| Tuesday, 9th September 2025, 7:36 am

പ്രതിഷേധം കനത്തു; നേപ്പാള്‍ തിരുത്തി; സോഷ്യൽ മീഡിയകൾക്കേര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാഠ്മണ്ഡു: നേപ്പാളിൽ പ്രതിഷേധം ശക്തമായതോടെ രാജ്യത്ത് സോഷ്യൽ മീഡിയകൾക്കുള്ള നിരോധനം പിൻവലിച്ച് സർക്കാർ.

ഇന്നലെ നേപ്പാൾ വിദേശകാര്യ മന്ത്രി പൃഥ്വി സുബ്ബ ഗുരങ്ങിന്റെ നേതൃത്വത്തിൽ അടിയന്തരമായി ചേർന്ന കാബിനറ്റ് യോഗത്തിലാണ് തീരുമാനം. കലാപം അന്വേഷിക്കാൻ പ്രത്യേക സമിതിയെ ഏർപ്പെടുത്തും.

സോഷ്യൽ മീഡിയകൾ നിരോധിച്ചതിൽ തനിക്കോ സർക്കാരിനോ പശ്ചാത്താപമില്ലെന്നും, യുവാക്കൾ ഇത്തരം പ്രക്ഷോഭങ്ങൾ ഇനി ആവർത്തിക്കരുതെന്നും പൃഥ്വി സുബ്ബ അറിയിച്ചു.

ഐ.ടി മന്ത്രാലയത്തിന് കീഴിൽ രജിസ്റ്റർ ചെയ്യണമെന്ന നിയമം പാലിക്കാതെ വന്നതോടുകൂടിയാണ് ഫേസ്ബുക് , ഇൻസ്റ്റാഗ്രാം തുടങ്ങിയ 26 മാധ്യമങ്ങൾക്ക് സർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നത്. രാജ്യസുരക്ഷ ചൂണ്ടിക്കാട്ടിയായിരുന്നു നേപ്പാളിലെ കെ.പി. ശർമ ഒലി സർക്കാർ രാജ്യത്ത് സോഷ്യൽ മീഡിയ ആപ്പുകൾ നിരോധിച്ചത്.

ഇന്ത്യയുൾപ്പെടെയുള്ള മറ്റു രാജ്യങ്ങളിൽ സോഷ്യൽ മീഡിയ ഭീമന്മാർ പാലിച്ച നിയമത്തിൽ നേപ്പാളിൽ നിഷേധാത്മകമായ സമീപനമാണ് അവർ സ്വീകരിച്ചത്.

നിലവിൽ സോഷ്യൽ മീഡിയ സൈറ്റുകൾ പുനരാരംഭിച്ചിട്ടുണ്ട്.

കടുത്ത പ്രതിഷേധത്തിനാണ് നേപ്പാൾ ഇന്നലെ സാക്ഷ്യം വഹിച്ചത്. പ്രതിഷേധത്തിൽ 19 പേർ മരിക്കുകയും 300 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് നിരോധനം പിൻവലിച്ചത്.

സർക്കാരിനെതിരെ മുദ്രാവാക്യവുമായി ആയിരകണക്കിന് യുവാക്കളാണ് തെരുവിലിറങ്ങിയത്. പാർലമെന്റ് വളപ്പിൽ ഉൾപ്പെടെയാണ് പ്രതിഷേധം നടന്നത്.

സോഷ്യൽ മീഡിയ നിരോധത്തിനെതിരെ പ്രക്ഷോഭം കനത്തതോടെ ഇന്നലെ നേപ്പാൾ ആഭ്യന്തരമന്ത്രി രമേശ് ലേഖക് ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കുകയാണെന്ന് അറിയിച്ചിരുന്നു.

പ്രതിഷേധത്തെ ദേശീയ- അന്താരാഷ്ട്ര മാധ്യമങ്ങൾ വിശേഷിപ്പിച്ചത് ജെൻ സി പ്രക്ഷോഭമെന്നായിരുന്നു.

ആദ്യഘട്ടത്തിൽ സർക്കാരിനെതിരെ സോഷ്യൽ മീഡിയയിലാണ് ശക്തമായ പ്രതിഷേധം ഉയർന്നത്. പിന്നാലെ ഇന്നലെ ഉച്ചയോടെ യുവാക്കൾ കാഠ്മണ്ഡുവിൽ തടിച്ചുകൂടുകയായിരുന്നു.

യുവാക്കൾക്ക് നേരെ പൊലീസ് ലാത്തി വീശുകയും വെടിയുതിർക്കുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പൊലീസ് ബാരിക്കേഡുകൾ തകർത്താണ് യുവാക്കൾ പ്രതിഷേധിച്ചത്.

നിശ്ചിത സമയത്തിനുള്ളില്‍ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാത്തതിനാലാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ നിരോധിച്ചതെന്നാണ് നേപ്പാള്‍ സര്‍ക്കാരിന്റെ വിശദീകരണം.

നടപടിക്ക് പിന്നാലെ സോഷ്യല്‍ മീഡിയ നിയന്ത്രിക്കുന്നതിനുള്ള നേപ്പാളിലെ ബില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും ഭീഷണിയാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.

Content Highlight: Nepal government lifts ban on social media amid protests

We use cookies to give you the best possible experience. Learn more