017-ല്‍ വടക്കന്‍ റാഖൈന്‍ പ്രവിശ്യയില്‍ മ്യാന്മര് സൈന്യം നടത്തിയ ആക്രമണങ്ങള്‍ 8,15,000 റോഹിങ്ക്യന്‍ വംശജരെ ലക്ഷ്യം വെച്ചുള്ളതായിരുന്നുവെന്ന് കോടതി കണ്ടെത്തി. 10,000-ത്തിലധികം പേരെ കൊലപ്പെടുത്തിയതും (ഇതില്‍ അഞ്ച് വയസിന് താഴെയുള്ള രണ്ടായിരത്തോളം കുട്ടികളും ഉള്‍പ്പെടുന്നു), ഗുരുതരമായ ശാരീരിക-മാനസിക പീഡനങ്ങള്‍ ഏല്‍പ്പിച്ചതും, ജനനനിയന്ത്രണത്തിന് നിര്‍ബന്ധിത നടപടികള്‍ സ്വീകരിച്ചതും വംശഹത്യയുടെ പരിധിയില്‍ വരുമെന്ന് കോടതി വ്യക്തമാക്കി.
സൈനിക ലക്ഷ്യങ്ങള്‍ക്കൊപ്പം തന്നെ വംശഹത്യപരമായ ഉദ്ദേശ്യവും നിലനില്‍ക്കാമെന്നും, ഒരു ജനവിഭാഗത്തെ പൂര്‍ണമായി തുടച്ചുനീക്കിയില്ലെങ്കില്‍ പോലും വംശഹത്യ കുറ്റം നിലനില്‍ക്കുമെന്നും കോടതി വിധിച്ചു.
2023 ഡിസംബര്‍ 29-നാണ് ഗസയിലെ സൈനിക നടപടികള്‍ക്കെതിരെ ദക്ഷിണാഫ്രിക്ക ഇസ്രഈലിനെതിരായിഅന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. കേസില്‍ 2027 നവംബറോടെ ദക്ഷിണാഫ്രിക്കയുടെ മറുപടി സത്യവാങ്മൂലവും, 2029-ഓടെ ഇസ്രഈലിന്റെ പ്രതികരണവും സമര്‍പ്പിക്കാനാണ് നിലവിലെ സമയക്രമം.
ഗസയിലെ വ്യാപകമായ നാശനഷ്ടങ്ങളും കുട്ടികള്‍ക്കിടയിലെ ഉയര്‍ന്ന മരണനിരക്കും (ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 22,000-ത്തോളം കുട്ടികള്‍ കൊല്ലപ്പെട്ടു) ചൂണ്ടിക്കാട്ടി ദക്ഷിണാഫ്രിക്കയ്ക്ക് വാദിക്കാന്‍ മ്യാന്മര് വിധി വഴിയൊരുക്കുമെന്ന് നിയമവിദഗ്ധരായ യുവല്‍ ഷാനി, വില്യം ഷാബാസ് എന്നിവര്‍ അഭിപ്രായപ്പെട്ടു. വിധിയെ സ്വാഗതം ചെയ്ത ദക്ഷിണാഫ്രിക്കന്‍ വിദേശകാര്യ മന്ത്രി റൊണാള്‍ഡ് ലാമോള ഇതൊരു സുപ്രധാന നാഴികക്കല്ലാണെന്ന് വിശേഷിപ്പിച്ചു.
വംശഹത്യ ആരോപണങ്ങളെ ഇസ്രഈല്‍ പൂര്‍ണമായും തള്ളിക്കളയുന്നു. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് ശേഷം അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചുകൊണ്ട് സ്വയംരക്ഷയ്ക്കായാണ് സൈനിക നീക്കം നടത്തുന്നതെന്നാണ് ഇസ്രഈലിന്റെ നിലപാട്. മ്യാന്മറിലെയും ഗാസയിലെയും സാഹചര്യങ്ങള്‍ തികച്ചും വ്യത്യസ്തമായതിനാല്‍ ഗസയിലെ തെളിവുകള്‍ കോടതി സ്വതന്ത്രമായി വിലയിരുത്തുമെന്നും നിയമനിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
Content Highlight: Netanyahu government has fallen into a trap of its own making; Israeli legal expert says a setback for Israel in the Gaza case is certain.