| Saturday, 26th July 2025, 5:23 pm

നിയോം; സൗദിയുടെ സ്വപ്‌നനഗരിക്കുള്ളിലെ വിവാദങ്ങളും വെല്ലുവിളികളും

അമയ. കെ.പി.

ശാസ്ത്രവും അത്ഭുതവും കൂടിച്ചേരുന്ന ഒരു ഇടമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു നഗരം. ഒറ്റവരിയില്‍ സൗദിയുടെ സ്വപ്നപദ്ധതിയായ നിയോമിനെ വേണമെങ്കില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. 26500 ചതുശ്ര കിലോമീറ്ററില്‍ വ്യാപിച്ച് കിടക്കുന്ന ഈ സ്വപ്ന നഗരിയുടെ പേര് പോലെ തന്നെ പുതുമ നിറഞ്ഞതാണ് ഈ പദ്ധതിയെന്ന് 2017ല്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയപ്പോള്‍ തന്നെ ലോകം മനസിലാക്കി.

എന്നാല്‍ പ്രഖ്യാപനം നടന്ന് എട്ട് വര്‍ഷത്തോളം പിന്നിടുമ്പോഴും കൗതുകത്തോടൊപ്പം വിവാദവും നിയോമിനെ ചുറ്റിക്കറങ്ങുന്ന വാര്‍ത്തകളാണ് നാം കേട്ട് കൊണ്ടിരിക്കുന്നത്. എണ്ണ വ്യാപാരത്തിലൂടെ സാമ്പത്തികമേഖലയെ പിടിച്ച് നിര്‍ത്തിയ ഒരു രാജ്യം നിയോമിലൂടെ എണ്ണയ്ക്ക് മുകളില്‍ മറ്റൊരു സാമ്പത്തികസ്രോതസ് കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലായിരുന്നു. ആ യാത്രയേയും വിവാദങ്ങളേയും ഒപ്പം നിയോമിനേയും പരിചയപ്പെടാം.

പുതിയത് എന്നര്‍ത്ഥമുള്ള നിയോസ് എന്ന ഗ്രീക്ക് വാക്കും ഭാവി എന്നര്‍ത്ഥമുള്ള മുസ്തഖ്ബീല്‍ എന്ന അറബിവാക്കും കൂടിച്ചേര്‍ന്നാണ് നിയോം എന്ന് വാക്ക് രൂപം കൊള്ളുന്നത്.

സൗദി അറേബ്യയുടെ വിഷന്‍ 2030 എന്ന സ്വപ്ന പദ്ധതിയുടെ ഭാഗമായി സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണ് 2017 ഒക്ടോബര്‍ 24ന് നിയോം പദ്ധതി പ്രഖ്യാപിച്ചത്. ലോകത്തെ തന്നെ ഏറ്റവും വലിയ സാമ്പത്തിക- നിക്ഷേപ പദ്ധതിയായ നിയോം സിറ്റി സൗദിയിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ തബൂക്കിലാണ് നിര്‍മിക്കുന്നത്.

സ്മാര്‍ട് സിറ്റി ടെക്‌നോളജികള്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന ഈ നഗരത്തെ ലോക ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി വളര്‍ത്തിയെടുക്കാനാണ് സൗദി പദ്ധതിയിടുന്നത്. ഈ പദ്ധതി ഏകദേശം 460,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും രാജ്യത്തിന്റെ ജി.ഡി.പിയിലേക്ക് 48 ബില്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ക്കുമെന്നും സൗദി അറേബ്യ അവകാശപ്പെട്ടിരുന്നു.

നിയോമിന്റെ നിര്‍മാണത്തിനായി ഏകദേശം 8.8 ട്രില്യണ്‍ ഡോളര്‍ ചെലവ് വരുമെന്നാണ് വിലയിരുത്തല്‍. അതായത് സൗദി അറേബ്യയുടെ വാര്‍ഷിക ബജറ്റിന്റെ 25 ഓളം മടങ്ങ് വരുമിത്. പദ്ധതിയുടെ സാമ്പത്തിക മേഖല വികസിപ്പിക്കുന്നത്തിനായി നിയോം എന്ന പേരില്‍ ഒരു ക്ലോസ്ഡ് ജോയിന്റ് സ്റ്റോക്ക് കമ്പനി 2019ല്‍ സൗദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

പൂര്‍ണമായും പബ്ലിക് ഫണ്ട് ഇന്‍വെസ്റ്റ്മെന്റിന്റെ കീഴിലാണ് ഈ കമ്പനി പ്രവര്‍ത്തിക്കുന്നത്. പദ്ധതിയുടെ പ്രാരംഭഘട്ടത്തില്‍ 500 ബില്യണ്‍ ഡോളര്‍ ചെലവ് വരുമെന്ന് കരുതിയിരുന്നത്. എന്നാല്‍ പദ്ധതി പൂര്‍ത്തീകരിക്കാന്‍ 8.8 ട്രില്യണ്‍ ഡോളര്‍ വേണ്ടി വരുമെന്നാണ് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തത്.

ലോകത്തിന്റെ നാനാഭാഗത്ത് നിന്നുള്ള ഒമ്പത് ലക്ഷത്തോളം ജനങ്ങളെ ഈ ഭാവിയുടെ നഗരത്തിലേക്കെത്തിച്ച് അവര്‍ക്ക് താമസിക്കാനും തൊഴില്‍ ചെയ്യാനുമുള്ള സൗകര്യം ഒരുക്കുകയാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. സുസ്ഥിര വികസനത്തില്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ പ്രൊജക്ടില്‍ തൊഴില്‍ ചെയ്യാനും വിനോദത്തിനും വ്യവസായത്തിനുമെല്ലാമുള്ള സൗക്യര്യങ്ങള്‍ ഉണ്ട്.

സൗരോര്‍ജം, കാറ്റ്, ഗ്രീന്‍ ഹൈഡ്രജന്‍ തുടങ്ങി പുനരുപയോഗിക്കാവുന്ന ഊര്‍ജ സ്രോതസുകളിലൂന്നിയാണ് നിയോമിന്റെ ഊര്‍ജ മേഖല പ്രവര്‍ത്തിക്കുന്നത്. പരിസ്ഥിതി സൗഹൃദമായ നഗരാസൂത്രണം നടപ്പിലാക്കുക എന്നതാണ് ഇത് വഴി ലക്ഷ്യം വെക്കുന്നത്.

മനുഷ്യരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും പുതിയ ബിസിനസ് അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി നിര്‍മിതബുദ്ധി, റോബോട്ടിക്‌സ് എന്നിവയുള്‍പ്പെടെയുള്ള മുന്‍നിര സാങ്കേതികവിദ്യകളുടെ ലബോറട്ടറി എന്ന നിലയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

പ്രധാനമായും നാല് മേഖലകളാണ് നിയോമിലുള്ളത്.

ആദ്യത്തേത് ഏറ്റവും പ്രശസ്തമായ ദി ലൈന്‍.നേര്‍രേഖയില്‍ നിര്‍മിക്കപ്പെടുന്ന ഒരു നഗരമാണ് ദി ലൈന്‍. ചെങ്കടല്‍ മുതല്‍ തബൂക്ക് പ്രവിശ്യവരെ നീണ്ട് കിടക്കുന്ന ഒരു നഗരം. 170 കിലോമീറ്റര്‍ നീളമുണ്ട്. ഏതാണ്ട് 200 മീറ്റര്‍ വീതിയും 500 മീറ്റര്‍ ഉയരവുമുണ്ട്. പൂര്‍ണമായും ഗ്ലാസുകളായി ചുറ്റപ്പെട്ട് കിടക്കുന്ന ഒരു നഗരമായിരിക്കും ഇത്. എന്നാല്‍ ഈ സ്മാര്‍ട്ട് സിറ്റിയില്‍ കാറുകളോ റോഡുകളോ കാര്‍ബണ്‍ ബഹിര്‍ഗമനമോ ഉണ്ടാകില്ല. കൂടാതെ അഞ്ച് മിനിറ്റ് നടക്കാവുന്ന ദൂരത്തില്‍ എല്ലാ അവശ്യ സേവനങ്ങളും ലഭ്യമായിരിക്കുകയും ചെയ്യും. ട്രാന്‍സ്പോര്‍ട്ടേഷായി അതിവേഗ ട്രെയിന്‍ ഗതാഗതവുമുണ്ടാകും.

അടുത്തത് ഒക്സാഗണ്‍. പേരുപോലെതന്നെ അഷ്ടഭുജാകൃതിയില്‍ പകുതി കരയിലും പകുതി കടലിലുമായി സ്ഥിതി ചെയ്യുന്ന ഒരു ഒഴുകുന്ന വ്യവസായിക നഗരമാണ് ഒക്സാഗണ്‍. നിയോം ഇന്‍ഡസ്ട്രിയല്‍ സിറ്റി എന്ന് പേരിട്ടിരുന്ന ഒക്സാഗണ്‍ പൂര്‍ണമായും മാനുഫാക്ച്വറിങ്, ഇന്‍ഡസ്ട്രിയല്‍ റിസേര്‍ച്ച് ഡെവലപ്പമെന്റ് എന്നിങ്ങനെയുള്ള മേഖലകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

ഹൈഡ്രജന്‍ പ്ലാന്റ്, ഓഷ്യാനോഗ്രാഫിക് റിസേര്‍ച്ച് സെന്റര്‍, ഡീസാലിനേഷന്‍ പ്ലാന്റ് എന്നിവയും ഒക്സാഗണിന്റെ ഭാഗമായി പ്രവര്‍ത്തിക്കും. പോര്‍ട്ട് ഓഫ് നിയോം എന്ന മുന്‍ ദുബ തുറമുഖത്തിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളുമായി വ്യാപാരം ചെയ്യാന്‍ ഒക്സാഗണ്‍ വഴി സാധിക്കും.

അടുത്തത് വിനോദസഞ്ചാര സമുച്ചയമായ ട്രൊജനയാണ്. സര്‍വാത് പര്‍വതനിരകളിലെ ഒരു പര്‍വത റിസോര്‍ട്ടായ ട്രൊജന വര്‍ഷം മുഴുവനും സ്‌കീയിങ് ഉള്‍പ്പെടെയുള്ള ഔട്ട്‌ഡോര്‍ പ്രവര്‍ത്തനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്.

അറേബ്യന്‍ പെനിന്‍സുലയിലെ ആദ്യത്തെ ഔട്ട്ഡോര്‍ സ്‌കീയിങ് ഡെസ്റ്റിനേഷന്‍ ആണിത്. 2029 ലെ ഏഷ്യന്‍ വിന്റര്‍ ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുകയാണ് ട്രൊജന. നിരവധി ആഡംബര ഹോട്ടല്‍ ബ്രാന്‍ഡുകള്‍ ട്രോജനയില്‍ പ്രൊജക്ടുകള്‍ വാങ്ങുന്നതിനുള്ള കരാറുകളില്‍ ഇതിനകം ഒപ്പുവെച്ചിട്ടുണ്ട്.

അവസാനമായി, മലമേഖലകളിലായി നിര്‍മിക്കപ്പെടുന്ന ദ്വീപുകളിലെ ആഢംബര ഡെസ്റ്റിനേഷനായ സിന്‍ഡാലയാണ്. ചെങ്കടലിലെ ഈ ദ്വീപ് റിസോര്‍ട്ടില്‍ കടല്‍ത്തീരവും ഉയര്‍ന്ന നിലവാരമുള്ള ഹോട്ടലുകളും ഉള്‍ക്കൊള്ളുന്നു. 2024 ഒക്ടോബറില്‍ സിന്‍ഡാലയുടെ ഔദ്യോഗിക ഉദ്ഘാടനം നടന്നു. സൗദിയില്‍ കര്‍ശന മദ്യനിരോധനമാണെങ്കിലും സിന്‍ഡാലയില്‍ മദ്യം വിളമ്പും എന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇത്രയേറെ സൗകര്യങ്ങള്‍ ഉണ്ടായിട്ടും പ്രഖ്യാപനം തൊട്ട് വിവാദങ്ങളും പ്രായോഗികതയെക്കുറിച്ചുള്ള സംശയങ്ങളും നിയോമിനെ ചുറ്റിപ്പറ്റിയുണ്ട്. ആദ്യത്തേത് ചെലവ് തന്നെയാണ്. പ്രാരംഭഘട്ടത്തില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ എത്രയോ ഇരട്ടിയാണ് നിര്‍മാണം പൂര്‍ത്തിയാക്കാനായി കണക്കാക്കുന്നത്. എന്നാല്‍ഇത്രയും ട്രില്യണ്‍ ഡോളറുകള്‍ പദ്ധതിക്കായി ചെലവഴിച്ചിട്ടും നഗരത്തിലേക്ക് താമസക്കാരേയും നിക്ഷേപകരേയും ആകര്‍ഷിക്കാന്‍ കഴിയുമോ എന്നത് വലിയ ആശങ്ക തന്നെയാണ്.

പദ്ധതിക്ക് പ്രധാനമായും ധനസഹായം നല്‍കുന്നത് സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (പി.ഐ.എഫ്) ആണ്. പദ്ധതിയുടെ പുരോഗതി, ചെലവ്, എന്നിവ വിലയിരുത്തുന്നതിനായി പി.ഐ.എഫ് തുടര്‍ച്ചയായി അവലോകനങ്ങള്‍ നടത്തി വരികയാണ്.

കൂടാതെ സുസ്ഥിരവികസന്നതിനാണ് പദ്ധതി പ്രാധാന്യം നല്‍കുന്നതെന്ന് പറയുമ്പോഴും നിര്‍മാണഘട്ടത്തില്‍ അടക്കം ഉണ്ടാകുന്ന പാരിസ്ഥിതിക വെല്ലുവിളികള്‍ വലുത് തന്നെയാണ്. പ്രകൃതിദത്ത മരുഭൂമിയിലും സമുദ്ര ആവാസവ്യവസ്ഥയിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ച് ആശങ്കള്‍ ഉള്ളവരേറെയുണ്ട്.

കൂടാതെ നിയോമിനായി ഭൂമി ഏറ്റെടുത്തപ്പോള്‍ നിര്‍ബന്ധിതമായി കുടിയിറക്കപ്പെട്ടത് പ്രദേശത്തെ തദ്ദേശീയരായ ഹൊവെയ്റ്റാറ്റ് (Howeitat) ഗോത്രവിഭാഗമാണ്. ഇവരെ കുടിയിറക്കിയതിന് പുറമെ നിര്‍മാണത്തിന് വേണ്ടി സ്ഥലം മാറിക്കൊടുക്കാതിരുന്ന ഗോത്ര വര്‍ഗക്കാരെ 50 വര്‍ഷം തടവുശിക്ഷയ്ക്ക് വിധിച്ചതും വാര്‍ത്തയായിരുന്നു.

ഹൊവെയ്റ്റാറ്റ് ഗോത്രത്തില്‍ നിന്നുള്ള അബ്ദുല്ല അല്‍ ഹൊവൈറ്റി (Abdulilah al- Howeiti), അദ്ദേഹത്തിന്റെ ബന്ധു അബ്ദുല്ല ദുഖൈല്‍ അല്‍ ഹൊവൈറ്റി (Abdullah Dukhail al- Howeiti) എന്നിവരെയാണ് സൗദി ഭരണകൂടം 50 വര്‍ഷം തടവിന് വിധിച്ചത്. തടവുശിക്ഷക്ക് പുറമെ അമ്പത് വര്‍ഷത്തെ യാത്രാ വിലക്കും ഇവര്‍ക്ക് ഭരണകൂടം ഏര്‍പ്പെടുത്തിയിരുന്നു.

മറ്റൊരു വിമര്‍ശനം തൊഴിലാളി ചൂഷണമാണ്. നിയോമിന്റെ ഓണ്‍-സൈറ്റില്‍ 100ലധികം രാജ്യങ്ങളില്‍ നിന്നുള്ള 140,000-ത്തിലധികം നിര്‍മാണ തൊഴിലാളികളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിര്‍മാണസമയത്ത് നിരവധി തൊഴില്‍ ചൂഷണങ്ങളും മരണങ്ങളും നടന്നിരുന്നു. എന്നാല്‍ അടുത്തിടെ നിയോം പ്രൊജക്ടില്‍ ജോലി ചെയ്യുന്ന 1000 തൊഴിലാളികളെ പിരിച്ച് വിടാനൊരുങ്ങുകയാണെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പുറമെ നിരവധി ഓണ്‍ സൈറ്റ് ജീവനക്കാരെ റിയാദിലേക്ക് മാറ്റാന്‍ ആലോചിക്കുന്നതായും അഭ്യൂഹങ്ങളുണ്ട്. ചെലവ് ചുരുക്കലിന്റെ ഭാഗമാണ് ഈ തീരുമാനങ്ങളെന്നാണ് സൂചന.

നിയോം സിറ്റിയിലെ ചില ഘട്ടങ്ങളുടെ പണികള്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കും എന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഇവ പൂര്‍ത്തീകരിക്കാന്‍ ഇനിയും ഏറെ കാലതാമസം ഉണ്ടാകുമെന്നാണ് നിലവിലെ സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത്.

നിയോം പ്രൊജക്ടിന്റെ പ്രായോഗികതയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയരുന്നതിനിടെയാണ് കഴിഞ്ഞ വര്‍ഷം നിയോമിന്റെ സി.ഇ.ഒ സ്ഥാനത്ത് നിന്ന് നദ്മി അല്‍ നസര്‍ പിന്‍വാങ്ങിയത്. പ്രൊജക്ടിന്റെ ഭാഗമായി ആളുകളെ കുടിയൊഴിപ്പിക്കുമ്പോള്‍ അടിമകളെപ്പോലെ അവരെ ഓടിച്ചുവെന്ന നദ്മിയുടെ പരാമര്‍ശം ഏറെ വിവാദമായിരുന്നു.

പ്രൊജകട് പൂര്‍ത്തിയാക്കാന്‍ എടുക്കുന്ന കാലതാമസവും പ്രൊജക്ടിന്റെ പ്രകടന സൂചകങ്ങള്‍ നല്‍കാത്തതുമാണ് നദ്മിയുടെ പുറത്തുപോവലിന് കാരണമായതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നദ്മി അല്‍-നാസര്‍ പോയതിനെത്തുടര്‍ന്ന് രണ്ട് മാസം മുമ്പ് ഐമാന്‍ അല്‍-മുദൈഫറിനെ പ്രൊജക്ടിന്റെ മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായി നിയമിച്ചിരുന്നു. എന്നാല്‍ പദ്ധതിയുടെ പ്രായോഗികതയെക്കുറിച്ചും പരിസ്ഥിതി-സമൂഹ ആഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിക്കുകയാണ്.

Content Highlight: Neom; Controversies and challenges within the Saudi’s dream city

അമയ. കെ.പി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേര്‍ണലിസത്തില്‍ ഡിപ്ലോമ.

We use cookies to give you the best possible experience. Learn more