ന്യൂദല്‍ഹി: സമാധാനം പാലിക്കണമെന്ന ബോണ്ട് (പീസ് ബോണ്ട്) സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസിനെതിരെ ഐസ പ്രസിഡന്റ് നേഹ ബോറ ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ചീഫ് ജസ്റ്റിസിന് മുന്നില്‍ ഈ വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് നേഹയുടെ അഭിഭാഷകര്‍ ആവശ്യപ്പെടുമെന്ന് ഐസ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു.
ഇന്നലെയാണ് (ഒക്ടോബര്‍ 18) ദല്‍ഹി പൊലീസ് നേഹക്കെതിരെ ഈ നോട്ടീസ് പുറപ്പെടുവിച്ചത്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (ബി.എന്‍.എസ്.എസ്) 126, 130 വകുപ്പുകളും, 135(3) വകുപ്പും പ്രകാരം ഡല്‍ഹി പോലീസിന്റെ നോട്ടീസ്. സമാധാനപരമായ പ്രതിഷേധത്തിനുള്ള അവകാശത്തെ തടയാന്‍ ആസൂത്രണം ചെയ്ത നീക്കമാണ് ഈ നോട്ടീസെന്ന് ഐസ പ്രതികരിച്ചു.
അന്വേഷണ കാലയളവില്‍ സമാധാനം പാലിക്കുന്നതിനായി 10,000 രൂപയുടെ വ്യക്തിഗത ബോണ്ടും ജാമ്യക്കാരെയും ഹാജരാക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നത്. ഒക്ടോബര്‍ 19 ഉച്ചയ്ക്ക് രണ്ട് മണിക്ക് ന്യൂദല്‍ഹി ജില്ലയിലെ സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് (എസ്.ഇ.എം) മുന്നില്‍ ഹാജരാകാന്‍ നോട്ടീസില്‍ നിര്‍ദേശിച്ചിരുന്നു.
ഈ നോട്ടീസിന് അടിയന്തര സ്റ്റേ അനുവദിക്കണമെന്നും അത് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് നേഹ കോടതിയെ സമീപിച്ചിരിക്കുന്നതെന്ന് ഐസ അറിയിച്ചു. നോട്ടീസ് അവ്യക്തവും വസ്തുതാപരമായി തെറ്റായതുമാണെന്നും ഇത് ഭരണഘടനയുടെ 19, 21 അനുച്ഛേദങ്ങളെ ലംഘിക്കുന്നതാണെന്നും നേഹയുടെ ഹരജിയില്‍ പറയുന്നു.
നിയമോപദേശം തേടിയ ശേഷമാണ് സ്റ്റേ ആവശ്യപ്പെട്ട് ദല്‍ഹി ഹൈക്കോടതിയെ സമീപിക്കുന്നതെന്ന് ഐസ വ്യക്തമാക്കി. നോട്ടീസിന് മറുപടി നല്‍കുന്നതിന് അഭിക് ചിമ്നി, പ്രാഞ്ജല്‍ അബ്രോള്‍, മോക്ഷ എന്നിവരടങ്ങുന്ന നിയമസംഘം എസ്.ഇ.എം കോടതിയില്‍ ഹാജരാകുമെന്നും സംഘടന അറിയിച്ചു.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടതിന്റെ പേരില്‍ മാത്രം, ഈ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ദല്‍ഹി പൊലീസില്‍ നിന്നും തീവ്രവലതുപക്ഷ വിദ്വേഷ ഗ്രൂപ്പുകളില്‍ നിന്നും ക്രൂരമായ മര്‍ദ്ദനവും ആക്രമണവും നേരിടേണ്ടി വന്നുവെന്നും സംഘടന ചൂണ്ടിക്കാട്ടി.
മോദി സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുന്ന പൊലീസ് സേന, സമാധാനപരമായ പ്രതിഷേധക്കാര്‍ സമാധാനം തകര്‍ക്കുന്നു എന്ന് ആരോപിക്കുന്നത് വലിയൊരു വൈരുദ്ധ്യമാണെന്നും ഐസയുടെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നു.
കോക്രോച്ച് ജനതാ പാര്‍ട്ടി സംഘടിപ്പിച്ച തിരംഗ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ ഈ മാസം 16ന് നേഹയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കസ്റ്റഡിയില്‍ നിന്ന് പുറത്ത് വന്നതിന് ശേഷം സാധാരണ വേഷം ധരിച്ച ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥര്‍ നേഹയെ പിന്തുടരുന്നത് എന്തിനാണെന്ന് ഐസയുടെ പ്രസ്താവനയില്‍ ചോദിക്കുന്നു.
നേഹയെ ഭയപ്പെടുത്താനാണോ ദല്‍ഹി പോലീസ് ഇത്തരമൊരു രീതി പിന്തുടരുന്നത്?
യഥാര്‍ത്ഥത്തില്‍ പൊതുസമാധാനം തകര്‍ത്തിട്ടുണ്ടെങ്കില്‍ അത് ദല്‍ഹി പോലീസാണ്. അവര്‍ നിയമവിരുദ്ധമായ നടപടികളിലൂടെ സമാധാനം തകര്‍ക്കുകയാണെന്നും ഐസ അഭിപ്രായപ്പെട്ടു.
ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുന്നതിനായി, സമാധാനപരമായ പ്രതിഷേധങ്ങളിലൂടെയും കോടതികളിലൂടെയും എല്ലാ നിയമവിരുദ്ധതകള്ക്കുമെതിരെ പോരാടാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും ഐസ വ്യക്തമാക്കി.
Content Highlight: Neha Bora moves Delhi High Court against peace bond notice