| Sunday, 31st August 2025, 4:10 pm

ഹെയ്‌സെന്‍ബെര്‍ഗ് ഞാനാണെന്നാണ് പലരും വിചാരിക്കുന്നത്, അവരോട് ഒന്നേ പറയാനുള്ളൂ: നെല്‍സണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ ആദ്യസിനിമ മുതല്ക്ക് തന്നെ ഇന്‍ഡസ്ട്രിയുടെ ശ്രദ്ധ സ്വന്തമാക്കിയ സംവിധായകനാണ് നെല്‍സണ്‍. കൊലമാവ് കോകിലയിലൂടെ വരവറിയിച്ച നെല്‍സണ്‍ തന്റെ രണ്ടാമത്തെ ചിത്രം 100 കോടി ക്ലബ്ബിലെത്തിച്ചു. പിന്നാലെ തമിഴിലെ ഏറ്റവും വിലയേറിയ താരമായ വിജയ്‌യെ നായകനാക്കി ബീസ്റ്റ് എന്ന ചിത്രം ഒരുക്കുകയും ചെയ്തു.

എന്നാല്‍ വന്‍ പ്രതീക്ഷയിലെത്തിയ ബീസ്റ്റിന് നെഗറ്റീവ് റെസ്‌പോണ്‍സായിരുന്നു ലഭിച്ചത്. ഇതോടെ നെല്‍സണ്‍ വലിയ രീതിയില്‍ സോഷ്യല്‍ മീഡിയ വിമര്‍ശനത്തിന് വിധേയനായി. ബീസ്റ്റിന് പിന്നാലെയെത്തിയ ജയിലര്‍ അക്ഷരാര്‍ത്ഥത്തില്‍ നെല്‍സന്റെ തിരിച്ചുവരവായിരുന്നു. ഇന്ത്യന്‍ സിനിമയിലെ വമ്പന്‍ താരങ്ങളെ അണിനിരത്തി ഒരുക്കിയ ജയിലര്‍ 600 കോടിക്കുമുകളില്‍ കളക്ഷന്‍ നേടി.

തമിഴ് സിനിമാലോകം കുറച്ചുകാലമായി ചര്‍ച്ച ചെയ്യുന്ന ഹെയ്‌സന്‍ബെര്‍ഗ് എന്ന ഗാനരചയിതാവിനെക്കുറിച്ച് സംസാരിക്കുകയാണ് നെല്‍സണ്‍. ഈയിടെ ലോകേഷ് കനകരാജ് ഒരു അഭിമുഖത്തില്‍ ഹെയ്‌സന്‍ബെര്‍ഗ് തന്റെ സുഹൃത്താണെന്ന് പറഞ്ഞിരുന്നു. പിന്നാലെ ഇത് നെല്‍സണാണെന്ന് പലരും അനുമാനിക്കുകയും ചെയ്തു.

‘ ലോകേഷിന്റെ ഇന്റര്‍വ്യൂവിന് ശേഷം എന്താണെന്നറിയില്ല, ഞാനാണ് ഹെയ്‌സന്‍ബെര്‍ഗെന്ന് ഇവിടെ പലരും ധരിച്ച് വെച്ചിട്ടുണ്ട്. എന്നോട് പലരും ഇക്കാര്യം ചോദിക്കുകയും ചെയ്തു. ഇതിനെപ്പറ്റി ചോദിക്കാന്‍ വേണ്ടി ലോകേഷിന് ഫോണ്‍ ചെയ്തു. ‘നീയാണ് ഹെയ്‌സന്‍ബെര്‍ഗെന്ന് എല്ലാവരും വിചാരിച്ചോളും’ എന്ന് പറഞ്ഞ് ചിരിച്ചു. എന്നിട്ട് ഫോണ്‍ കട്ട് ചെയ്തു.

അത് ഞാനല്ല എന്ന് ഇപ്പോള്‍ ഇവിടെ വെച്ച് പറയാന്‍ ആഗ്രഹിക്കുന്നു. അയാള്‍ ആരാണെന്ന് പോലും എനിക്ക് യാതൊരു പിടിയുമില്ല. എന്തായാലും ആ ലിറിക്‌സ് എല്ലാം എഴുതാന്‍ അറിയാവുന്ന ആരെയോ വെച്ചാണ് ലോകേഷ് അത് ചെയ്തത്. എന്റെ അറിവില്‍ അത് ലോകേഷ് തന്നെയാവാനാണ് ചാന്‍സ്,’ നെല്‍സണ്‍ പറയുന്നു.

ലോകേഷ് സംവിധാനം ചെയ്ത വിക്രം എന്ന ചിത്രത്തിലാണ് ഹെയ്‌സന്‍ബെര്‍ഗ് എന്ന പാട്ടെഴുത്തുകാരന്റെ പേര് സിനിമാലോകം ശ്രദ്ധിച്ചത്. പിന്നീട് ലോകേഷിന്റെ സിനിമകളില്‍ ഈ പേര് സ്ഥിരം സാന്നിധ്യമായി. ലോകമെമ്പാടും ആരാധകരുള്ള ബ്രേക്കിങ് ബാഡ് എന്ന സീരീസില്‍ നായകന്‍ സ്വീകരിക്കുന്ന കള്ളപ്പേരാണ് ഹെയ്‌സന്‍ബെര്‍ഗ്.

Content Highlight: Nelson reacts to the rumors that he is Heisenberg

We use cookies to give you the best possible experience. Learn more