തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ പോസ്റ്റുകള്‍ മെറ്റ നീക്കം ചെയ്തതില്‍ പ്രതികരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ സര്‍ക്കാരോ ആഭ്യന്തര വകുപ്പോ മെറ്റയോട് ആവശ്യപ്പെട്ടിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
‘ കേരളാ ഗവണ്‍മെന്റോ പൊലീസോ മെറ്റയുടെ ഒരു സന്ദേശവും മാറ്റാന്‍ ആവശ്യപ്പെട്ടിട്ടില്ല. ഔദ്യോഗികമായിട്ടോ അനദ്യോഗികമായോ ഒരാവശ്യവും മുന്നോട്ട് വെച്ചിട്ടില്ല. മാറ്റിയത് അവര് തന്നെയാണ് അവരെന്താണ് മാറ്റിയതെന്ന് അവരാണ് വിശദീകരിക്കേണ്ടത്,’ ആഭ്യന്തര മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരായ പോസ്റ്റുകള്‍ മെറ്റ നീക്കം ചെയ്തത് സാങ്കേതിക പിഴവാണെന്ന് വിശദീകരണം നല്‍കിയതായി മീഡിയ വണ്‍, മനോരമ, തുടങ്ങിയ മാധ്യമങ്ങള്‍ റിപ്പേര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഈ വാദങ്ങളാണ് ഇപ്പോള്‍ പൊളിഞ്ഞിരിക്കുന്നത്.
പോസ്റ്റുകള്‍ നീക്കം ചെയ്തത് സാങ്കേതിക പിഴവല്ലെന്നും ലീഗല്‍ അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തിലാണെന്നുമായിരുന്നു കഴിഞ്ഞ ദിവസം മെറ്റ വിശദീകരിച്ചത്. റിപ്പോര്‍ട്ടര്‍ ടി.വിക്കയച്ച ഇമെയില്‍ സന്ദേശത്തിലായിരുന്നു മെറ്റയുടെ വിശദീകരണം. ഇതിന് പിന്നാലെയാണ് ചെന്നിത്തലയുടെ പ്രതികരണം.
മെറ്റയോട് താനോ തന്റെ ഓഫീസോ പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ഇത്തരത്തില്‍ വാര്‍ത്ത കേട്ടപ്പോള്‍ തനിക്ക് അത്ഭുതമാണ് തോന്നിയതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
വേണമെങ്കില്‍ തനിക്കെതിരായ പോസ്റ്റുകള്‍ നീക്കം ചെയ്യരുതെന്ന് കാണിച്ച് മെറ്റയ്ക്ക് കത്തെഴുതാമെന്നും വിഷയത്തില്‍ മാധ്യമങ്ങള്‍ക്കൊപ്പം സര്‍ക്കാരുമുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.
Content Highlight: Neither the state government nor the police asked Meta to alter even a single news item; it was Meta that made the changes: Chennithala.