1947 ഓഗസ്റ്റ് ഒന്നിന്, ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിന് രണ്ടാഴ്ച മുമ്പ്, ജവഹര്‍ലാല്‍ നെഹ്റു സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന് ഒരു കത്തെഴുതി. പുതിയ മന്ത്രിസഭയില്‍ ചേരാന്‍ പട്ടേലിനെ ക്ഷണിച്ചുകൊണ്ടായിരുന്നു ആ കത്ത്. എന്നാല്‍, ആ ക്ഷണം ഔപചാരികം മാത്രമാണെന്ന് നെഹ്റു തന്നെ സൂചിപ്പിച്ചു. കാരണം, പട്ടേല്‍ ഇതിനകം തന്നെ മന്ത്രിസഭയുടെ ഏറ്റവും ശക്തനായ തൂണാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചിരുന്നു.
പട്ടേലിന്റെ മറുപടിയിലും ശ്രദ്ധേയമായിരുന്നു. ദീര്‍ഘകാലത്തെ സൗഹൃദവും ദേശീയ പ്രസ്ഥാനത്തിലെ സഹകരണവും ഓര്‍മിപ്പിച്ച അദ്ദേഹം, തന്റെ സേവനം എന്നും നെഹ്റുവിന് ലഭ്യമാകുമെന്ന് ഉറപ്പുനല്‍കി. ഇരുവരുടെയും കൂട്ടായ്മയാണ് കരുത്തെന്നും അദ്ദേഹം വ്യക്തമാക്കി. ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് രാജ്യത്തിന് കരുത്താകുമെന്നായിരുന്നു പട്ടേലിന്റെ നിലപാട്.
സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മവാര്ഷികത്തില് ഈ ചരിത്ര രേഖയ്ക്ക് പ്രത്യേക പ്രസക്തിയുണ്ട്. നെഹ്റു പട്ടേലിനെ അവഗണിച്ചുവെന്നും രാഷ്ട്രീയ എതിരാളിയെപ്പോലെയാണ് കണ്ടതെന്നുമുള്ള പ്രചാരണങ്ങള്‍ ശക്തമാകുന്ന കാലത്ത്, ഇരുവരുടെയും ബന്ധത്തെ രാഷ്ട്രീയ ആരോപണങ്ങള്‍ക്കപ്പുറം ചരിത്രത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തേണ്ടതുണ്ട്. ദീര്‍ഘകാലം സ്വാതന്ത്ര്യസമരത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയും പിന്നീട് സ്വതന്ത്ര ഇന്ത്യയുടെ ഉത്തരവാദിത്വങ്ങള്‍ പങ്കുവെക്കുകയും ചെയ്ത രാഷ്ട്രീയ സഹപ്രവര്‍ത്തകരായിരുന്നു അവര്‍.
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയും ആദ്യ ഉപപ്രധാനമന്ത്രിയും തമ്മിലുള്ള ബന്ധം ഏറെ സൗഹൃദപരമായിരുന്നു. വിഭജനത്തിന്റെ ദുരന്തവും അക്രമവും കുടിയൊഴിപ്പിക്കലും സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലായിരുന്നു ഇരുവരും പുതിയ ഇന്ത്യയെ കെട്ടിപ്പെടുത്തത് . നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കുക, ദുര്‍ബലരായ ജനവിഭാഗങ്ങളെ സംരക്ഷിക്കുക, സര്‍ക്കാരിന്റെ അധികാരം ഉറപ്പാക്കുക, വൈവിധ്യങ്ങള്‍ നിറഞ്ഞ രാജ്യത്തിന് ശക്തമായ ഭരണസ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുക തുടങ്ങിയ വലിയ വെല്ലുവിളികള്‍ പുതിയ സര്‍ക്കാരിന് മുന്നിലുണ്ടായിരുന്നു. സാഹചര്യങ്ങള്‍ അനുകൂലമാകുന്നതുവരെ കാത്തിരിക്കാനുള്ള അവസരം അന്നത്തെ നേതൃത്വത്തിന് ഉണ്ടായിരുന്നില്ല.
വിശാലമായ അന്താരാഷ്ട്ര കാഴ്ചപ്പാടും ജനാധിപത്യത്തിലൂന്നിയ രാഷ്ട്രനിര്‍മാണത്തിലുള്ള വിശ്വാസവുമാണ് നെഹ്റുവിനെ നയിച്ചത്. ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന ജനവിഭാഗങ്ങള്‍ക്ക് സേവനം ചെയ്യാന്‍ കഴിയുന്ന സ്ഥാപനങ്ങളാണ് സ്വാതന്ത്ര്യത്തിന്റെ അടിത്തറയാകേണ്ടതെന്ന് അദ്ദേഹം വിശ്വസിച്ചു. അതോടൊപ്പം, കോണ്‍ഗ്രസിനുള്ളില്‍ പട്ടേലിനുണ്ടായിരുന്ന സ്വാധീനവും സംഘടനാപാടവവും അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. ഇരുവരുടെയും വ്യത്യസ്തമായ കഴിവുകള്‍ പലപ്പോഴും പരസ്പരം പൂരകമായി. സ്വാതന്ത്ര്യസമരത്തില്‍നിന്ന് ഭരണത്തിന്റെ ഉത്തരവാദിത്വങ്ങളിലേക്കുള്ള മാറ്റം ഈ കൂട്ടായ്മയിലൂടെയാണ് അവര്‍ കൈകാര്യം ചെയ്തത്.
മഹാത്മാഗാന്ധിയുടെ നേതൃത്വത്തിലുള്ള ദേശീയ പ്രസ്ഥാനത്തിലായിരുന്നു ഇരുവരുടെയും പൊതുജീവിത യാത്ര ആരംഭിച്ചത്. 1946-ല്‍ കോണ്‍ഗ്രസ് അധ്യക്ഷപദവിക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു. ആ പദവിയിലെത്തുന്നയാള്ക്ക് ഇടക്കാല സര്‍ക്കാരിനെ നയിക്കാനുള്ള സാധ്യതയുണ്ടായിരുന്നു. 15 പ്രവിശ്യാ കോണ്‍ഗ്രസ് കമ്മിറ്റികളില്‍ 12 എണ്ണവും പട്ടേലിനെ നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഗാന്ധിജി നെഹ്റുവിനെയാണ് പിന്തുണച്ചത്. തുടര്‍ന്ന് പട്ടേല്‍ പിന്മാറുകയും കോണ്‍ഗ്രസിനെ അധികാര കൈമാറ്റത്തിലേക്ക് നയിക്കാനുള്ള അവസരം നെഹ്റുവിന് ലഭിക്കുകയും ചെയ്തു.
ഈ നാമനിര്‍ദേശങ്ങള്‍ ചരിത്രപരമായ ചര്‍ച്ചകള്‍ക്ക് വിഷയമാകാം. എന്നാല്‍, അതിന്റെ പേരില്‍ നെഹ്റു പിന്നീട് പട്ടേലിനെ ഒറ്റപ്പെടുത്തിയെന്ന് പറയുന്നത് വസ്തുതകള്‍ക്ക് നിരക്കുന്നതല്ല . 1947 ഓഗസ്റ്റില്‍ നെഹ്റു പട്ടേലിനെ മന്ത്രിസഭയിലേക്ക് ക്ഷണിക്കുകയും മന്ത്രിസഭയുടെ ഏറ്റവും ശക്തനായ തൂണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ദീര്‍ഘകാലത്തെ സൗഹൃദവും സഹപ്രവര്‍ത്തനവും ഓര്‍മിപ്പിച്ച പട്ടേല്‍ തന്റെ സേവനം വാഗ്ദാനം ചെയ്തു. തുടര്‍ന്നുണ്ടായ കൂട്ടായ പ്രവര്‍ത്തനത്തിന്റെ സ്വഭാവം വ്യക്തമാക്കുന്നതാണ് അവരുടെ സ്വന്തം വാക്കുകള്‍.
ചരിത്രം രേഖകളിലൂടെയാണ് പലപ്പോഴും നമ്മോട് സംസാരിക്കുന്നത് . കത്തുകളും ഔദ്യോഗിക തീരുമാനങ്ങളും പിന്നീട് പുറത്തുവന്ന വിവരങ്ങളും പരിശോധിക്കുമ്പോള്‍, അസാധാരണമായ സമ്മര്‍ദങ്ങള്‍ നേരിട്ട ഇന്ത്യയെ മുന്നോട്ടു നയിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച നേതാക്കളെയാണ് നമുക്ക് കാണാന്‍ കഴിയുന്നത്.
നാട്ടുരാജ്യങ്ങളുടെ ലയനം: കൂട്ടായ രാഷ്ട്രനിര്‍മാണം
1947 ഓഗസ്റ്റ് 15-ന് ഇന്ത്യ സ്വതന്ത്രമായപ്പോള്‍ രാജ്യത്തിന്റെ മുന്നിലുണ്ടായിരുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായിരുന്നു നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കുക എന്നത് .നാട്ടുരാജ്യങ്ങളുടെ ചുമതലയുള്ള മന്ത്രിയെന്ന നിലയില്‍ പട്ടേല്‍, വി. പി. മേനോനെയും മറ്റ് ഉദ്യോഗസ്ഥരെയും കൂടെ നിര്‍ത്തി അവയുടെ ലയനത്തിനായി പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ സംഘടനാപാടവവും ഭരണപരമായ അധികാരവും ഇന്ത്യയെ രാഷ്ട്രീയമായി ഏകീകരിക്കുന്ന ഈ ദൗത്യത്തിന് വലിയ കരുത്തായി. സാമുദായിക അക്രമങ്ങള്‍ തടയല്‍, ഭരണസംവിധാനം ശക്തിപ്പെടുത്തല്‍, നാട്ടുരാജ്യങ്ങളുടെ ലയനം, സാമ്പത്തിക പുരോഗതി, ജനാധിപത്യ സ്ഥാപനങ്ങളുടെ നിര്‍മാണം തുടങ്ങി നിരവധി വെല്ലുവിളികള്‍ ഒരേസമയം നേരിടേണ്ടിവന്ന കാലമായിരുന്നു അത്.
നാട്ടു രാജ്യങ്ങളെ ഇന്ത്യയില്‍ ലയിപ്പിക്കേണ്ടതിന്റെ സ്ഥാപനപരമായ ഉത്തരവാദിത്വം നെഹ്റുവുവിനെ എന്ന പോലെ പട്ടേലും തിരിച്ചറിഞ്ഞിരുന്നു. 1947 ജൂണില്‍ സഹപ്രവര്‍ത്തകരുമായി കൂടിയാലോചിച്ചശേഷം, നാട്ടുരാജ്യങ്ങളുടെ കാര്യങ്ങള്‍ ഏകീകൃതമായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ കേന്ദ്രതലത്തില്‍ ഒരു സംവിധാനം ആവശ്യമാണെന്ന് ജവഹര്‍ലാല്‍ നെഹ്രു ലോര്‍ഡ് മൗണ്ട് ബാറ്റന് കത്തെഴുതി. പുതിയ ഇന്ത്യന്‍ യൂണിയന് രൂപംകൊണ്ടുകൊണ്ടിരിക്കെ സര്‍ദാര്‍ പട്ടേലിന്റെ മന്ത്രാലയം ഈ ദൗത്യം മുന്നോട്ടുകൊണ്ടുപോയി.
വിശാലമായ അന്താരാഷ്ട്ര കാഴ്ചപ്പാടും ശാസ്ത്രബോധവും മതനിരപേക്ഷതയും ജനാധിപത്യ സ്ഥാപനങ്ങളോടുള്ള പ്രതിബദ്ധതയുമായിരുന്നു നെഹ്റുവിന്റെ രാഷ്ട്രീയ കാഴ്ചപ്പാടിന്റെ പ്രധാന സവിശേഷതകള്‍. സ്വതന്ത്ര ഇന്ത്യ ലോകത്തില്‍ സ്വന്തം സ്ഥാനം ഉറപ്പിക്കണമെന്നും ആധുനിക ശാസ്ത്രത്തിന്റെയും വ്യവസായത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും കരുത്തില്‍ മുന്നേറണമെന്നും അദ്ദേഹം ആഗ്രഹിച്ചു. പട്ടേലാകട്ടെ, സംഘടനാപാടവത്തിനും ഭരണപരമായ കാര്യക്ഷമതയ്ക്കും ഉറച്ച തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവിനും പേരുകേട്ട നേതാവായിരുന്നു. കോണ്‍ഗ്രസിനുള്ളിലെ അദ്ദേഹത്തിന്റെ സ്വാധീനവും ഭരണപരമായ പരിചയവും പുതിയ രാജ്യത്തിന്റെ ഐക്യം ഉറപ്പാക്കുന്നതില്‍ നിര്‍ണായകമായി. രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ഒരേ രീതിയില്‍ ചിന്തിച്ചിരുന്നവരായിരുന്നില്ല ഇരുവരും. എന്നാല്‍, വ്യത്യസ്തമായ കാഴ്ചപ്പാടുകളുള്ള നേതാക്കള്‍ക്ക് ഒരു പൊതുലക്ഷ്യത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നതിന്റെ ഉദാഹരണമാണ് അവരുടെ രാഷ്ട്രീയ ജീവിതം.
നാട്ടുരാജ്യങ്ങളുടെ ലയനത്തില്‍ പട്ടേലിന്റെ പങ്ക് നിര്‍ണായകമായിരുന്നു.
സ്വാതന്ത്ര്യസമയത്ത് ഇന്ത്യയുടെ ഭൂപടം ഇന്നത്തെപ്പോലെ ഏകീകൃതമായിരുന്നില്ല. ബ്രിട്ടീഷ് ഇന്ത്യയ്ക്ക് പുറമെ നിരവധി നാട്ടുരാജ്യങ്ങളുണ്ടായിരുന്നു. അവയെ ഇന്ത്യന്‍ യൂണിയനില്‍ ഉള്‍പ്പെടുത്തുക എന്നത് പുതിയ രാജ്യത്തിന്റെ നിലനില്‍പ്പുമായി ബന്ധപ്പെട്ട നിര്‍ണായക ദൗത്യമായിരുന്നു.
ഹൈദരാബാദ് നാട്ടുരാജ്യത്തിന്റെ ഇന്ത്യയിലേക്കുള്ള സംയോജനവുമായി ബന്ധപ്പെട്ട് ചിലര്‍ പ്രചരിപ്പിക്കുന്ന ഒരു പ്രധാന വാദമാണ് ജവഹര്‍ലാല്‍ നെഹ്റുവിനെ അറിയിക്കാതെ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ രഹസ്യമായി സൈനിക നടപടി ആരംഭിച്ചു എന്നത്.
ഈ വാദം ചരിത്രപരമായി ശരിയല്ല . സൈനിക നടപടിക്ക് മുമ്പുതന്നെ നെഹ്റുവിന് കാര്യങ്ങള്‍ അറിയാമായിരുന്നു. സൈനിക നടപടി ആരംഭിക്കുന്നതിന് തൊട്ടുമുമ്പ്, സെപ്റ്റംബര്‍ 12-ന് നെഹ്റു പട്ടേലിന് കത്തയച്ചിരുന്നു.
ഹൈദരാബാദ് നിസാമിന്റെ സന്ദേശത്തിന് എങ്ങനെ മറുപടി നല്‍കണം എന്നതിനെക്കുറിച്ച് രാജാജിയുമായും മറ്റ് ഉദ്യോഗസ്ഥരുമായും ആലോചിച്ചതായി കത്തില്‍ പറയുന്നു. ആ മറുപടി അയക്കുന്നതിന് പട്ടേലിന്റെ അഭിപ്രായവും അദ്ദേഹം തേടുന്നു.
ഇത് ഹൈദരാബാദ് വിഷയത്തില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും തമ്മില്‍ ഔദ്യോഗികമായ ആശയവിനിമയം നടന്നിരുന്നുവെന്നതിന്റെ തെളിവാണ്. 1948 ഓഗസ്റ്റ് 21-ന് തന്നെ ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈകമ്മീഷണറായിരുന്ന വി.കെ. കൃഷ്ണമേനോന് നെഹ്റു അയച്ച ഔദ്യോഗിക സന്ദേശം വളരെ പ്രധാനപ്പെട്ട ചരിത്രരേഖയാണ്. ആ കത്തില്‍ ഹൈദരാബാദിലെ സ്ഥിതിഗതികള്‍ കേന്ദ്രസര്‍ക്കാര്‍ ഗൗരവമായി നിരീക്ഷിച്ചുവരികയാണെന്ന് അദ്ദേഹം പരാമര്‍ശിച്ചിരുന്നു
അതിര്‍ത്തി ആക്രമണങ്ങളും ട്രെയിനുകള്‍ക്കു നേരെയുള്ള ആക്രമണങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ സൈനിക നടപടി സ്വീകരിക്കേണ്ടിവരുമെന്ന് നെഹ്രു വി കെ കൃഷ്ണമേനോന് സൂചന നല്‍കിയിരുന്നു.ഐക്യരാഷ്ട്രസഭയിലും അന്താരാഷ്ട്ര സമൂഹത്തിലും ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായാണ് അവര്‍ ഈ വിഷയം ചര്‍ച്ച ചെയ്തത്.
സൈനിക നടപടി അവസാനിക്കുന്ന ഘട്ടത്തില്‍, സെപ്റ്റംബര്‍ 17-ന്, സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പട്ടേലിനെയും മറ്റ് മന്ത്രിമാരെയും നെഹ്റു ക്ഷണിക്കുകയും ചെയ്തു. ഈ കത്തുകള്‍ വിഷയത്തില്‍ കൂടിയാലോചന നടന്നിരുന്നുവെന്ന് വ്യക്തമാക്കുന്നു.
കശ്മീര്‍: തീരുമാനങ്ങളില്‍ പട്ടേലിനെ മാറ്റി നിര്‍ത്തിയിരുന്നോ ?
കശ്മീരിന്റെ കാര്യത്തില്‍ പട്ടേലിനെ മാറ്റിനിര്‍ത്തി നെഹ്റു ഒറ്റയ്ക്ക് തീരുമാനങ്ങളെടുത്തുവെന്ന ആരോപണവും പലപ്പോഴും ഉയരാറുണ്ട്. 1947 ഒക്ടോബറില്‍ പാകിസ്താന്റെ പിന്തുണയോടെ ഗോത്രസേനകള്‍ കശ്മീരിലേക്ക് കടന്നുകയറിയതിനെത്തുടര്‍ന്ന്, മഹാരാജാവ് ഹരി സിങ് ഇന്ത്യയുടെ സഹായം തേടി. തുടര്‍ന്ന് കശ്മീരിന്റെ ഇന്ത്യയിലേക്കുള്ള ലയനവും സൈനികസഹായവും സംബന്ധിച്ച നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടു.
കശ്മീര്‍ പ്രശ്നം ഐക്യരാഷ്ട്രസഭയിലേക്ക് കൊണ്ടുപോയത് നെഹ്റു ഒറ്റയ്ക്ക് തീരുമാനിച്ചതാണെന്ന വാദം തെറ്റാണ് . 1947 ഡിസംബര്‍ 29-ന് പട്ടേലിന് നെഹ്രു അയച്ച കത്തില്‍, ഐക്യരാഷ്ട്രസഭയ്ക്ക് നല്‍കേണ്ട രേഖയുടെ കരട് മന്ത്രിസഭ ചര്‍ച്ച ചെയ്തിരുന്നുവെന്നും അതിന്റെ പകര്‍പ്പ് പട്ടേലിന് അയച്ചിരുന്നതായും കാണാം. 1947 ഡിസംബര്‍ 8-ന് മൗണ്ട് ബാറ്റന് വിളിച്ചുചേര്‍ത്ത യോഗത്തിന്റെ രേഖകളും ഈ വിഷയത്തില്‍ നടന്ന കൂടിയാലോചനകള്‍ വ്യക്തമാക്കുന്നുണ്ട്. കശ്മീരിന്റെ ലയനം, സൈനിക ഇടപെടല്‍, ഐക്യരാഷ്ട്രസഭയെ സമീപിക്കാനുള്ള തീരുമാനം എന്നിവ വ്യത്യസ്ത ഘട്ടങ്ങളില്‍ നടന്ന രാഷ്ട്രീയ-ഭരണപരമായ ചര്‍ച്ചകളുമായി ബന്ധപ്പെട്ടവയായിരുന്നു.
ജമ്മു-കശ്മീരിന് പ്രത്യേക പദവി നല്കിയ ഭരണഘടനയിലെ 370-ാം അനുച്ഛേദം നെഹ്റു, പട്ടേലിന്റെ എതിര്‍പ്പ് അവഗണിച്ച് ഏകപക്ഷീയമായി നടപ്പാക്കിയതാണെന്ന രീതിയിലും ചിലര്‍ തെറ്റായി അവതരിപ്പിക്കാറുണ്ട്. എന്നാല്‍, 1949-ല്‍ ഈ വ്യവസ്ഥയുടെ രൂപീകരണവും അംഗീകാരവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നെഹ്റു, പട്ടേല്‍, എന്‍. ഗോപാലസ്വാമി അയ്യങ്കാര്‍, ഷെയ്ഖ് അബ്ദുല്ല തുടങ്ങിയവര്‍ വിവിധ ഘട്ടങ്ങളില്‍ പങ്കാളികളായിരുന്നു. മഹാരാജ ഹരിസിങ്ങിന്റെ ഭരണകാലത്ത് ജമ്മു-കശ്മീരിന്റെ പ്രധാനമന്ത്രിയായിരുന്ന അയ്യങ്കാര്‍ പിന്നീട് സ്വതന്ത്ര ഇന്ത്യയുടെ കേന്ദ്രമന്ത്രിസഭയില്‍ കശ്മീര്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. 1947-ല്‍ ജമ്മു-കശ്മീരിലെ അടിയന്തര ഭരണത്തിന്റെ തലവനായിരുന്ന ഷെയ്ഖ് അബ്ദുല്ലയും ഈ വ്യവസ്ഥയുടെ രൂപീകരണത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. നെഹ്റു വിദേശത്തായിരുന്ന സമയത്ത് കോണ്‍ഗ്രസിനുള്ളില്‍ 370-ാം അനുച്ഛേദത്തിന് അംഗീകാരം ഉറപ്പാക്കുന്നതിലും പട്ടേല്‍ സജീവമായ പങ്കുവഹിച്ചു. അതിനാല്‍, പട്ടേല്‍ ഈ വ്യവസ്ഥയെ എതിര്‍ത്തുവെന്നും നെഹ്റു അദ്ദേഹത്തിന്റെ എതിര്‍പ്പ് മറികടന്ന് അത് നടപ്പാക്കിയെന്നുമുള്ള പ്രചാരണം ചരിത്രപരമായി തെറ്റാണ്.അയ്യങ്കാര്‍ കരട് നിര്‍ദേശം പട്ടേലിന്റെ പരിഗണനയ്ക്കായി അയച്ചിരുന്നു. പിന്നീട് കോണ്‍ഗ്രസ് സഹപ്രവര്‍ത്തകരെ ഈ വ്യവസ്ഥ അംഗീകരിക്കാന്‍ പട്ടേല്‍ പ്രേരിപ്പിക്കുകയും ചെയ്തു. ഇതും നെഹ്റു ഒറ്റയ്ക്ക് തീരുമാനമെടുത്തുവെന്ന വാദം തെറ്റാണെന്നതിന്റെ തെളിവാണ്
നാട്ടുരാജ്യങ്ങളുടെ ലയനത്തോടെ ഈ പ്രവര്‍ത്തനം അവസാനിച്ചില്ല. 1950 ഒക്ടോബറില്‍, മുന്‍ നാട്ടുരാജ്യങ്ങളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കിയതിന് നെഹ്റു പട്ടേലിന് നന്ദി അറിയിച്ചു. നാട്ടുരാജ്യ മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രശംസിക്കുകയും പ്രധാനപ്പെട്ട നയപരമായ തീരുമാനങ്ങള്‍ മന്ത്രിസഭയുടെ പരിഗണനയ്ക്ക് കൊണ്ടുവരേണ്ടതിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. വിവിധ വകുപ്പുകളുമായി കൂടിയാലോചിച്ച ശേഷമാണ് മന്ത്രാലയം പ്രവര്‍ത്തിച്ചതെന്നും പ്രധാനപ്പെട്ട വിഷയങ്ങള്‍ മന്ത്രിസഭയുടെ പരിഗണനയ്ക്ക് നല്‍കിയിരുന്നുവെന്നും പട്ടേല്‍ വിശദീകരിച്ചു. സഹപ്രവര്‍ത്തകര്‍ക്കിടയിലെ ഗൗരവമുള്ള ചര്‍ച്ചകളുടെ ഉദാഹരണമാണിത്.
സംരക്ഷിക്കപ്പെടേണ്ടതും പ്രൊഫഷണല്‍ നിലവാരം പുലര്‍ത്തുന്നതുമായ സിവില്‍ സര്‍വീസിനുവേണ്ടി സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നിലകൊണ്ടു. ഇന്ത്യന്‍ ഭരണസേവനവും ഇന്ത്യന്‍ പോലീസ് സേവനവും പുതിയ ഭരണഘടനാ സംവിധാനത്തിന്റെ പ്രധാന തൂണുകളായിമാറ്റിയെടുത്തത് സര്‍ദാര്‍ വല്ലഭായ് പട്ടേലാണ് . സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ കഴിവുള്ള ഉദ്യോഗസ്ഥര്‍ രാജ്യത്തിന്റെ ഐക്യത്തിന് അനിവാര്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു.
ജവാഹലാല് നെഹ്രുവുമായുള്ള കത്തുകളിലൂടെയും യോഗങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും കൂടിയാലോചനകളിലൂടെയുമാണ് സര്‍ദാര്‍ പട്ടേല്‍ നയപരമായ തീരുമാനങ്ങള്‍ കൈക്കൊണ്ടിരുന്നത് . ജമ്മു കശ്മീരിന്റെ ഭരണഘടനാപരമായ പദവി, മുന്‍ നാട്ടുരാജ്യങ്ങളുടെ ഭരണസംവിധാനം, അന്താരാഷ്ട്ര വേദികളെ സമീപിക്കാനുള്ള തീരുമാനങ്ങള്‍ തുടങ്ങിയവയെല്ലാം അസാധാരണമായ സമ്മര്‍ദങ്ങള്‍ക്കിടയില്‍ ഭരണ ഘടനാസ്ഥാപനങ്ങളും ഇരു നേതാക്കളും ചേര്‍ന്ന് യോജിച്ചെടുത്ത തീരുമാനങ്ങളായിരുന്നു. ചരിത്രകാരന് എ. ജി. നൂറാണിയുടെ അൃശേരഹല 370: അ ഇീിേെശൗേശേീിമഹ ഒശേെീൃ്യ ീള ഖമാാൗ മിറ ഗമവൊശൃ എന്ന കൃതിയുടെ രണ്ടാം അധ്യായം 1949 മേയ് മുതല്‍ ഒക്ടോബര്‍ വരെയുള്ള ചര്‍ച്ചകളെകുറിച്ച് വിശദമായി തന്നെ പ്രതിപാദിക്കുന്നുണ്ട്. ഇതില്‍ നിന്ന് മനസ്സിലാകുന്നത് ചരിത്രത്തിലെ എല്ലാ തീരുമാനങ്ങളും ഒരേ രാഷ്ട്രീയ കാഴ്ചപ്പാടിന്റെ ഫലമായിരുന്നില്ല എന്നതാണ്. വ്യത്യസ്ത അഭിപ്രായങ്ങള്‍, പ്രായോഗിക ആവശ്യങ്ങള്‍, ഭരണഘടനാപരമായ പരിഗണനകള്‍ എന്നിവയുടെ ഇടപെടലിലൂടെയാണ് പല തീരുമാനങ്ങളും രൂപപ്പെട്ടത്.
സോമനാഥും ചൈനയും : നെഹ്റുവിന്റെയും പട്ടേലിന്റെയും നിലപാടുകള്‍
സോമനാഥ ക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണത്തെക്കുറിച്ച് നെഹ്റുവും പട്ടേലും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. ക്ഷേത്രം പുനര്‍നിര്‍മിക്കുന്നതിനെ പട്ടേല്‍ പിന്തുണച്ചു. എന്നാല്‍, മതപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെടുന്നത് ശരിയല്ലെന്നായിരുന്നു നെഹ്രുവിന്റെ നിലപാട്. ക്ഷേത്രത്തിന്റെ പുനര്നിര്മാണത്തെയല്ല നെഹ്റു എതിര്‍ത്തത്. ഒരു മതത്തിന്റെ ചടങ്ങുകളില്‍ ഭരണകൂടം ഔദ്യോഗികമായി പങ്കാളിയാകുന്നത് ഇന്ത്യയുടെ മതനിരപേക്ഷതയെക്കുറിച്ച് തെറ്റായ സന്ദേശം നല്‍കുമെന്ന ആശങ്കയാണ് അദ്ദേഹം പ്രകടിപ്പിച്ചത്. അതിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കാതെ പൊതുജനങ്ങളുടെ സംഭാവനയിലൂടെ കണ്ടെത്തണമെന്നായിരുന്നു ഗാന്ധിജിയുടെ നിര്‍ദേശം.
1950-ല്‍ ചൈന ടിബറ്റിലേക്ക് കടന്നുകയറിയതിനെത്തുടര്‍ന്ന് ഇന്ത്യയുടെ വടക്കന്‍ അതിര്‍ത്തിയുടെ സുരക്ഷയെക്കുറിച്ച് പട്ടേല്‍ ഗൗരവമായ ആശങ്ക പ്രകടിപ്പിച്ചു. 1950 നവംബര്‍ 7-ന് നെഹ്റുവിന് അയച്ച കത്തില്‍ ചൈനയുടെ നിലപാടുകളെയും ഇന്ത്യയുടെ പ്രതിരോധസജ്ജീകരണങ്ങളെയും അതിര്‍ത്തിയിലെ ഭരണസംവിധാനങ്ങളെയും കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നല്കുകയുണ്ടായി . പ്രധാനമന്ത്രിക്ക് ഒരു മുതിര്‍ന്ന സഹപ്രവര്ത്തകന് നല്കിയ ഗൗരവമുള്ള ഉപദേശമായി വേണം അതിനെ വിലയിരുത്താന്‍.
ചൈനയുടെ നിലപാടും ഇന്ത്യയുടെ അതിര്‍ത്തി സുരക്ഷയും സംബന്ധിച്ച് പട്ടേല്‍ ഗൗരവമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. 1950 ഒക്ടോബര്‍ 7-ന് ചൈനീസ് സൈന്യം കിഴക്കന്‍ ടിബറ്റിലേക്ക് കടന്നു. അതിനെത്തുടര്‍ന്ന് നയതന്ത്ര കത്തിടപാടുകള്‍ പരിശോധിച്ച പട്ടേല്‍, നവംബര്‍ 7-ന് നെഹ്റുവിന് കത്തെഴുതി. ചൈനയുടെ ഉദ്ദേശ്യങ്ങളെക്കുറിച്ചും ഇന്ത്യയുടെ വടക്കന്‍ അതിര്‍ത്തിയെക്കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. അതിര്‍ത്തി പ്രതിരോധം, അടിസ്ഥാന സൗകര്യ വികസനം, ഭരണസംവിധാനങ്ങളുടെ ശക്തിപ്പെടുത്തല്‍ എന്നിവയ്ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതിന്റെ ആവശ്യകതയും കത്തില്‍ ചൂണ്ടിക്കാട്ടി. ഈ കത്ത് ഇരുവരും ശത്രുക്കളായിരുന്നുവെന്നതിന് തെളിവായി ചിലര്‍ അവതരിപ്പിക്കാറുണ്ട്. എന്നാല്‍, പ്രധാനമന്ത്രിക്ക് ഒരു മുതിര്‍ന്ന സഹപ്രവര്ത്തകന് നല്കിയ ഗൗരവമുള്ള മുന്നറിയിപ്പായാണ് അതിനെ കാണേണ്ടത്.
ഒരു ഒഴിഞ്ഞ കസേരയുടെ ഓര്‍മ്മ
ജീവിതത്തിന്റെ അവസാന നാളുകളിലും പട്ടേലും നെഹ്റുവും തമ്മിലുള്ള ബന്ധം ശക്തമായിരുന്നു. 1950 ഡിസംബര്‍ 12-ന് പട്ടേല്‍ ബോംബെയിലേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയപ്പോള്‍ നെഹ്റുവും മറ്റ് സഹപ്രവര്‍ത്തകരും അദ്ദേഹത്തെ യാത്രയയച്ചു. പട്ടേല്‍ രോഗമുക്തനായി തിരിച്ചെത്തുമെന്ന പ്രതീക്ഷ അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍, ഡിസംബര്‍ 15-ന് പട്ടേല്‍ അന്തരിച്ചു.
പാര്‍ലമെന്റില്‍ പട്ടേലിനെ അനുസ്മരിച്ച നെഹ്റു, സ്വാതന്ത്ര്യസമരത്തിലെ അദ്ദേഹത്തിന്റെ സംഭാവനകളെയും പുതിയ ഇന്ത്യയുടെ നിര്‍മാണത്തില്‍ വഹിച്ച പങ്കിനെയും എടുത്തുപറഞ്ഞു. വര്‍ഷങ്ങളോളം തന്റെ അരികിലിരുന്ന സഹപ്രവര്ത്തകന് ഇനി ഉണ്ടാകില്ലെന്ന വ്യക്തിപരമായ വേദനയും അദ്ദേഹം പങ്കുവച്ചു. പട്ടേലിന്റെ അഭാവം തന്റെ അരികിലെ ഇരിപ്പിടം ഒഴിഞ്ഞുകിടക്കുന്നതുപോലെയായിരിക്കുമെന്ന് നെഹ്റു പറഞ്ഞു.
സര്‍ദാര്‍ പട്ടേലിന്റെ ജന്മവാര്ഷികത്തില് ആ ഒഴിഞ്ഞ ഇരിപ്പിടത്തെ കുറിച്ചുള്ള നെഹ്രുവിന്റെ അന്നത്തെ പരാമര്‍ശം ഒരു വലിയ ചരിത്രസത്യത്തെ ഓര്‍മിപ്പിക്കുന്നു. നെഹ്റുവും പട്ടേലും തമ്മിലുള്ള ബന്ധത്തെ രാഷ്ട്രീയ ശത്രുതയുടെ കഥയായി ചിത്രീകരിക്കാനുള്ള ശ്രമം നല്ലതല്ല അവരുടെ കത്തുകള്‍ സൗഹൃദത്തിന്റെയും പരസ്പരവിശ്വാസത്തിന്റെയും ഗൗരവമുള്ള സംവാദങ്ങളുടെയും ചരിത്രമാണ് തുറന്നുകാട്ടുന്നത്.
സ്വതന്ത്ര ഇന്ത്യയുടെ അടിത്തറ പാകുന്നതില്‍ നെഹ്റുവും പട്ടേലും ഒരുമിച്ച് പ്രവര്‍ത്തിച്ചു. അവരുടെ സംഭാവനകളെ പരസ്പരം മത്സരിപ്പിച്ച് ഒരാളെ ഉയര്‍ത്തിക്കാട്ടാനും മറ്റൊരാളെ താഴ്ത്തിക്കെട്ടാനും ശ്രമിക്കുന്നതിനുപകരം, ചരിത്രരേഖകളെ സമഗ്രമായി വായിക്കുകയാണ് വേണ്ടത്. വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങള്‍ക്കപ്പുറം രാജ്യത്തിന്റെ ഭാവിക്കായി ഒരുമിച്ച് പ്രവര്‍ത്തിച്ച ആ നേതാക്കളുടെ പാരമ്പര്യം ഇന്നും ഇന്ത്യയുടെ ജനാധിപത്യത്തിനും രാഷ്ട്രനിര്‍മാണത്തിനും വിലപ്പെട്ടതാണ്.
Content Highlight: Nehru and Patel: A History of Unity Beyond Differences