| Sunday, 2nd February 2025, 3:27 pm

കേരളത്തോടുള്ള അവഗണന; ജോര്‍ജ് കുര്യന്‍ മാപ്പ് പറയണമെന്ന് നേതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചതിനെ ന്യായീകരിച്ച കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെതിരെ വ്യാപക പ്രതിഷേധവുമായി നേതാക്കള്‍. കേരളത്തെ പരിഹസിച്ച ജോര്‍ജ് കുര്യന്റെ പരാമാര്‍ശത്തിനെതിരെ വ്യാപകമായ പ്രതിഷേധവുമായി ഭരണപക്ഷവും പ്രതിപക്ഷവും രംഗത്തെത്തി.

ജോര്‍ജ് കുര്യന്‍ കേരളത്തോട് മാപ്പ് പറയണമെന്നും കേന്ദ്രത്തിന് മുന്നില്‍ പിച്ചച്ചട്ടി നീട്ടി നില്‍ക്കാന്‍ സൗകര്യമില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. ഒരു കേന്ദ്രമന്ത്രി പറയാന്‍ പാടുള്ള കാര്യമാണോ ജോര്‍ജ് കുര്യന്‍ പറഞ്ഞതെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ ചോദിച്ചു.

ജോര്‍ജ് കുര്യന്റെ പ്രസ്താവന ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും ഫെഡറല്‍ സംവിധാനത്തെ വെല്ലുവിളിക്കുന്നതാണ് അദ്ദേഹത്തിന്റെ പരാമര്‍ശമെന്നും മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു.

കേന്ദ്രമന്ത്രിയുടെ പ്രസ്താവന കേരളത്തെ അപമാനിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. സംസ്ഥാനത്തെ അപമാനിച്ച മന്ത്രിക്ക് ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനും കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കും ഇതേ അഭിപ്രായം തന്നെയാണോയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിനെതിരായ ജോര്‍ജ് കുര്യന്റെ പ്രസ്താവന ദൗര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. കേരളത്തില്‍ നിന്നുമൊരു കേന്ദ്ര മന്ത്രിയുണ്ടായപ്പോള്‍ സംസ്ഥാനത്തിന് വേണ്ട ആനുകൂല്യങ്ങളെല്ലാം വാങ്ങി നല്‍കുമെന്നാണ് കരുതിയതെന്നും എന്നാല്‍ അദ്ദേഹത്തിന്റേത് തെറ്റായ സമീപനമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങളോട് ജോര്‍ജ് കുര്യന്‍ മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തെ ദരിദ്രമാക്കണമെന്നാണ് കേന്ദ്ര മന്ത്രിമാരുടെ ആഗ്രഹമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. ബി.ജെ.പി നേതാക്കള്‍ക്കുള്‍പ്പെടെ ഇതേ നിലപാടാണെന്നത് കേന്ദ്രമന്ത്രിയുടെ പ്രസ്താവനയില്‍ നിന്ന് വ്യക്തമാകുന്നുവെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

കേരളത്തോടുള്ള കേന്ദ്ര അവഗണനയെ ന്യായീകരിച്ച കേന്ദ്രമന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം ലജ്ജാകരമാണെന്ന് എ.എ റഹീം എം.പി പറഞ്ഞു. ജോര്‍ജ് കുര്യനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും കേന്ദ്ര മന്ത്രി പ്രസ്താവന പിന്‍വലിച്ച മാപ്പ് പറയണമെന്നും എ.എ റഹീം പറഞ്ഞു.

കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചാല്‍ അപ്പോള്‍ സഹായം നല്‍കാമെന്നായിരുന്നു ജോര്‍ജ് കുര്യന്റെ പ്രസ്താവന. കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചുവെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കവേയായിരുന്നു വിവാദ പരാമര്‍ശം. പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് സഹായം നല്‍കുന്നതെന്നും റോഡില്ല, വിദ്യാഭ്യാസമില്ല, അടിസ്ഥാന സൗകര്യങ്ങളുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം പുറകിലാണെന്ന് പറയണം. അങ്ങനെയാണെങ്കില്‍ കമ്മീഷന്‍ പരിശോധിച്ച് കേന്ദ്ര സര്‍ക്കാറിന് റിപ്പോര്‍ട്ട് കൈമാറാമെന്നുമായിരുന്നു ജോര്‍ജ് കുര്യന്‍ പറഞ്ഞത്.

Content Highlight: Neglect of Kerala; Leaders want George Kurian to apologize

Latest Stories

We use cookies to give you the best possible experience. Learn more