| Monday, 10th February 2020, 3:24 pm

അറിയേണ്ടത് രണ്ട് കാര്യങ്ങളാണ്, ഒന്ന് ഇന്ത്യയാണോ ബാറ്റിങ്ങ്...രണ്ട്, സച്ചിന്‍ ഔട്ടായോ?

ഡോ: നെല്‍സണ്‍ ജോസഫ്

സച്ചിന്‍ ബാറ്റ് ചെയ്യുമ്പൊ ഇന്ത്യ നിശ്ചലമാവുന്നു. തള്ളാണ് എന്ന് പറയാന്‍ തോന്നുന്നുണ്ടാവും ല്ലേ?

ഓസ്‌ട്രേലിയയിലെ ബുഷ് ഫയര്‍ വിക്ടിമുകള്‍ക്കു വേണ്ടി സംഘടിപ്പിച്ച പ്രദര്‍ശന മല്‍സരത്തിന്റെ ഇടവേളയില്‍ ഓസീസ് വനിതാ താരം എല്ലിസ് പെറിയുടെ വെറും ആറ് പന്തുകളാണ് സച്ചിന്‍ നേരിട്ടത്. സച്ചിന്റെ കരിയര്‍ തുടങ്ങിയ ശേഷം മാത്രം ജനിച്ചുവീണയാളാണ് പെറിയെന്നോര്‍ക്കണം..

പക്ഷേ ആ ആറ് പന്തുകള്‍ ഒരുപാടു പേരെ മൂന്ന് പതിറ്റാണ്ട് പിന്നിലേക്കാണ് കൊണ്ടുചെന്ന് നിറുത്തിയത്.

തോന്നുമ്പൊഴൊക്കെ യൂട്യൂബില്‍ കളി കാണാന്‍ പറ്റില്ല അന്ന്, സ്‌കോററിയാന്‍ ഓണ്‍ലൈന്‍ സംവിധാനങ്ങളില്ല. രണ്ട് പീര്യഡ് കടിച്ചുപിടിച്ചിരുന്നിട്ട് സ്‌കൂളിന്റെ മതില്‍ ചാടി അടുത്ത വീട്ടില്‍ പോവണം സ്‌കോററിയാന്‍..അറിയേണ്ടത് രണ്ട് കാര്യങ്ങളാണ്. ഒന്ന് ഇന്ത്യയാണോ ബാറ്റിങ്ങ്..

രണ്ട്…..സച്ചിന്‍ ഔട്ടായോ?

സച്ചിന്‍ ഔട്ടായാല്‍ മിക്കപ്പൊഴും സ്‌കൂള്‍ വിട്ടപോലെ തിരിച്ച് പവലിയനിലെത്തുന്ന ഇന്ത്യന്‍ ടീമിനെ അത്ര നല്ല വിശ്വാസമായിരുന്നു. സ്റ്റാറ്റസ്റ്റിക്‌സിനും മുകളില്‍ ആ വലിയ ഉത്തരവാദിത്വത്തിന്റെ ഭാരം എന്നും ഉണ്ടായിരുന്നു.

ആ കാലത്ത് മടല്‍ ബാറ്റില്‍ ചുവന്ന പെയിന്റ് വച്ച് എം.ആര്‍.എഫ് എന്ന് കോറിയിടാത്ത ക്രിക്കറ്റ് ഭ്രാന്തന്മാര്‍ ചുരുക്കമായിരിക്കും. ബൂസ്റ്റെന്നത് സച്ചിന്‍ കുടിക്കുന്ന പാനീയമായിരുന്നു..പെപ്‌സിയും. എം.ആര്‍.എഫ് എന്നത് ടയറായിരുന്നില്ല, സച്ചിന്റെ ബാറ്റായിരുന്നു.

എന്തിന്, പ്രായത്തിനു മുതിര്‍ന്ന പെണ്‍കുട്ടികളെ പ്രേമിക്കുന്നവര്‍ക്ക് പോലും ചൂണ്ടിക്കാട്ടാനുള്ള റോള്‍ മോഡലുകള്‍ സച്ചിനും അഞ്ജലിയുമായിരുന്നു. പൊക്കമില്ലാത്തത് ഒരു പ്രശ്‌നമല്ല എന്ന് തോന്നാനുണ്ടായ ഒരു കാരണം സച്ചിനും പൊക്കമില്ലല്ലോ എന്നതായിരുന്നു.

കളി കാണുന്ന പിള്ളേരെ പഠിക്കാനായി എണീപ്പിക്കാന്‍ അമ്മമാര്‍ ഏറ്റവും കൂടുതല്‍ പറഞ്ഞിട്ടുള്ള ഡയലോഗ് ‘ സച്ചിന്‍ ഔട്ടായില്ലേടാ, ഇനി പോയിരുന്ന് പഠിക്ക് ‘ എന്നായിരിക്കും.

സ്റ്റേഡിയത്തില്‍ ഇപ്പൊഴും സച്ചിന്‍….സച്ചിന്‍ എന്നൊരു ആരവം കേള്‍ക്കുമെങ്കില്‍ അതിന്റെ അകമ്പടിയായി മൂന്ന് കയ്യടികളും അടുപ്പിച്ച് കേള്‍ക്കും..അത്രയ്ക്കാണ് അടിച്ചുകൂട്ടിയ റണ്ണിലുപരി അയാള്‍ തന്ന ഓര്‍മകള്‍.

ഷാര്‍ജയില്‍ ഓസീസിനെ ഒറ്റയ്ക്ക് തടഞ്ഞുനിറുത്തിയത്, അച്ഛന്‍ മരിച്ച് ചടങ്ങുകള്‍ മാത്രം തീര്‍ത്ത് നേരെ വന്ന് ലോകകപ്പില്‍ സെഞ്ചുറി നേടിയത്, വെല്ലുവിളിച്ച കാഡിക്കിനെ ഗ്രൗണ്ടിനു പുറത്തേക്ക് പായിച്ചത്, അക്തറിനെ പഞ്ഞിക്കിട്ടത്…

തോളിനു പരിക്കുണ്ടായിരുന്നിട്ടും ഡോക്ടറുടെ നിര്‍ദേശം വകവയ്ക്കാതെയാണ് ഇന്നലെ വീണ്ടും ബാറ്റേന്തിയത് എന്ന് കേള്‍ക്കുമ്പൊ രണ്ടാമതൊന്ന് ആലോചിക്കാന്‍ തോന്നാത്തത് അത് സച്ചിനായതുകൊണ്ടാണ്.

മുംബൈ എല്ലാ ഇന്ത്യക്കാരുടേതുമാണ് എന്ന് പറഞ്ഞത് സച്ചിനായതുകൊണ്ടാണ് സാക്ഷാല്‍ താക്കറെ പോലും മിണ്ടാതെയിരുന്നത്. വാതുവയ്പില്‍ ഒരിക്കലും പെടില്ലെന്ന് ഉറപ്പുണ്ടായിരുന്ന പേരുകളില്‍ ആദ്യത്തേതും സച്ചിനെന്നായിരുന്നു.

ടെന്നീസ് എല്‍ബോ എന്ന് കേള്‍ക്കുന്നത് സച്ചിന്റെ കാര്യത്തിലാണ്. അതുകഴിഞ്ഞ് വന്ന പുറം വേദനയും ടെന്നിസ് എല്‍ബോയും പ്രിയപ്പെട്ട ഷോട്ടുകളില്‍ പലതും സച്ചിനു നഷ്ടമാക്കിയിട്ടുണ്ട്..

സ്റ്റെപ്പ് ഔട്ട് ചെയ്ത് കയറിവന്ന് ബൗളറുടെ തലയ്ക്ക് മുകളിലൂടെ പന്ത് സൈറ്റ് സ്‌ക്രീനിനു പിന്നിലെത്തിക്കുന്ന മാജിക് അതിലൊന്നാണ്. അതൊന്നും സച്ചിനു തടസമായില്ല. ലെഗ് സൈഡില്‍ തുടര്‍ച്ചയായി പന്തെറിഞ്ഞ് വീഴ്ത്താന്‍ നോക്കിയപ്പൊ പാഡില്‍ സ്വീപ്പും ബൗണ്‍സറിന് അപ്പര്‍ കട്ടും പോലെ പുതിയത് പലതും വന്നു പകരം..

ദൈവം നാലാം നമ്പരില്‍ ഇന്ത്യയ്ക്കു വേണ്ടി ബാറ്റ് ചെയ്യുന്നുവെന്ന് പറഞ്ഞത് ആരാധകരാരുമല്ല, എതിരാളികളാണ്. ഇന്നലെ വീണ്ടും ബാറ്റ് ചെയ്യാനിറങ്ങിയപ്പൊ കളി അവസാനിപ്പിച്ചിട്ട് ഇത്ര വര്‍ഷമായെന്ന് സത്യത്തില്‍ ഓര്‍മിച്ചില്ല..

സച്ചിനെക്കാള്‍ മികച്ചവര്‍ വന്നേക്കാം.
സച്ചിന്റെ സ്റ്റാറ്റസ്റ്റിക്കല്‍ റെക്കോഡുകളും തകര്‍ന്നേക്കാം.

പക്ഷേ അയാള്‍ തന്ന ഓര്‍മകള്‍ക്ക് പകരം വയ്ക്കാന്‍ ഇനിയൊന്ന് വരാന്‍ സാദ്ധ്യത കുറവാണ്. അതൊരു കാലത്തിന്റെ കൂടി പ്രത്യേകതയാണ്. അതുകൊണ്ടാണ് അയാള്‍ കളി നിര്‍ത്തിയപ്പൊ കണ്ണ് നിറഞ്ഞതും..

ഡോ: നെല്‍സണ്‍ ജോസഫ്

We use cookies to give you the best possible experience. Learn more