| Wednesday, 26th August 2026, 10:14 pm

നേപ്പാള്‍ പ്രളയം: കേരളത്തില്‍ നിന്നുള്ളവര്‍ക്കായി ഹെല്‍പ്‌ഡെസ്‌ക് തുടങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയവുമായി ബന്ധപ്പെട്ട് കേരളീയര്‍ക്ക് അടിയന്തിര സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായി ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചതായി നോര്‍ക്ക അറിയിച്ചു. നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ 18004253939 (ടോള്‍ ഫ്രീ നമ്പര്‍)+91-8802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍) എന്നീ നമ്പരുകളില്‍ ഇതിനായി ബന്ധപ്പെടാം.

വിനോദ സഞ്ചാരത്തിനായി നേപ്പാളില്‍ ഉള്ള മലയാളികളെ ബന്ധപ്പെടാന്‍ കുടുംബാംഗങ്ങള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടാനും സംസ്ഥാന സര്‍ക്കാര്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

944 7111844, 9747132147 എന്നീ നമ്പറുകളില്‍ ഇതിനായി ബന്ധപ്പെടാമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച പ്രസ്താവനയില്‍ അറിയിച്ചു.

‘നേപ്പാളില്‍ ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ നൂറിലധികം ഇന്ത്യക്കാരെ കാണാതായി എന്ന പ്രാഥമിക വിവരങ്ങള്‍ പുറത്തു വരുന്നുണ്ട്. സാഹചര്യങ്ങള്‍ സര്‍ക്കാര്‍ നിരീക്ഷിക്കുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ചീഫ് സെക്രട്ടറി വിദേശകാര്യ മന്ത്രാലയവുമായി ആശയ വിനിമയം നടത്തുന്നുണ്ട്.

വിനോദ സഞ്ചാരത്തിനായി നേപ്പാളില്‍ ഉള്ള മലയാളികളെ ബന്ധപ്പെടാന്‍ കുടുംബാംഗങ്ങള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ ഉടന്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കണം,’ മുഖ്യമന്ത്രിയുടെ ഓഫീസ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചു.

ഇന്ത്യന്‍ എംബസിയും നേപ്പാള്‍ പ്രളയവുമായി ബന്ധപ്പെട്ട് ഹെല്‍പ്‌ഡെസ്‌ക് തുറന്നിരുന്നു. +977 985 131 6807, +977 970 910 7500 ഹെല്‍പ് ലൈന്‍ നമ്പറുകള്‍ വഴി നേപ്പാളിലെ ഇന്ത്യന്‍ എംബസിയുടെ ഹെല്‍പ് ഡെസ്‌കിനെ ബന്ധപ്പെടാം. അപകടത്തില്‍പ്പെട്ട ഇന്ത്യന്‍ പൗരന്മാരെ എത്രയും പെട്ടെന്ന് സുരക്ഷിതരായി പുറത്തെത്തിക്കാനും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമായി നേപ്പാള്‍ സര്‍ക്കാരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും ഇന്ത്യന്‍ എംബസി വ്യക്തമാക്കി.

പ്രളയത്തില്‍ 384 ടൂറിസ്റ്റുകളെ കാണാതായതായി നേപ്പാള്‍ ടൂറിസം ബോര്‍ഡ് അറിയിച്ചിരുന്നു. ഇതില്‍ 291 വിദേശ പൗരന്മാരും 93 നേപ്പാളി പൗരന്മാരും ഉള്‍പ്പെടുന്നതായും ബോര്‍ഡ് വ്യക്തമാക്കി. ഇന്ത്യക്കാരാണ് കാണാതായ വിദേശികളില്‍ കൂടുതലും. ഈ 105 ഇന്ത്യക്കാരില്‍ മലയാളികളുണ്ടോ എന്ന് വ്യക്തമല്ല. 105 പേര്‍ക്ക് പുറമെ 37 പ്രവാസി ഇന്ത്യക്കാരെയും കാണാതായതായും ടൂറിസം ബോര്‍ഡ് പറയുന്നു. പ്രളയത്തില്‍ 95 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

Content Highlight: Nepal Flood: Helpline Started By Norka Kerala, CM Office and Indian Embassy

 

We use cookies to give you the best possible experience. Learn more