| Saturday, 7th March 2026, 10:29 pm

നേപ്പാള്‍ പൊതുതെരഞ്ഞെടുപ്പ്: ബാലേന്ദ്ര ഷായുടെ ആര്‍.എസ്.പി വിജയത്തിലേക്ക്

അനിത സി

കാഠ്മണ്ഡു: നേപ്പാളില്‍ ജെന്‍ സി പ്രക്ഷോഭത്തിന് ശേഷം നടക്കുന്ന ആദ്യ പൊതു തെരഞ്ഞെടുപ്പില്‍ ബാലേന്ദ്ര ഷായുടെ പാര്‍ട്ടിയായ രാഷ്ട്രീയ സ്വതന്ത്ര പാര്‍ട്ടി (ആര്‍.എസ്.പി) വന്‍ വിജയത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍.

ഝാപ-5 മണ്ഡലത്തില്‍ നിന്നും ബാലേന്ദ്ര ഷാ വിജയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുന്‍ പ്രധാനമന്ത്രിയും സി.പി.എന്‍-യു.എം.എല്‍ അധ്യക്ഷനുമായ കെ.പി ശര്‍മ ഒലിയെ അരലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് ബാലേന്ദ്ര ഷാ പരാജയപ്പെടുത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

യുവാക്കളുടെ പിന്തുണയുടെ പേരില്‍ പ്രശസ്തനായ മുന്‍ റാപ്പറും രാഷ്ട്രീയനേതാവാണ് ബാലെന്‍ എന്നറിയപ്പെടുന്ന ബാലേന്ദ്ര ഷാ.

നേപ്പാള്‍ പാര്‍ലമെന്റിലേക്കുള്ള ആകെയുള്ള 165 മണ്ഡലങ്ങളില്‍ 161 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 44 മണ്ഡലങ്ങളില്‍ ആര്‍.എസ്.പിയുടെ വിജയം പ്രഖ്യാപിച്ചിട്ടുണ്ട്. 75 മണ്ഡലങ്ങളില്‍ ആര്‍.എസ്.പി മുന്നിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നേപ്പാള്‍കോണ്‍ഗ്രസ് പാര്‍ട്ടി ഏഴ് സീറ്റിലും യു.എം.എല്‍, എന്‍.സിപി പാര്‍ട്ടികള്‍ രണ്ട് സീറ്റുകള്‍ വീതവും നേടി.

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടന്ന വോട്ടെടുപ്പിലെ വോട്ടെണ്ണല്‍ അവസാനിക്കാന്‍ ഇനിയും സമയമെടുക്കുമെന്നാണ് വിവരം.

അതേസമയം, ആര്‍.എസ്.പി ഭൂരിപക്ഷം ഉറപ്പിച്ചാല്‍ ബാലേന്ദ്ര ഷാ അടുത്ത പ്രധാനമന്ത്രിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 35കാരനായ ബാലേന്ദ്ര ഷാ ഇന്ത്യയില്‍ നിന്നാണ് എഞ്ചിനീയറിങ് പഠനം പൂര്‍ത്തീകരിച്ചത്. പിന്നീട് നേപ്പാള്‍ രാഷ്ട്രീയത്തില്‍ സജീവമാവുകയും കാഠ്മണ്ഡുവിലെ മേയറായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.

ജെന്‍സി പ്രക്ഷോഭത്തില്‍ നേപ്പാളിലെ കെ.പി ശര്‍മ ഒലി സര്‍ക്കാര്‍ താഴെ വീണതോടെ ബാലേന്ദ്ര ഷായെ ഇടക്കാല പ്രധാനമന്ത്രിയാക്കണമെന്ന ആവശ്യം പ്രക്ഷോഭകര്‍ ഉന്നയിച്ചിരുന്നു.

Content Highlight: Nepal general election: Balendra Shah’s RSP on the verge of a huge victory

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more