| Monday, 10th November 2025, 10:41 pm

ദല്‍ഹിയിലെ സുരക്ഷയോടുള്ള അവഗണന അനുവദിക്കില്ല; ചെങ്കോട്ടയ്ക്ക് സമീപത്തെ സ്ഫോടനത്തില്‍ കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപത്തുണ്ടായ സ്ഫോടനത്തില്‍ പ്രതികരിച്ച് ദല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ദല്‍ഹിയിലെ സ്‌ഫോടന വാര്‍ത്ത അങ്ങേയറ്റം ആശങ്കാജനകമാണെന്ന് കെജ്‌രിവാള്‍ പറഞ്ഞു. എക്‌സ് പോസ്റ്റിലൂടെയാണ് കെജ്‌രിവാളിന്റെ പ്രതികരണം.

‘ഈ സ്‌ഫോടനം എങ്ങനെ സംഭവിച്ചുവെന്നും ഇതിനുപിന്നില്‍ വലിയ ഗൂഢാലോചനയുണ്ടോ എന്നും പൊലീസും സര്‍ക്കാരും ഉടന്‍ അന്വേഷിക്കണം. ദല്‍ഹിയിലെ സുരക്ഷയോടുള്ള അവഗണന അനുവദിക്കാന്‍ കഴിയില്ല,’ കെജ്‌രിവാള്‍ പറഞ്ഞു.

ഉയര്‍ന്ന സുരക്ഷയുള്ളതും തിരക്കേറിയതുമായ ദല്‍ഹിയിലെ ഈ സ്‌ഫോടനത്തെക്കുറിച്ച് സര്‍ക്കാര്‍ ഉടന്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ദല്‍ഹിയിലെ സുരക്ഷാ വീഴ്ചയ്ക്ക് ഉത്തരവാദികളായവരെ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദല്‍ഹി സ്‌ഫോടനം അങ്ങേയറ്റം ദാരുണവും ഗുരുതരവുമായ സംഭവമെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും പറഞ്ഞു. സ്ഫോടനത്തില്‍ എല്ലാ വശങ്ങളില്‍ നിന്നും അന്വേഷണമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചെങ്കോട്ടയ്ക്ക് സമീപത്തുണ്ടായ സ്‌ഫോടനം മൂലം രാജ്യ തലസ്ഥാനത്ത് വ്യാപിച്ചിരിക്കുന്ന ഭീതി ഇല്ലാതാക്കുന്നതിനായി അടിയന്തര സുരക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും അഖിലേഷ് യാദവ് പറഞ്ഞു.

പരിക്കേറ്റവര്‍ക്ക് സാധ്യമായ ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്ഫോടനത്തില്‍ അനുശോചനം രേഖപ്പെടുത്തികൊണ്ടുള്ള എക്‌സ് പോസ്റ്റിലൂടെയാണ് എസ്.പി മേധാവിയുടെ പ്രതികരണം.

സംഭവത്തിന്റെ എല്ലാ വശങ്ങളും അംഗീകരിക്കുമെന്ന് മാധ്യമങ്ങളോട് പ്രതികരിച്ച അമിത് ഷാ, ദല്‍ഹി പൊലീസ് കമ്മീഷണറില്‍ നിന്ന് വിവരങ്ങള്‍ തേടിയിട്ടുണ്ട്. സ്ഫോടനത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംശയാസ്പദമായി എന്തെങ്കിലും വിവരം ലഭിച്ചാല്‍ അറിയിക്കണമെന്ന് ദല്‍ഹി പൊലീസിന്റെ നിര്‍ദേശമുണ്ട്. വിവരങ്ങള്‍ അറിയിക്കാന്‍ 112 എന്ന നമ്പറുമായി ബന്ധപ്പെടാം.

Content Highlight: Negligence in security in Delhi will not be tolerated; Kejriwal on blast near Red Fort

We use cookies to give you the best possible experience. Learn more