രജിനികാന്ത്- നെല്‍സണ്‍ ദിലിപ് കുമാര്‍ ചിത്രം ജയിലര്‍ നിറഞ്ഞ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഒരിടവേളക്ക് ശേഷം രജിനിയെ മാസ് പരിവേഷത്തില്‍ കാണാന്‍ സാധിച്ചതിന്റെ ആവേശത്തിലാണ് തെന്നിന്ത്യ. ഒപ്പം ബീസ്റ്റിന്റെ പരാജയത്തിന് ശേഷം നെല്‍സന്റെ തിരിച്ചുവരവായും ചിത്രത്തെ വാഴ്ത്തുന്നുണ്ട്.
ഇതിനൊപ്പം കന്നഡ താരം ശിവ രാജ്കുമാറിന്റേയും മോഹന്‍ലാലിന്റേയും കാമിയോ അപ്പിയറന്‍സുകളും ചര്‍ച്ചയാവുന്നുണ്ട്. ഇരുവരുടേയും കാമിയോ റോളുകളെ പറ്റി സംസാരിക്കുകയാണ് നെല്‍സണ്‍. വളരെ കുറച്ചുനേരം മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും ബൂസ്റ്റ് ചെയ്യാന്‍ പറ്റുന്ന തരത്തിലാണ് ഈ രംഗങ്ങള്‍ ചെയ്തിരിക്കുന്നതെന്ന് നെല്‍സണ്‍ പറഞ്ഞു. സിനിമ വികടന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാലിനെ പ്ലേസ് ചെയ്തതിനെ പറ്റിയും നെല്‍സണ്‍ സംസാരിച്ചു.
‘അവരൊക്കെ വലിയ ആര്‍ടിസ്റ്റുകളാണ്. രണ്ടുമൂന്ന് സീനുകള്‍ മാത്രമേ ഉള്ളൂ. പക്ഷേ അവര്‍ക്ക് ബൂസ്റ്റ് ചെയ്യാന്‍ പറ്റുന്ന രീതിയിലാണ് ചെയ്തിരിക്കുന്നത്.
എനിക്ക് മോഹന്‍ലാല്‍ സാറിനെ വലിയ ഇഷ്ടമാണ്. ചിലരെ കാണുമ്പോള്‍ അവര്‍ക്കൊപ്പം വര്‍ക്ക് ചെയ്യണം, ഷൂട്ട് ചെയ്യണം എന്നൊക്കെ വിചാരിക്കും. എന്നാല്‍ അത് തെറ്റിപ്പോവാനും പാടില്ല. എല്ലാവര്‍ക്കും ഒരു ലെഗസി ഉണ്ട്, ഒരു വാല്യൂ ഉണ്ട്. അത് കറക്ടായി യൂസ് ചെയ്യണം. മോഹന്‍ലാല്‍ വരുന്നത് കാണുമ്പോള്‍ നമുക്ക് തന്നെ ഒരു ഫീലുണ്ടായിരുന്നു. അത് തിയേറ്ററിലും വര്‍ക്കായി,’ നെല്‍സണ്‍ പറഞ്ഞു.
തെലുങ്കില്‍ നിന്ന് നന്ദമൂരി ബാലകൃഷ്ണയെ ചിത്രത്തില്‍ ഉള്‍പ്പെടുത്താന്‍ തനിക്ക് ആഗ്രഹം ഉണ്ടായിരുന്നുവെന്നും എന്നാല്‍ അദ്ദേഹത്തിന് വേണ്ടി ചിന്തിച്ച കഥാപാത്രം അത്ര ഇമ്പാക്ട് ഇല്ലാതെ പോയി എന്നും നെല്‍സണ്‍ പറഞ്ഞു.
‘തെലുങ്കില്‍ നിന്ന് ജയിലറില്‍ ബാലകൃഷ്ണ സാറിനെ ഉള്‍പ്പെടുത്തണം എന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. ഒരു ഡെഡ്‌ലി പൊലിസുകാരന്റെ വേഷമാണ് ഞാന്‍ അദ്ദേഹത്തിനായി ചിന്തിച്ചത്. പക്ഷെ ആ കഥാപാത്രത്തിനെ നന്നായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല, അതുകൊണ്ട് ആ ചിന്ത ഉപേക്ഷിക്കുകയായിരുന്നു,’ നെല്‍സണ്‍ പറഞ്ഞു.
ജയിലറില്‍ എല്ലാ കഥാപാത്രങ്ങള്‍ക്കും ഒരു തുടക്കവും ഒടുക്കവും ഉണ്ടെന്നും അങ്ങനെ ചിന്തിച്ചപ്പോള്‍ ബാലയ്യക്ക് വേണ്ടി ചിന്തിച്ച കഥാപാത്രത്തിന് ഇമ്പാക്ട് ഇല്ലായിരുന്നുവെന്നും നെല്‍സണ്‍ കൂട്ടിച്ചേര്‍ക്കുന്നു.
ജയിലര്‍ ഒരു മള്‍ട്ടിസ്റ്റാര്‍ സിനിമയായി ചെയ്യാന്‍ ഉദ്ദേശം ഇല്ലായിരുന്നുവെന്നും കൃത്യമായി വേണ്ടി വന്നിട്ടുള്ള കഥാപാത്രങ്ങളെയാണ് സിനിമയിലേക്ക് കണ്ടെത്തിയതെന്നും നെല്‍സണ്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Nelson talks about mohanlal’s cameo in jailer movie