| Thursday, 27th August 2026, 8:50 am

മിന്നല്‍ പ്രളയത്തില്‍ വിറങ്ങലിച്ച് നേപ്പാള്‍; മരണം 160 ആയി: 133 ഇന്ത്യക്കാരുള്‍പ്പെടെ 750 ലധിം പേരെ കാണാനില്ല

നിഷാന. വി.വി

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണ സംഖ്യ ഉയര്‍ന്നു. 160 ഓളം പേര്‍ കൊല്ലപ്പെടുകയും 133 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 750ലധികം പേരെ കാണാതാവുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.
ബുധനാഴ്ച രാവിലെയായിരുന്നു നേപ്പാളില്‍ മിന്നല്‍ പ്രളയമുണ്ടായത്.

എന്നാല്‍ പ്രളയത്തിന് മുമ്പുണ്ടായ പ്രകമ്പനം ഭൂചലനമല്ലെന്ന് യുണൈറ്റഡ് സ്‌റ്റേറ്റസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ശക്തമായ ഉരുള്‍പൊട്ടല്‍ മൂലമാണ് ഇത്തരത്തില്‍ പ്രകമ്പനമുണ്ടായതെന്നും പറയുന്നു.

നേപ്പാള്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ ദുരന്തബാധിത പ്രദേശങ്ങളില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനം യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്. പ്രളയത്തില്‍ 19 പാലങ്ങളും 40 കിലോമീറ്ററോളം റോഡുകളും നിരവധി കെട്ടിടങ്ങളും പൂര്‍ണമായി തകര്‍ന്നു. മിന്നല്‍പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ ഇന്ത്യയിലെ ഉത്തര്‍പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളിലെ നദീതീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ടിബറ്റില്‍ നിന്ന് ഉത്ഭവിച്ച ഭോട്ടെ കോശി നദിയില്‍ ബുധനാഴ്ച രാവിലെയോടെയാണ് വെള്ളപ്പൊക്കമുണ്ടായത്. റസുവ, നുവാക്കോട്ട്, ധാഡിംഗ് ജില്ലകളിലെ പ്രദേശങ്ങളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്.

ഭൂകമ്പത്തെ തുടര്‍ന്ന് മഞ്ഞുപാളികളും പാറകളും ഒഴുകിയെത്തിയതാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് വിദേശകാര്യ മന്ത്രി ഷിസിര്‍ കനാല്‍ പറഞ്ഞിരുന്നു. ഇന്നലെ രാവിലെ 8.37 നാണ് ഭൂകമ്പമുണ്ടായത്. അതിന്റെ ഫലമായി ഒരു വലിയ മണ്ണിടിച്ചില്‍ ഉണ്ടാവുകയും നദിയിലെ ഒഴുക്ക് തടസപ്പെടുകയും ചെയ്തു. അതാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്നാണ് നിഗമനമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം ശാസ്ത്രീയമായി സ്ഥിരീകരിച്ചിട്ടില്ല.

മണ്ണിടിച്ചില്‍ ഷിഗാറ്റ്സെ മേഖലയിലേക്കുള്ള റോഡ്, വാര്‍ത്താവിനിമയ, വൈദ്യുതി ബന്ധങ്ങള്‍ എന്നിവയെ ബാധിച്ചിട്ടുണ്ടെന്ന് ചൈനയുടെ സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്ന ചൈനീസ് ഗ്രാമങ്ങളിലും നാശനഷ്ടങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിര്‍ത്തി പ്രദേശങ്ങളില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഉത്തരവിട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

നേപ്പാളിലെ പ്രളയബാധിത പ്രദേശങ്ങളില്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും സഹായത്തിനായി നോര്‍ക്ക റൂട്ട്‌സിന്റെ പ്രത്യേക ഹെല്‍പ് ലൈന്‍ നമ്പറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. സഹായത്തിനായി നോര്‍ക്കയുടെ 1070 എന്ന ടോള്‍ ഫ്രീ നമ്പറിലോ അല്ലെങ്കില്‍ വിദേശകാര്യ മന്ത്രാലയം തുറന്നിട്ടുള്ള 0086 139 8999 0012, 0086 185 1428 4905 എന്നീ ഹെല്‍പ് ലൈന്‍ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.

Content Highlight: Nepal reeling from flash floods; death toll reaches 160; over 750 missing, including 133 Indians.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more