| Tuesday, 17th June 2025, 8:00 am

ഒന്നല്ല, രണ്ടല്ല, മൂന്ന് സൂപ്പർ ഓവറുകൾ! ലോക ക്രിക്കറ്റിൽ ഇങ്ങനെയൊരു ത്രില്ലറാദ്യം

സ്പോര്‍ട്സ് ഡെസ്‌ക്

കുട്ടി ക്രിക്കറ്റിന്റെ ചരിത്രം തിരുത്തി കുറിച്ച് നേപ്പാൾ- നെതർലാൻഡ്‌സ് മത്സരം. ടി – 20 ക്രിക്കറ്റിൽ ആദ്യമായി ഒരു മത്സരത്തിൽ മൂന്ന് സൂപ്പർ ഓവർ എന്ന അപൂർവതയാണ് കഴിഞ്ഞ ദിവസം സ്കോട്ട്ലാൻഡിലെ ഗ്ലാസ്‌ഗോവിൽ പിറന്നത്. ലോക ക്രിക്കറ്റിലോ ആഭ്യന്തര ക്രിക്കറ്റിലോ ഇത് ആദ്യമായാണ് ഇങ്ങനൊരു ഒരു മത്സരത്തിൽ മൂന്ന് സൂപ്പർ ഓവറുകൾ നടക്കുന്നത്.

സ്കോട്ട്ലാൻഡ്, നെതർലാൻഡ്സ്, നേപ്പാൾ ടീമുകൾ ഉൾപ്പെടുന്ന ത്രിരാഷ്ട്ര ടി -20 പരമ്പരയിലാണ് ഇങ്ങനെയൊരു പുതു ചരിത്രം പിറവിയെടുത്തത്. പരമ്പരയിലെ രണ്ടാം മത്സരത്തിൽ നെതർലാൻഡ്‌സും നേപ്പാളും പരസ്പരം ഏറ്റുമുട്ടിയപ്പോളാണ് വിജയികളെ നിർണയിക്കാൻ മൂന്ന് സൂപ്പർ ഓവറുകൾ വേണ്ടി വന്നത്. ഒടുവിൽ നെതർലാൻഡ്‌സ് 22 റൺസിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത നെതർലാൻഡ്‌സ് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 152 റൺസെടുത്തിരുന്നു. 35 റൺസെടുത്ത തേജാ നിഡമനൂരുവിന്റേയും 30 റൺസെടുത്ത വിക്രംജിത്ത് സിങിന്റെയും കരുത്തിലാണ് നെതർലാൻഡ്‌സ് ഈ സ്കോറിലെത്തിയത്.

മറുപടി ബാറ്റിങ്ങിൽ നേപ്പാളും എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 152 റൺസെടുത്തോടെ മത്സരം സമനിലയിലാവുകയായിരുന്നു. 48 റൺസുമായി രോഹിത് പൗഡലാണ് നേപ്പാൾ നിരയിൽ മികച്ച പ്രകടനം നടത്തിയത്. നന്ദൻ യാദവിന്റെ നാല് പന്തിലെ 12 റൺസിന്റെ കാമിയോയാണ് മത്സരം സൂപ്പർ ഓവറിൽ എത്തിച്ചത്.

ഒന്നാം സൂപ്പർ ഓവറിൽ ബാറ്റിങ്ങിനെത്തിയ നേപ്പാൾ 20 റൺസിന്റെ വിജയലക്ഷ്യം എതിരാളികൾക്ക് മുന്നിൽ ഉയർത്തി. കുശാൽ ഭുർട്ടലിന്റെ അഞ്ച് പന്തിൽ 18 റൺസിന്റെ പ്രകടനമാണ് ടീമിനെ ഈ സ്കോറിലെത്തിച്ചത്. എന്നാൽ മാക്സ് ഒ’ഡൗഡിന്റെ അവസാന രണ്ട് പന്തിലെ പ്രകടനം നെതലാൻഡ്‌സിനെയും ഈ സ്കോറിലെത്തിച്ചു. ഇതോടെ മത്സരം രണ്ടാം സൂപ്പർ ഓവറിലേക്ക് നീണ്ടു.

രണ്ടാം സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത നെതർലാൻഡ്സ് ഒരു വിക്കറ്റ് നഷ്ടത്തിൽ 17 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ അവസാന പന്തിൽ സിക്സർ പറത്തി ദീപേന്ദ്ര സിങ് ഐറി നെതർലാൻഡ്സിനെ സമനിലയിലെത്തിച്ചു. അതോടെയാണ് അനിശ്ചിതത്വം മൂന്നാമത്തെ സൂപ്പർ ഓവറിലേക്ക് നീണ്ടത്.

അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ മൂന്നാം സൂപ്പർ ഓവറിൽ നേപ്പാളിന്റെ പോരാട്ടത്തിന് നെതർലാൻഡ്സ് സംഘം തടയിട്ടു. സ്കോർ ബോർഡിലേക്ക് റൺസ് ചേർക്കും മുന്നേ സാക്ക് ലയൺ-കാഷെ നേപ്പാളിന്റെ രണ്ട് വിക്കറ്റുകളും പിഴുതു.
മറുപടി ബാറ്റിങ്ങിൽ ആദ്യ പന്തിൽ തന്നെ സിക്സർ പറത്തി മൈക്കൽ ലെവിറ്റ് നെതർലാൻഡ്സിന് വിജയം സമ്മാനിക്കുകയായിരുന്നു.

Content Highlight: Nepal – Netherlands make history with First ever triple super over in T20Is

We use cookies to give you the best possible experience. Learn more