| Wednesday, 21st January 2026, 2:58 pm

ട്രംപിന്റെ ഗസ ബോര്‍ഡ് ഓഫ് പീസില്‍ ചേരാന്‍ സമ്മതിച്ച് നെതന്യാഹു

നിഷാന. വി.വി

ടെല്‍അവീവ്: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ബോര്‍ഡ് ഓഫ് പീസില്‍ ചേരാന്‍ സമ്മതമറിയിച്ച് ഇസ്രഈല്‍ പ്രസിഡന്റെ് ബെഞ്ചമിന്‍ നെതന്യാഹു.

നെതന്യാഹുവിന്റെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയിലാണ് ഈ കാര്യം അറിയിച്ചത്.

ബോര്‍ഡ് ഓഫ് പീസിന്റെ ഗസ എക്‌സിക്യൂട്ടീവ് ബോര്‍ഡിയുടെ ഘടന രാജ്യത്തിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന ഇസ്രഈലിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് നെതന്യാഹുവിന്റെ പുതിയ പ്രസ്താവന.

ഇന്ത്യ, പാകിസ്ഥാന്‍, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ക്ക് നേരത്തേ തന്നെ ബോര്‍ഡ് ഓഫ് പീസില്‍ ചേരാന്‍ അമേരിക്കയുടെ ക്ഷണം ലഭിച്ചിരുന്നു.

ജനുവരി 18ന് കുറഞ്ഞത് ആറ് രാജ്യങ്ങളെയെങ്കിലും ട്രംപിന്റെ ബോര്‍ഡ് ഓഫ് പീസില്‍ ചേരാന്‍ ക്ഷണിച്ചതായി അമേരിക്ക അറിയിച്ചു.

ഗസയിലെ അടുത്തഘട്ട സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള ലോക നേതാക്കളുടെ പുതിയ സംഘടനയാണ് ട്രംപ് രൂപം കൊടുത്തിരിക്കുന്ന ഗസ ബോര്‍ഡ് ഓഫ് പീസ്.

ആഗോള സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ ബോര്‍ഡിന് കഴിയുമെന്നും യു.എന്‍ രക്ഷാസമിതിക്ക് ബദലായി സമിതി പ്രവര്‍ത്തിക്കുമെന്ന സൂചനും ട്രംപ് നല്‍കിയിരുന്നു.

ഇതോടെ നിലവില്‍ ഇസ്രായേല്‍, യു.എ.ഇ, മൊറോക്കോ, വിയറ്റ്‌നാം, കസാഖ്സ്ഥാന്‍, ഹംഗറി, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളാണ് ബോര്‍ഡില്‍ പങ്കാളിയായിട്ടുള്ളത്.

ബ്രിട്ടന്‍, സ്ലോവേനിയ, തായ്‌ലാന്‍ഡ്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ക്കും ക്ഷണം ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ നിലവില്‍ ബോര്‍ഡില്‍ ചേരേണ്ടെന്നാണ് ഫ്രാന്‍സിന്റെ തീരുമാനം.

ഇതിന് പിന്നാലെ ഫ്രാന്‍സിനുനേരെ തീരുവ ഭീഷണിയുമായി ട്രംപ് രംഗത്തെത്തിയിരുന്നു.

ഫ്രഞ്ച് വൈനിനുമേല്‍ 200 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് പറഞ്ഞു.

സമാധാന ബോര്‍ഡില്‍ ചേരാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ പ്രേരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്രംപ് ഭരണകൂടത്തിന്റെ ബോര്‍ഡ് ഓഫ് പീസില്‍ സമിതിയില്‍ സ്ഥിരാംഗത്വം ലഭിക്കണമെങ്കില്‍ രാജ്യങ്ങള്‍ 100 കോടി ഡോളര്‍ (1 ബില്യണ്‍) നല്‍കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ബ്ലൂംബെര്‍ഗ് പുറത്തുവിട്ട കരട് രേഖയിലാണ് സമാധാന ബോര്‍ഡിലെ സ്ഥിരാംഗത്വത്തിനായി രാജ്യങ്ങള്‍ 100 കോടി ഡോളര്‍ നല്‍കണമെന്ന് ട്രംപ് ഭരണകൂടം ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ടുകളുള്ളത്.

Content Highlight: Netanyahu agrees to join Trump’s Gaza Peace Board

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more