| Friday, 28th August 2026, 2:12 pm

നേപ്പാള്‍: പ്രളയമുഖത്തും ക്രൂരത; സ്ത്രീയുടെ ശരീരത്തില്‍ നിന്നും സ്വര്‍ണം ഊരിമാറ്റിയ മോഷ്ടാക്കള്‍ അറസ്റ്റില്‍

നിഷാന. വി.വി

കാഠ്മണ്ഡു: നേപ്പാളില്‍ മിന്നല്‍ പ്രളയത്തിന്റെ നടുക്കത്തിനിടയിലും മോഷ്ടാക്കളുടെ ക്രൂരത. പ്രളയത്തില്‍ മരിച്ച സ്ത്രീയുടെ ദേഹത്ത് നിന്നും സ്വര്‍ണ കമ്മലുകള്‍ കവര്‍ന്നെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. സംഭവം വിവാദമായതോടെ സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒരാള്‍ മരിച്ച സ്ത്രീയുടെ തലഭാഗം വലിയ വടിക്കഷ്ണം കൊണ്ട് ഉയര്‍ത്തിക്കൊടുക്കുകയും മറ്റൊരാള്‍ മുടിപിടിച്ച തല ഉയര്‍ത്തി കമ്മല്‍ കവര്‍ന്നെടുക്കുന്നത് വീഡിയോയില്‍ കാണാം. ഇത് ആളുകള്‍ നോക്കി നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ ഉണ്ട്.

വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വലിയ പ്രതിഷേധം ഉയരുകയായിരുന്നു.
ഇതോടെയാണ് പ്രതികളെ തിരിച്ചറിയാന്‍ പൊലീസ് നടപടി സ്വീകരിച്ചത്. പ്രചരിച്ച ദൃശ്യങ്ങളില്‍ നിന്നും തിരിച്ചറിഞ്ഞ് മദന്‍ ഗുരുങ് (25), ഭരത്പൂര്‍ സ്വദേശിയായ ഉമേഷ് ചൗധരി (38) എന്നിവരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറയുന്നു.

പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യലിനായി മാറ്റിയിട്ടുണ്ടെന്നും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ മൃദദേഹങ്ങള്‍ തിരിച്ചറിയാനുള്ള ശ്രമം നടത്തുന്നതിനിടെയായിരുന്നു മോഷണം.

അതേസമയം നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 469 ആയതാണ് റിപ്പോര്‍ട്ട്.
1400ലധികം പേരെ കാണാതായിട്ടുണ്ടെന്നും അതില്‍ 290 ഇന്ത്യക്കാരുണ്ടെന്നും പറയുന്നു. ഇവരെക്കുറിച്ച് യാതൊരു വിവരവുമില്ല. മരണ സംഖ്യ ഇനിയും ഉയരാനുള്ള സാധ്യതയുണ്ട്.

എന്നാല്‍ രക്ഷാ പ്രവര്‍ത്തനത്തിന് മറ്റ് രാജ്യങ്ങളുടെ സഹായം വേണ്ടെന്ന് നേപ്പാള്‍ അറിയിച്ചു.
പ്രളയത്തില്‍ നിരവധി കെട്ടിടങ്ങളും പാലങ്ങളും തകര്‍ന്നിട്ടുണ്ട്. വീണ്ടും പ്രളയമുണ്ടാകാനുള്ള സാധ്യതകളുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

Content Highlight: Nepal: Cruelty amidst the floods; thieves arrested for stripping gold off a woman’s body.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more