ടെല്‍ അവീവ്: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയുടെ മരണത്തോടെ സംഘര്‍ഷം അവസാനിപ്പിക്കുമെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. കഴിഞ്ഞ അരനൂറ്റാണ്ടായി ഇറാന്‍ സംഘര്‍ഷം പരത്തുന്നുവെന്നും സൗദി അറേബ്യയിലെ അരാംകോ എണ്ണപ്പാടങ്ങളില്‍ അവര്‍ ബോബിട്ടുവെന്നും നെതന്യാഹു പറഞ്ഞു. എ.ബി.സി ന്യൂസിനോട് പ്രതികരിക്കവേയായിരുന്നു നെതന്യാഹുവിന്റെ പ്രസ്താവന.
‘ഖമേനിയുടെ മരണം സംഘര്‍ഷം വഷളാക്കുകയല്ല ചെയ്യുക, സംഘര്‍ഷം അവസാനിപ്പിക്കും,’ നെതന്യാഹു വ്യക്തമാക്കി.
ഖമേനിയെ വധിക്കാനുള്ള ഇസ്രഈലിന്റെ പദ്ധതി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എതിര്‍ത്തുവെന്ന റിപ്പോര്‍ട്ടുകള്‍ മുന്‍നിര്‍ത്തി, എ.ബി.സി ന്യൂസ് ചീഫ് വാഷിങ്ടണ്‍ കറസ്‌പോണ്ടന്റ് ജോനാഥന്‍ കാള്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു നെതന്യാഹു.
ഇസ്രഈല്‍ ഇറാന്റെ പരമോന്നത നേതാവിനെ ലക്ഷ്യം വെക്കുമോ എന്ന ചോദ്യത്തിന് ‘നമ്മള്‍ ചെയ്യേണ്ടത് ചെയ്യുന്നുണ്ട്’ എന്നായിരുന്നു നെതന്യാഹു മറുപടി നല്‍കിയത്.
ഇറാന്‍ ആഗ്രഹിക്കുന്നത് ശാശ്വതമായ യുദ്ധമാണെന്നും അവര്‍ നമ്മെ എത്തിക്കാന്‍ ശ്രമിക്കുന്നത് ആണവ യുദ്ധത്തിന്റെ വക്കിലേക്കാണെന്നും അത് തടയാനാണ് ഇസ്രഈല്‍ ശ്രമിക്കുന്നതെന്നും നെതന്യാഹു അവകാശപ്പെട്ടു. തിന്മയുടെ ശക്തികളെ ചെറുക്കുന്നതിലൂടെ മാത്രമേ അത് സാധ്യമാകുകയുള്ളുവെന്നും നെതന്യാഹു പ്രതികരിച്ചു.
അടിസ്ഥാനപരമായി ഇറാനിലേത് ഹിറ്റ്‌ലറുടെ ആണവ കേന്ദ്രങ്ങളാണെന്നും നെതന്യാഹു പറഞ്ഞു. രാജ്യത്തെ ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ഇസ്രഈല്‍ ശ്രമിക്കുമ്പോള്‍ അതിനെ പിന്തുണക്കുന്നത് അമേരിക്കയുടെ താത്പര്യമാണെന്നും നെതന്യാഹു പറഞ്ഞു.
ഇതിനിടെ ടെഹ്‌റാനില്‍ നിന്ന് ഉടനടി എല്ലാവരും ഒഴിഞ്ഞ് പോകണമെന്ന് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇറാന് അവസാനമായി ഒരവസരം കൂടി നല്‍കാന്‍ പദ്ധതിയിടുന്നതായും യു.എസുമായി ആണവ കരാറില്‍ ഒപ്പിടേണ്ടവരായിരുന്നു ഇറാനെന്നും ട്രംപ് പറഞ്ഞു.
അതേസമയം തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇറാനും ഇസ്രഈലും തമ്മിലുള്ള സംഘര്‍ഷം തുടരുകയാണ്. ‘യാ അലി ഇബ്‌നു അബി താലിബ്’ എന്ന പേരിലാണ് ഇസ്രഈലിനെതിരെ ഇറാന്‍ ആക്രമണം തുടരുന്നത്. കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ ഐ.ആര്‍.ജി.സി എയ്റോസ്പേസ് വിഭാഗം ഇസ്രഈലിലെ 545 സ്ഥലങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് പ്രസ് ടി.വി റിപ്പോര്‍ട്ട് ചെയ്തു.
മധ്യ ഇസ്രഈലിലും ഹൈഫയിലും ഇറാനിയന്‍ ബാലിസ്റ്റിക് മിസൈലുകള്‍ പതിച്ചതിനെ പിന്നാലെ എട്ട് പേര്‍ മരിച്ചതായി ടൈംസ് ഓഫ് ഇസ്രഈല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ ആക്രമണത്തില്‍ 300 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
ഇന്നലെ (തിങ്കള്‍) രാത്രിയോടെ ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനലായ ഐ.ആര്‍.ഐ.ബി (ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിങ്) ആസ്ഥാനം ഇസ്രഈല്‍ ആക്രമിച്ചിരുന്നു. തത്സമയ ടെലിവിഷന്‍ പ്രക്ഷേപണം നടക്കുന്നതിനിടെയാണ് ഇസ്രഈല്‍ ആക്രമണം നടത്തിയത്.
ആക്രമണത്തെ തുടര്‍ന്ന് അവതാരക പ്രക്ഷേപണം അവസാനിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനുപിന്നാലെ പുറത്തുവന്നിരുന്നു. തലനാരിഴയ്ക്കാണ് അവതാരക രക്ഷപ്പെട്ടത്. ആക്രമണത്തെ തുടര്‍ന്ന് ടെലിവിഷന്‍ ആസ്ഥാനത്തെ കെട്ടിടം തകരുകയും ചെയ്തിരുന്നു.
Content Highlight: Netanyahu said Conflict will end with killing of Iran’s supreme leader