| Thursday, 9th April 2026, 10:44 pm

ലെബനനുമായി നേരിട്ടുള്ള ചര്‍ച്ചയ്ക്ക് തയ്യാര്‍; ഇറാന്റെ മുന്നറിയിപ്പിന് പിന്നാലെ വഴങ്ങി നെതന്യാഹു

അനിത സി

ടെല്‍ അവീവ്: ലെബനനുമായി നേരിട്ടുള്ള ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രഈല്‍ മന്ത്രിസഭയ്ക്ക് നെതന്യാഹു ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇസ്രഈലിന്റെ ലെബനന് നേരെയുള്ള ആക്രമണങ്ങള്‍ വെടിനിര്‍ത്തലിനെ പ്രത്യക്ഷത്തില്‍ ലംഘിക്കുന്നെന്ന് ഇറാന്‍ വാദിക്കുന്നതിനിടെയാണ് ലെബനനുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മന്ത്രിസഭയോട് ഉത്തരവിട്ടിരിക്കുന്നത്.

‘ഇസ്രഈലുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ ആരംഭിക്കാനുള്ള ലെബനന്റെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകളുടെ വെളിച്ചത്തില്‍, ലെബനനുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ എത്രയും വേഗം ആരംഭിക്കാന്‍ ഞാന്‍ ഇന്നലെ മന്ത്രിസഭയ്ക്ക് നിര്‍ദേശം നല്‍കി,’ നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.

‘ഹിസ്ബുല്ലയെ നിരായുധീകരിക്കുന്നതിലും ഇസ്രഈലും ലെബനനും തമ്മില്‍ സമാധാനപരമായ ബന്ധം സ്ഥാപിക്കുന്നതിലും ചര്‍ച്ചകള്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ബെയ്‌റൂട്ടിനെ സൈനികവത്ക്കരിക്കാനുള്ള ലെബനന്‍ പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ ഇസ്രഈല്‍ അഭിനന്ദിക്കുന്നു,’ പ്രസ്താവനയില്‍ പറഞ്ഞു.

നേരത്തെ, ബെയ്റൂട്ടിന്റെ ചില ഭാഗങ്ങളില്‍ നിന്ന് ഇസ്രഈല്‍ സൈന്യം ഒഴിപ്പിക്കല്‍കുടിയിറക്കല്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചതിനാല്‍, ആവശ്യമെങ്കില്‍ ഹിസ്ബുല്ലയെ ഇസ്രാഈല്‍ ആക്രമിക്കുമെന്ന് നെതന്യാഹു പറഞ്ഞിരുന്നു.

ഇസ്രഈല്‍ ബുധനാഴ്ച മാത്രം നടത്തിയ ആക്രമണങ്ങളില്‍ 303 പേര്‍ കൊല്ലപ്പെടുകയും 1,000 ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ലെബനന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. മാര്‍ച്ച് രണ്ടിന് ഇസ്രഈല്‍ ആക്രമണം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണമായിരുന്നു ഇത്.

ബുധനാഴ്ചയിലെ ആക്രമണത്തിന് പിന്നാലെ ഇറാന്‍ ഇസ്രഈലിനും അമേരിക്കയ്ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു. താത്കാലികമായ വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ലെബനന് നേരെ കടുത്ത ആക്രമണം തുടരുന്നത് ഇറാനെ പ്രകോപിപ്പിച്ചിരുന്നു.

ലെബനന് നേരെയുള്ള ആക്രമണം വെടി നിര്‍ത്തല്‍ കരാറിന്റെ ലംഘനമായി കണക്കാക്കുമെന്നായിരുന്നു ഇറാന്റെ പ്രതികരണം. പിന്നാലെ അമേരിക്കയും സമ്മര്‍ദം ശക്തമാക്കിയതോടെയാണ് ഇസ്രഈല്‍ ചര്‍ച്ചയ്ക്ക് തയ്യാറെടുത്തിരിക്കുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്.

ഇറാനുമായുള്ള ചര്‍ച്ചകളുടെ വിജയത്തെ സ്വാധീനിക്കുന്നതിനായി ഇസ്രഈല്‍ ആക്രമണങ്ങള്‍ കുറയ്ക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച ഫോണ്‍ കോളിലൂടെ നെതന്യാഹുവിനോട് ആവശ്യപ്പെട്ടതായി മുതിര്‍ന്ന അമേരിക്കന്‍ ഭരണകൂട ഉദ്യോഗസ്ഥന്‍ പറഞ്ഞതായി എന്‍.ബി.സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ലെബനനില്‍ കടുത്ത ആക്രമണം നടത്തുന്നതിനെതിരെ ഐക്യരാഷ്ട്ര സഭ ഉള്‍പ്പെടെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

ഇസ്രഈലിന്റെ ആക്രമണത്തില്‍ ലെബനന്റെ ആരോഗ്യരംഗത്തിന് കനത്ത തിരിച്ചടികളാണ് സംഭവിച്ചതെന്ന് ലോകാരോഗ്യ സംഘടനയും വിശദീകരിച്ചിരുന്നു.

ബുധനാഴ്ച ഇസ്രഈല്‍ നടത്തിയ ആക്രമണങ്ങളില്‍ ലെബനനിലെ ചില ആശുപത്രികളില്‍ ജീവന്‍ രക്ഷയ്ക്കുള്ള ട്രോമാ മെഡിക്കല്‍ കിറ്റുകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ തീര്‍ന്നുപോയേക്കാവുന്ന അവസ്ഥയിലാണെന്ന് ലോകാരോഗ്യ സംഘടനയുടെ ലെബനന്‍ പ്രതിനിധി ഡോ. അബ്ദുനാസിര്‍ അബൂബക്കര്‍ വ്യാഴാഴ്ച അറിയിച്ചിരുന്നു.

ഇസ്രഈല്‍ ആക്രമണം ഭയന്ന് ഇതിനോടകം ലെബനനിലുടനീളം പത്ത് ലക്ഷത്തിലധികം ആളുകള്‍ പലായനം ചെയ്തതായി ഐക്യരാഷ്ട്രസഭ ഹൈക്കമ്മീഷണര്‍ ഫോര്‍ റെഫ്യൂജീസ് വക്താവ് ബാബര്‍ ബലൂച്ച് പറഞ്ഞു.

രാജ്യത്തെ ജനസംഖ്യയുടെ അഞ്ചിലൊന്ന് വരുന്ന ജനത പാലായനം ചെയ്തത് കുടിയിറക്കത്തിന്റെ തോത് അതിവേഗം വര്‍ധിക്കുന്നതിന്റെ തെളിവാണെന്ന് യു.എന്‍ പ്രതികരിച്ചിരുന്നു.

Content Highlight: Netanyahu bows to Iran’s warning, ready for direct talks with Lebanon

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more